തെന്നിന്ത്യന്‍ താരം അല്ലു അർജുന്‍ മുഖ്യകഥാപാത്രത്തിലെത്തിയ 'പുഷ്പ-ദ റൈസ്' എന്ന ചിത്രം തന്റെ കരിയറില്‍ സ്വാധീനം ചെലുത്തിയിട്ടില്ലെന്ന് ഫഹദ് ഫാസില്‍. ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്. പോലീസ് ഉദ്യോഗസ്ഥൻ ഭന്‍വർ സിങ് ഷെഖാവത്തായി സ്ക്രീനിലെത്തിയ ഫഹദ് വലിയ കയ്യടിയും നേടിയിരുന്നു. പുഷ്പയുടെ സംവിധായകന്‍ സുകുമാറിനോടും ഇക്കാര്യം പങ്കുവെച്ചിട്ടുണ്ടെന്ന് ഫിലം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് വെളിപ്പെടുത്തി.
തനിക്ക് ഇക്കാര്യം മറച്ചുവെക്കേണ്ട കാര്യമില്ലെന്നും മലയാള സിനിമയില്‍ ജോലി ചെയ്യുന്നതാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്നും ഫഹദ് കൂട്ടിച്ചേർത്തു. "പുഷ്പയ്ക്ക് ശേഷം തന്നില്‍ നിന്ന് എല്ലാവരും ഒരു മാജിക് പ്രതീക്ഷിക്കുന്നുണ്ട്. സുകുമാറിനോടുള്ള സ്നേഹവും സഹകരണവുമാണ് പുഷ്പ. എന്റെ അഭിനയജീവിതം മലയാള സിനിമയിലാണ്," ഫഹദ് വ്യക്തമാക്കി.
താന്‍ മികച്ച നടനാണെന്ന് പ്രേക്ഷകർ പറയുന്നതിന്റെ പിന്നിലെന്താണെന്ന് മനസിലാകുന്നില്ലെന്നും ഫഹദ് പറഞ്ഞു. "വിക്കി കൗശല്‍ പതിറ്റാണ്ടിന്റെ കണ്ടെത്തലാണ്. രാജ്‌കുമാർ റാവു എക്കാലത്തെയും മികച്ച നടന്മാരിലൊരാളാണ്. കുമ്പളങ്ങി നൈറ്റ്‍സ്, ട്രാന്‍സ് എന്നീ മലയാള ചിത്രങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യത ഞെട്ടിക്കുന്നതായിരുന്നു," ഫഹദ് പറഞ്ഞു.
തന്നെ 'പാന്‍ ഇന്ത്യ'ന്‍ നടന്‍ എന്ന് വിശേഷിപ്പിക്കുന്നതിനോടും ഫഹദ് പ്രതികരിച്ചു. താന്‍ വെറുമൊരു നടനാണെന്നും 'പാന്‍ ഇന്ത്യ'യുമായി യാതൊരു ബന്ധവുമില്ലെന്നും ഫഹദ് പറഞ്ഞു. "മലയാളത്തില്‍ ചെയ്യുന്നപോലുള്ള ചിത്രങ്ങള്‍ മറ്റെവിടെയും ചെയ്യാന്‍ കഴിയില്ല. സിനിമകള്‍ കണ്ട് കരണ്‍ ജോഹർ, വിക്കി കൗശല്‍, രാജ്‌കുമാർ റാവു എന്നിവരൊക്കെ വിളിച്ചിട്ടുണ്ട്. ഈ ഒരു ബോണ്ടിനെയാണ് ഞാന്‍ 'പാന്‍ ഇന്ത്യ'യായി കണക്കാക്കുന്നത്. ഞാന്‍ ഇത് ആസ്വദിക്കുന്നു," ഫഹദ് വ്യക്തമാക്കി.