ENTERTAINMENT

എംജിആര്‍ കെെപിടിച്ചുകൊണ്ടുവന്ന പുരട്ച്ചി തലെെവി; മരണത്തിലും തുടര്‍ന്ന ദുരൂഹത

പുരട്ച്ചി തലെെവി, തമിഴകത്തിന്‍റെ അമ്മ ജെ ജയലളിത അന്തരിച്ചിട്ട് ഡിസംബർ 5 ന് 7 വര്‍ഷം തികയുകയാണ്.

ഗ്രീഷ്മ എസ് നായർ

പുരട്ച്ചി തലൈവി ജയലളിത, തമിഴകത്തിന്റെ അമ്മ, അധികാരം അതിന്റെ എല്ലാ സാധ്യതകളോടെയും ഉപയോഗിച്ച, ദുരുപയോഗം ചെയ്ത ഭരണാധികാരി. മുഖ്യമന്ത്രി പദത്തിലിരിക്കുമ്പോൾ മരിച്ചിട്ട് പോലും, ആ മരണത്തിൽ ഇന്നും ദുരൂഹത അവശേഷിക്കുന്നു എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. 2016 സെപ്തംബറിലാണ് ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജയലളിതയെ കിടത്തിയ ആ ഫ്ളോർ മുഴുവൻ അന്ന് തന്നെ ഒഴിപ്പിക്കപ്പെട്ടു. ജയലളിതയുടെ തോഴി എന്ന് വിളിക്കപ്പെട്ട ശശികല മാത്രമാണ് ആ നാളുകളിൽ ജയലളിതയെ കണ്ടത്.

ഇടക്കാല മുഖ്യമന്ത്രി പദത്തിലിരുന്ന ഒ പനീർശെൽവം പോലും ആശുപത്രിയിൽ ജയലളിതയെ കണ്ടിരുന്നോ എന്ന് ഇന്നും വ്യക്തമല്ല. ഡിസംബർ 5 ന് രാത്രി 11.30 ടെയാണ് ആശുപത്രി അധികൃതർ ജയലളിതയുടെ മരണം സ്ഥിരീകരിക്കുന്നത്. എന്നാൽ അതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ ജയലളിത മരിച്ചതായും ആശുപത്രി അധികൃതരും ശശികലയും മരണവിവരം മറച്ചുവെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഡിഎംകെ അധികാരത്തിലെത്തിയാൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തതയുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ജയലളിതയുടെ രോഗവിവരങ്ങൾ ഇന്നും അജ്ഞാതമായി തുടരുകയാണ്.

കുമുദത്തിലെ ജീവിതകഥ

പഠനത്തിൽ മിടുക്കിയായിരുന്നു ജയലളിത, പ്രീഡിഗ്രിക്ക് ചേർന്നയുടനെയാണ് അമ്മയുടെ നിർബന്ധത്താൽ സിനിമയിലെത്തുന്നത്. പിന്നീട് പഠനം തുടരാനായില്ലെങ്കിലും വായനാശീലം ജയലളിത ഒരു വാശി പോലെ ഒപ്പം കൂട്ടി. സിനിമ സെറ്റുകളിൽ പോലും ജയലളിതയ്ക്ക് കൂട്ട് പുസ്തകങ്ങളായിരുന്നു. 1964 ൽ സിനിമയിലെത്തിയ ജയലളിതയ്ക്ക് പത്തുവർഷത്തെ അപ്രമാദിത്തതിന് ശേഷം തിരൈയുലകത്തിൽ തിരക്ക് കുറഞ്ഞു.

നദിയെ തേടി വന്ന കടലെന്ന അവസാന സിനിമ ബോക്സ് ഓഫീസിൽ വൻപരാജയമായി. ഇതിനിടെ 1976 ൽ തമിഴ് വാരികയായ കുമുദത്തിൽ ജയലളിത ജീവിത കഥ എഴുതിത്തുടങ്ങി. ബാല്യവും കൗമാരവും കടന്ന് സിനിമയിലെത്തിയ കാലം വരെയുള്ള പംക്തി പ്രസിദ്ധീകരിക്കപ്പെട്ടു. എംജിആറിനെ കണ്ടതുമുതലുള്ള ഭാഗം എഴുതാൻ തുടങ്ങുന്നതിന് തൊട്ടുമുൻപ് ആ പംക്തി നിർത്തലാക്കി. എംജിആർ വിലക്കിയെന്നും തടഞ്ഞതാണെന്നുമുള്ള കഥകൾ പ്രചരിച്ചെങ്കിലും പതിവുപോലെ ജയലളിതയോ എംജിആറോ ഇരുവരോടും അടുപ്പമുള്ളവരോ അതിനെക്കുറിച്ച് പ്രതികരിച്ചില്ല.

