ഒരേ മേഖലയിൽ ഏതാണ്ടൊരേ കാലത്ത് വർഷങ്ങളോളം തിളങ്ങിനിന്നവരാണവർ - പി ഭാസ്കരനും വയലാർ രാമവർമ്മയും ശ്രീകുമാരൻ തമ്പിയും. സ്വാഭാവികമായും പരസ്പരം മത്സരിക്കാൻ വിധിക്കപ്പെട്ടവർ. പക്ഷേ പ്രൊഫഷണൽ വൈരത്തിനും സ്പർദ്ധക്കും ഈഗോയ്ക്കുമെല്ലാം അപ്പുറത്ത് ഈ മൂന്നു "പ്രതിയോഗികൾ'' നിലനിർത്തിപ്പോന്ന സൗഹൃദത്തിന്റേയും പാരസ്പര്യത്തിന്റെയും സംസാരിക്കുന്ന തെളിവ് കൂടിയായി മാറുന്നു നാലു പതിറ്റാണ്ട് മുൻപ്, 1975 ൽ സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫർ രമാമണി പകർത്തിയ ഈ അപൂർവ ചിത്രം.
വയലാറിന്റെ പേരിലുള്ള അവാർഡ് ഏറെ വൈകിയാണെങ്കിലും ശ്രീകുമാരൻ തമ്പിയെ തേടിയെത്തുമ്പോൾ ഈ ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രത്തിന് മാറ്റേറുന്നു. പോയി മറഞ്ഞ സ്നേഹസുരഭിലമായ ഒരു കാലത്തിന്റെ വീണ്ടെടുപ്പു കൂടിയായി മാറുന്നു അത്.
പടം പിറന്നുവീണ സന്ദർഭമേതെന്നു കൂടി അറിയുക: ഭാസ്കരൻ മാസ്റ്ററുടെ ചലച്ചിത്ര ഗാനരചനയുടെ രജതജൂബിലി വേള. ആഘോഷം സംഘടിപ്പിച്ചത് ശ്രീകുമാരൻ തമ്പിയും ഭാര്യയും ചേർന്ന്. മുഖ്യാതിഥികളിൽ ഒരാളായി സാക്ഷാൽ വയലാർ. "ഭാസ്കരൻ മാസ്റ്ററും വയലാറുമൊത്ത് ഈ പടത്തിനു വേണ്ടി പോസ് ചെയ്യുമ്പോൾ അതൊരു അവിസ്മരണീയ ചരിത്രരേഖയാകും എന്ന ചിന്തയൊന്നുമില്ല. ഞങ്ങൾ ഒരുമിച്ചുള്ള അത്യപൂർവം പടങ്ങളിൽ ഒന്നായിരിക്കും ഇത്. ആഹ്ലാദഭരിതമായ അന്നത്തെ ഒത്തുചേരലിന്റെ ഊഷ്മളത മുഴുവൻ ഞങ്ങളുടെ ചിരികളിൽ നിന്ന് വായിച്ചെടുക്കാം നിങ്ങൾക്ക്.''- ശ്രീകുമാരൻ തമ്പി.
ഗാനരചനയിൽ മുൻപേ നടന്ന മഹാപ്രതിഭയോട് ഒരു ഇളമുറക്കാരനുള്ള കടപ്പാടും സ്നേഹവും ആദരവും പ്രകടിപ്പിക്കാൻ തമ്പി കണ്ടെത്തിയ വഴിയായിരുന്നു ആ സ്വീകരണം. സമകാലീനനായ ഒരു ഗാനരചയിതാവിനെ ആദരിക്കാൻ വേണ്ടി മറ്റേതെങ്കിലും ഗാനരചയിതാവ് ഇത്തരത്തിലൊരു ചടങ്ങ് സംഘടിപ്പിച്ചിരിക്കില്ല അതിനു മുൻപോ പിൻപോ. താനുമായി അടുപ്പമുള്ള സിനിമാലോകത്തെ മിക്ക പ്രമുഖരേയും സ്വീകരണപരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നു തമ്പി. പ്രേംനസീർ, ജോസ് പ്രകാശ്, കെ പി ഉമ്മർ, അടൂർ ഭാസി, എം ബി ശ്രീനിവാസൻ, അർജുനൻ, എ ടി ഉമ്മർ, പി ലീല തുടങ്ങി ഒരു വൻ താരനിര തന്നെ ഭാസ്കരൻ മാസ്റ്റർക്ക് ആശംസകൾ അർപ്പിക്കാൻ എത്തി. ചടങ്ങിൽ വെച്ച് തമ്പി സമ്മാനിച്ച ഗജരാജ ശിൽപ്പം ഇന്നുമുണ്ട് മാസ്റ്ററുടെ വീട്ടിൽ.
തമ്പിയുടെ ആദ്യ കവിതാ സമാഹാരത്തിന് അവതാരിക എഴുതിയതും വയലാർ തന്നെ. പുതിയ എഴുത്തുകാരനെ അകമഴിഞ്ഞ് പ്രശംസിച്ചുകൊണ്ടായിരുന്നു ആ മുഖലേഖനം
ജീവിതത്തെ നിസ്സംഗതയോടെ കണ്ടയാളാണ് ഭാസ്കരൻ മാസ്റ്റർ എന്നോർക്കുന്നു തമ്പി. അമിതമായ ആഹ്ലാദ പ്രകടനം പതിവില്ല. ദുഖപ്രകടനവും. പക്ഷേ വയലാർ അങ്ങനെയല്ല. വൈകാരികമായാണ് എന്തിനെയും സമീപിക്കുക. ഒരു രാത്രി യാതൊരു പ്രകോപനവുമില്ലാതെ ഫോൺ വിളിച്ചു തന്നെ ശകാരിച്ച വയലാറിനെ കുറിച്ച് തമ്പി എഴുതിയിട്ടുണ്ട്. "എന്തിനെന്നു പോലും മനസ്സിലായില്ല എനിക്ക്. എന്നാൽ പിറ്റേന്ന് അതികാലത്ത് എന്നെ വിളിച്ചുണർത്തിയത് വയലാറാണ്. ഇന്നലെ പറഞ്ഞതെല്ലാം മറന്നുകള. ഇന്ന് എനിക്ക് ഊണ് നിങ്ങളുടെ വീട്ടിലാണ്.'' ഇത്രയും പറഞ്ഞു ഫോൺ താഴെ വെച്ചു അദ്ദേഹം. അന്ന് വീട്ടിൽ വന്നു ഞങ്ങളോടൊപ്പം മണിക്കൂറുകൾ ചെലവഴിച്ച വയലാർ തീർത്തും മറ്റൊരാളായിരുന്നു''. തമ്പിയുടെ ആദ്യ കവിതാ സമാഹാരത്തിന് അവതാരിക എഴുതിയതും വയലാർ തന്നെ. പുതിയ എഴുത്തുകാരനെ അകമഴിഞ്ഞ് പ്രശംസിച്ചുകൊണ്ടായിരുന്നു ആ മുഖലേഖനം.
1950 ലാണ് "ചന്ദ്രിക'' എന്ന ചിത്രത്തിലൂടെ ഗാനരചയിതാവായി മലയാള സിനിമയിൽ ഭാസ്കരന്റെ അരങ്ങേറ്റം. ആറു വർഷം കഴിഞ്ഞ് വയലാറും (കൂടപ്പിറപ്പ്) ഒരു ദശകത്തിന്റെ ഇടവേളക്ക് ശേഷം തമ്പിയും (കാട്ടുമല്ലിക) രംഗത്ത് വരുന്നു. ഭാസ്കരൻ മാസ്റ്ററുടെ പാട്ടുകൾ കേട്ടു വളർന്ന ബാല്യ കൗമാരങ്ങളാണ് തമ്പിയുടേത്. അതുകൊണ്ടു തന്നെ അദ്ദേഹത്തോട് വലിയ കടപ്പാടുമുണ്ട്. "ആകുലതകളുടെ അലമാലകളിൽ ഇളകിമറിഞ്ഞ എന്റെ കൗമാരമനസ്സിന് അഭയം നൽകിയ സാന്ത്വനസംഗീതം'' എന്ന് ഭാസ്കരനെ വിശേഷിപ്പിച്ചിട്ടുണ്ട് തമ്പി. "അദ്ദേഹത്തിന് കീഴിൽ ഒരു ദിവസം പോലും സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടില്ല ഞാൻ. എങ്കിലും ഗാനരചനയിലും ചലച്ചിത്ര സംവിധാനത്തിലും എന്റെ ഗുരുവാണ് മാസ്റ്റർ.'' തമ്പി എഴുതി.