എംജിആർ- ജയലളിത

പുരട്ച്ചി തലൈവർ എംജിആറിന്റെ പിൻഗാമിയായി തമിഴകത്തിന്റെ പുരട്ച്ചി തലൈവിയായി മാറിയ ജയലളിതയ്ക്ക് അദ്ദേഹവുമായുള്ള ബന്ധമെന്തായിരുന്നു? തമിഴകം മാത്രമല്ല ഇന്ത്യ തന്നെ ചർച്ച ചെയ്ത വിഷയം. 'He was dominating my life entirely, My Amma and MGR both of them were the major influencers in my life' മുഖ്യമന്ത്രിയായിരുന്ന കാലത്ത് നൽകിയ ഒരു അഭിമുഖത്തിൽ ജയലളിത അമ്മയേയും എംജിആറിനെയും കുറിച്ച് പറഞ്ഞ വാക്കുകൾ. മാത്രമല്ല മികച്ച പ്രാസംഗികയായ ജയലളിത ഓരോ തവണയും ജനങ്ങളോട് സംസാരിക്കുമ്പോൾ ആ പ്രസംഗം ആരംഭിക്കുക ഇങ്ങനെയാണ്, 'എന്നെ വാഴവയ്ക്കും ദൈവങ്ങളാകിയ തായ്മാറുകളേ, പുരട്ച്ചി തലൈവർ എംജിആറിന്റെ രത്തത്തിൻ രത്തമാനാ, എൻ ഉയിരിനും മേലാനാ ഉടൻപിറപ്പുകളേ ...'

പക്ഷേ അവർ തമ്മിലുള്ള ബന്ധം അത്ര ഊഷ്മളമായിരുന്നില്ലെന്നാണ് തമിഴകത്തെ മുതിർന്ന മാധ്യമപ്രവർത്തകരും എംജിആറിനേയും ജയലളിതയേയും അടുത്തറിഞ്ഞ ജയകാന്തനെ പോലുള്ളവരും പിന്നീട് പറഞ്ഞത്. അതിന് അവർ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങൾ ഇതൊക്കെയാണ്. എംജിആർ ചികിത്സയ്ക്കായി അമേരിക്കയിൽ പോയ സമയത്ത് ജയലളിത, എംജിആറിനെതിരെ രാജീവ് ഗാന്ധിക്ക് കത്തെഴുതി (ആ കത്ത് പിന്നീട് പുറത്തുവന്നു, കരുണാനിധി രാഷ്ട്രീയമായി ഉപയോഗിച്ചു). ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ എംജിആർ മരിക്കുന്നതിന് മൂന്നുമാസം മുൻപ് ജയലളിതയെ പാർട്ടിയിലെ എല്ലാ പദവിയിൽ നിന്നും നീക്കി, പാർട്ടി പ്രവർത്തകർക്ക് ജയലളിതയുമായി ഒരു ബന്ധവും പാടില്ലെന്നും പാർട്ടി മുഖപത്രമായ അണ്ണാ പത്രികയിലൂടെ അണ്ണാഡിഎംകെയുടെ പേരിൽ പത്രക്കുറിപ്പ് ഇറക്കി. എന്നാൽ എംജിആറിന്റെ പേരിൽ പത്രക്കുറിപ്പ് ഇറക്കിയത് എംജിആറിന്റെ അനുയായി ആർഎം വീരപ്പനാണെന്ന വാദവുമുണ്ട്. ഇക്കാര്യത്തിലും വ്യക്തതയില്ല.

സുഹൃത്തുക്കളായിരുന്ന കരുണാനിധിയും എംജിആറും പിരിഞ്ഞ ശേഷം ഡിഎംകെയേയും കരുണാനിധിയെ നേരിടാനാണ് എംജിആർ ജയലളിതയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നത്. എന്നിട്ടും എംജിആർ സംരക്ഷിച്ചില്ലെന്ന ദേഷ്യം ജയലളിതയ്ക്കുണ്ടായിരുന്നെന്നും വിലയിരുത്തപ്പെടുന്നു. ജയലളിതയെ പാർട്ടി പദവികളിൽ നിന്ന് നീക്കി മൂന്ന് മാസത്തിന് ശേഷം എംജിആർ അന്തരിച്ചു. ശവപേടകത്തിൽ നിന്ന് ഇറക്കിവിട്ടതടക്കമുള്ള നാടകങ്ങൾക്കും നാണംകെടലുകൾക്കുമൊടുവിൽ പത്ത് ദിവസത്തിന് ശേഷം ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ എംജിആറിന്റെ മരണത്തെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തോട് 'എന്നെ സുട്രി ഇറുത്ത നിർബന്ധം ഒഴിന്തത്' ( എന്നെ ചുറ്റിയിരുന്ന നിർബന്ധം ഒഴിഞ്ഞു) എന്ന് ജയലളിത പ്രതികരിച്ചു. ഇത് എംജിആറിനോടുള്ള ജയലളിതയുടെ യഥാർത്ഥ മനോഭാവം ആയിരുന്നെന്നും അതല്ല എംജിആറിന്റെ മരണത്തോടെ ഒറ്റപ്പെട്ടുപോയതിൽ നിന്നും വിഷാദത്തിൽ നിന്നുണ്ടായ പ്രതികരണമായൊക്കെ കരുതപ്പെടുന്നു.