പക്ഷേ സിനിമയിൽ വന്ന കാലത്ത് മാസ്റ്ററുമായി അടുത്തിടപഴകാൻ അവസരം ലഭിച്ചിരുന്നില്ല തമ്പിക്ക്. അതിനു വഴിയൊരുങ്ങിയത് തികച്ചും ആകസ്മികമായാണ്. "പാട്ടെഴുത്തുകാരനെന്ന നിലയിൽ എനിക്ക് തിരക്കേറിവരുന്ന സമയം. ടി ഇ വാസുദേവൻ സാറിന്റെ വീട്ടിൽ വെച്ച് ആയിടക്കൊരിക്കൽ കണ്ടപ്പോൾ അടൂർ ഭാസി എന്നോട് പറഞ്ഞു: തമ്പിയുടെ പാട്ടുകളെ കുറിച്ച് ഭാസ്കരന് നല്ല മതിപ്പാണല്ലോ? കാര്യമറിഞ്ഞപ്പോൾ സന്തോഷവും അഭിമാനവും തോന്നി എനിക്ക്. ഭാസ്കരൻ മാസ്റ്റർ, ശോഭന പരമേശ്വരൻ നായർ, അടൂർ ഭാസി എന്നിവരൊക്കെ വലിയ കൂട്ടാണ് അന്ന്. ഇടയ്ക്കിടെ അവർ രൂപവാണി ഓഫീസിൽ സമ്മേളിക്കും. ലഹരിയുടെ അകമ്പടിയോടെ പാട്ടുപാടലും സൊറ പറച്ചിലുമൊക്കെയുണ്ടാകും അത്തരം നിശാ കൂട്ടായ്‍മകളിൽ. തലേന്ന് രാത്രി മാസ്റ്റർ കൂട്ടുകാർക്കിടയിൽ ഇരുന്ന് രസിച്ചു പാടിയത് അശ്വതി നക്ഷത്രമേ എന്ന എന്റെ പാട്ടായിരുന്നുവത്രെ. കഴിവുള്ള പുതിയൊരു ചെറുപ്പക്കാരന്റെ പാട്ട് എന്ന ആമുഖത്തോടെയാണ് മാഷ് അത് പാടിയത്... എന്നിലെ തുടക്കക്കാരനായ ഗാനരചയിതാവിന് വലിയൊരു അംഗീകാരവും പ്രോത്സാഹനവുമായിരുന്നു ആ അറിവ്.''
സുദീർഘമായ ഒരു സൗഹൃദത്തിന്റെ തുടക്കം. തൊട്ടടുത്ത വർഷം തന്നെ (1970) തമ്പിയുടെ ആദ്യ നോവൽ ``കാക്കത്തമ്പുരാട്ടി'' എന്ന പേരിൽ സിനിമയാക്കി ഭാസ്കരൻ. താൻ സംവിധാനം ചെയ്ത ഏഴ് ചിത്രങ്ങൾക്ക് കൂടി തമ്പിയെ കൊണ്ട് തിരക്കഥയെഴുതിച്ചു- വിലയ്ക്കു വാങ്ങിയ വീണ, ഉദയം, ആറടി മണ്ണിന്റെ ജന്മി, ചുമടുതാങ്ങി, വഴിവിളക്ക്, മറ്റൊരു സീത, വീണ്ടും പ്രഭാതം. ഈ ചിത്രങ്ങളിൽ പലതിലും ``പ്രതിയോഗി''യെ കൊണ്ട് പാട്ടെഴുതിക്കാൻ വരെ തയ്യാറായി മാസ്റ്റർ. ആ പാട്ടുകൾ എല്ലാം ഹിറ്റായിരുന്നു താനും: അമ്പലപ്പുഴ വേല കണ്ടു, വെള്ളിലക്കിങ്ങിണി താഴ്വരയിൽ (കാക്കത്തമ്പുരാട്ടി), സുഖമെവിടെ ദുഃഖമെവിടെ, അവൾ ചിരിച്ചാൽ മുത്തു ചിതറും, ദേവഗായകനെ ദൈവം ശപിച്ചു (വിലയ്ക്കു വാങ്ങിയ വീണ), എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ (ഉദയം). ``മദിരാശിയിൽ സുഹൃത്തുക്കളായി പ്രഗത്ഭരായ ഒട്ടേറെ ആർക്കിടെക്റ്റുകൾ ഉണ്ടായിരുന്നിട്ടും മാഷിന് വേണ്ടി ഒരു വീട് ഡിസൈൻ ചെയ്തു നിർമ്മിക്കാൻ അദ്ദേഹം ചുമതലപ്പെടുത്തിയത് എന്നെയാണ്.''- തമ്പി.
അപൂർവ പ്രതിഭാശാലികളെങ്കിലും വ്യക്തിപരമായി പല ദൗർബല്യങ്ങളുമുള്ള സാധാരണ മനുഷ്യർ തന്നെയായിരുന്നു ഇപ്പറഞ്ഞവരെല്ലാം. മത്സരബുദ്ധിയും വേണ്ടുവോളം ഉണ്ടായിരുന്നു അവർക്കിടയിൽ
സിനിമയിൽ ഇങ്ങനെയും ഒരു കാലമുണ്ടായിരുന്നു എന്ന് നമ്മെ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുന്നു ഇതുപോലുള്ള ആർദ്രമായ സ്നേഹചിത്രങ്ങൾ. അപൂർവ പ്രതിഭാശാലികളെങ്കിലും വ്യക്തിപരമായി പല ദൗർബല്യങ്ങളുമുള്ള സാധാരണ മനുഷ്യർ തന്നെയായിരുന്നു ഇപ്പറഞ്ഞവരെല്ലാം. മത്സരബുദ്ധിയും വേണ്ടുവോളം ഉണ്ടായിരുന്നു അവർക്കിടയിൽ. സിനിമയെ പോലൊരു മേഖലയിൽ നിലനിൽപ്പിന് അത് അത്യാവശ്യമാണ് താനും. പക്ഷേ നല്ലൊരു സൃഷ്ടി, അത് എതിരാളികൾ ചെയ്താലും അംഗീകരിക്കാനുള്ള വിശാലമായ മനസ്സുണ്ടായിരുന്നു അവരിൽ പലർക്കും. ഇന്ന് നമ്മുടെ സിനിമാലോകത്തു നിന്നും സംഗീത ലോകത്തു നിന്നും സാവധാനം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതും അത്തരം സ്നേഹമുദ്രകൾ തന്നെ.
"ഭാസ്കരൻ മാസ്റ്ററും വയലാറും ഇന്നില്ല. പടമെടുത്ത രമാമണിയും ഓർമ്മയായി. ഞാൻ മാത്രം ബാക്കി. പക്ഷേ സ്നേഹസുരഭിലമായ ആ നിമിഷങ്ങൾക്ക് മരണമില്ല. എന്റെ ഓർമ്മയിൽ ഇന്നും ജീവിക്കുന്നു അവ. കാലത്തിന് പോറൽ പോലും ഏൽപ്പിക്കാനാകാതെ.'' ശ്രീകുമാരൻ തമ്പി.