എംജിആറിന് വേണ്ടിയാണെങ്കിൽ കൂടി, രാഷ്ട്രീയത്തിലെത്തിയ ശേഷമുണ്ടായ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ജയലളിത എംജിആറിന്റെ ജനപ്രീതി ഉപയോഗപ്പെടുത്താൻ തീരുമാനിച്ചിടത്താണ് ഈ ഭിന്നതകൾ പുറം ലോകം അറിയാതിരുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പഠിച്ച് നല്ലൊരു ജോലി ചെയ്യാൻ ആഗ്രഹിച്ച ജയലളിതയെ അവർക്ക് ഇഷ്ടമില്ലാത്ത മേഖലകളിലേക്ക് എത്തിച്ചതും തളച്ചിട്ടതും അമ്മയും എംജിആറുമായിരുന്നു. അത് ജയലളിതയുടെ വാക്കുകളിലുണ്ടായിരുന്നെന്ന് വേണം കരുതാൻ.

ഈ പ്രതിസന്ധികളെയൊക്കെ താണ്ടി പലതവണ തമിഴകത്തിന്റെ മുഖ്യമന്ത്രിയായി ജയലളിത. ഒരുഘട്ടത്തിൽ കേന്ദ്രഭരണം വരെ നിയന്ത്രിക്കുന്ന വനിതയായി മാറിയിരുന്നു അവർ.

വാജ്പേയിക്ക് ജയലളിതയുടെ 'ലൗ ലെറ്റർ'

1998 ൽ തെരഞ്ഞെടുപ്പ് ജയിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും സർക്കാരുണ്ടാക്കാൻ വാജ്പേയ് അവകാശവാദം ഉന്നയിച്ചില്ല. ഇതിനെ കുറിച്ച് ചോദിച്ച ബാൽ താക്കറെയോട് വാജ്പേയ് പറഞ്ഞു 'ദ ലവ് ലെറ്റർ ഹാസ് നോട്ട് കം ഫ്രം ചെന്നൈ' ( തമിഴ്നാട്ടിൽ നിന്നുള്ള പിന്തുണ വന്നിട്ടില്ല ). പിറ്റേദിവസം വൈകിട്ട് തന്നെ ജയലളിത എൻഡിഎ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ ആ ബന്ധം അധികകാലം പോയില്ല. 13 മാസത്തിനപ്പുറം കരുണാനിധി നൽകിയ അനധികൃത സ്വത്ത് സമ്പാദന കേസ് അടക്കമുള്ള അഴിമതി കേസുകൾ റദ്ദാക്കാത്തതിനാലും തമിഴ്നാട്ടിലെ ഡിഎംകെ സർക്കാർ പിരിച്ചുവിടാത്തതിനാലും എഐഡിഎംകെ കേന്ദ്രസർക്കാരിന് നൽകിയ പിന്തുണ പിൻവലിച്ചു. അവിശ്വാസ പ്രമേയത്തെ നേരിട്ട സർക്കാർ ഒരു വോട്ടിന് പരാജയപ്പെട്ടു. വാജ്‌പേയ് സർക്കാർ വീണു.

കർണാടകയിലെ തമിഴ് ബ്രാഹ്‌മണ കുടുംബത്തിൽ ജനിച്ചിട്ടും ദ്രവീഡിയ സംസ്‌കാരം മുറുകെ പിടിക്കുന്ന ഒരു ജനതയെ അവരുടെ പുരട്ച്ചി തലൈവിയായി നയിച്ചു. ഏതാണ്ട് 35 വർഷം എംജിആറിനും കരുണാനിധിക്കുമൊപ്പം തമിഴകം ചേർത്തുവയ്ക്കുന്ന പേരായി മാറി ജയലളിത. രാഷ്ട്രീയ വൈരാഗ്യം ഏറ്റവും മോശമായി ഉപയോഗിക്കപ്പെട്ടതും കരുണാനിധിയുടേയും ജയലളിതയുടേയും കാലത്താണ്. കരുണാനിധി അധികാരത്തിലിരുന്നപ്പോൾ ജയലളിതയും ജയലളിത അധികാരത്തിലിരുന്നപ്പോൾ കരുണാനിധിയും അറസ്റ്റ് ചെയ്യപ്പെട്ടു. കരുണാനിധിയുടെ അറസ്റ്റ് ഡിഎംകെയ്ക്ക് രാഷ്ട്രീയമായി നേട്ടമായി. എന്നാൽ ജയലളിതയ്ക്കെതിരെ കരുണാനിധി നൽകിയ അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിൽവാസവും പദവി നഷ്ടവും നേരിടേണ്ടി വന്ന ജയലളിതയ്ക്ക് ജീവൻ നഷ്ടപ്പെട്ടതും ആ കേസ് നിലനിൽക്കെയാണ്. പിന്നീട് അതേ അനധികൃത സ്വത്ത്‌സമ്പാദന കേസിലാണ് ശശികല ശിക്ഷിക്കപ്പെട്ടതും

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി