ENTERTAINMENT

രാമലീല മുതല്‍ പവി കെയര്‍ടേക്കര്‍ വരെ; രാധിക ശരത് കുമാര്‍ പറഞ്ഞ സിനിമ സെറ്റ് ഏത്? അണിയറ പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

കാരവാനില്‍ ഒളിക്യാമറവച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഏത് സെറ്റിലാണെന്ന് രാധിക വ്യക്തമാക്കണമെന്ന് അടുത്തിടെ അവർ അഭിനയിച്ച നാല് സിനിമകളുടെ അണിയറപ്രവർത്തകർ

ഗ്രീഷ്മ എസ് നായർ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെയുണ്ടായ തരംഗത്തില്‍ മലയാള സിനിമ സെറ്റുകളില്‍ സ്ത്രീകളുടെ സുരക്ഷിതത്വം ചോദ്യചിഹ്നമായി തുടരുന്നതിനിടെയാണ് തെന്നിന്ത്യന്‍ താരം രാധിക ശരത് കുമാർ ഏറ്റവും ഗുരുതരമായ ആരോപണം ഉന്നയിക്കുന്നത്. നടിമാര്‍ ഉപയോഗിക്കുന്ന കാരവാനില്‍ ഒളിക്യാമറവെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്നു, അവ ഫോണില്‍ കണ്ട് രസിക്കുന്ന അഭിനേതാക്കളെ കണ്ടു എന്നാണ് രാധികയുടെ ആരോപണം.

എഴുപതുകളുടെ അവസാനത്തില്‍ മലയാള സിനിമയിലെത്തിയ രാധിക അവസാനമായി അഭിനയിച്ച നാല് ചിത്രങ്ങളാണ് രാമലീല, ഇട്ടിമാണി: മെയ്‌ഡ് ഇൻ ചൈന, ഗാംബിനോസ്, പവി കെയര്‍ ടേക്കര്‍ എന്നിവ. കാരവന്‍ സംസ്‌കാരം മലയാളത്തില്‍ സജീവമായ ശേഷം രാധിക അഭിനയിച്ച ചിത്രങ്ങളെന്ന നിലയില്‍, രാധിക ഉന്നയിച്ച ആരോപണങ്ങളില്‍ ഈ ചിത്രങ്ങളുടെ സംവിധായകരും നിര്‍മാതാവും തിരക്കഥാകൃത്തും  പ്രതികരിക്കുന്നു.

ആ ചിത്രം രാമലീലയല്ല: നിർമാതാവ്

രാമലീലയുടെ സെറ്റില്‍വെച്ച് എന്തെങ്കിലും മോശം അനുഭവമുണ്ടായതായി രാധിക പറഞ്ഞിട്ടില്ലെന്ന് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം. തന്‌റെ എല്ലാ സെറ്റുകളും ഒരു കുടുംബം പോലെ, എല്ലാവരും തമ്മില്‍ സൗഹൃദത്തോടെയാണ് പോയിട്ടുള്ളത്. രാമലീലയില്‍ അമ്മ കഥാപാത്രം ചെയ്ത രാധികയോട് എല്ലാവരും ബഹുമാനത്തോടെയാണ് പെരുമാറിയിട്ടുള്ളതെന്നാണ് മനസിലാക്കുന്നത്. അതുകൊണ്ട് തന്നെ രാധിക പറഞ്ഞത് രാമലീലയെ കുറിച്ചാണെന്ന് തോന്നുന്നില്ല.

രാമലീലയില്‍ സ്ത്രീ കഥാപാത്രങ്ങള്‍ കുറവായിരുന്നു. ആ സെറ്റില്‍ അങ്ങനെ എന്തെങ്കിലും അനുഭവമുണ്ടായെങ്കില്‍ അവര്‍ പിന്നീട് ദിലീപ് ചിത്രത്തില്‍ അഭിനയിക്കുമായിരുന്നില്ലല്ലോ? അവര്‍ എഴുപതുകള്‍ മുതല്‍ മലയാളസിനിമയുടെ ഭാഗമാണല്ലോ. അപ്പോഴുള്ള ഏതെങ്കിലും ചിത്രമാണോയെന്ന് അറിയില്ല, ഏത് സെറ്റിലാണെന്ന് രാധിക തന്നെ പറയണമെന്നും ടോമിച്ചന്‍ മുളകുപാടം.

'ഇട്ടിമാണി: മെയ്‌ഡ് ഇൻ ചൈന' എന്ന സിനിമയിൽനിന്ന്

'ലാലേട്ടനുള്ള സെറ്റില്‍ ആരെങ്കിലും ധൈര്യപ്പെടുമോ?'

ഒരിക്കലും ഇട്ടിമാണിയുടെ സെറ്റില്‍ അല്ലെന്ന് ഉറപ്പിച്ച് പറയാനാകുമെന്ന് സംവിധായകരായ ജിബിയും ജോജുവും.
'നവാഗത സംവിധായകരെന്ന നിലയില്‍ ഏറെ ശ്രദ്ധപുലര്‍ത്തിയിരുന്നു. മാത്രമല്ല ആശിര്‍വാദിന്‌റെയും ലാലേട്ടന്‌റെയും ചിത്രത്തിന്‌റെയൊക്കെ സെറ്റില്‍ ആരും ഇതിനൊന്നും ധൈര്യപ്പെടുക പോലുമില്ല.

ലളിതാമ്മ, രാധികച്ചേച്ചി, ഹണി റോസ്, സ്വാസിക ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ആ സെറ്റിലുണ്ടായിരുന്നു. എന്തെങ്കിലും മോശം അനുഭവമുണ്ടായതായി ആരും അന്നും ഇന്നും പറഞ്ഞിട്ടില്ല. ഏത് സെറ്റിലാണെന്ന കാര്യം ഇനി പറയേണ്ടത് രാധിക ചേച്ചി തന്നെയാണ്.

ഗുരുതര ആരോപണം, ഏത് സെറ്റിലാണെന്ന് പറയണം: വിനീത് കുമാര്‍

രാധിക ഉന്നയിച്ച ആരോപണം ഗുരുതമാണമെന്നും സംഭവം നടന്നത് ഏത് സെറ്റിലാണെന്ന് അവർ പറയണമെന്നും പവി കെയര്‍ ടേക്കറിന്‌റെ സംവിധായകന്‍ വിനീത് കുമാര്‍.

കാരവന്‍ വന്നശേഷമാണ് സെറ്റുകളിൽ വസ്ത്രം മാറുന്നതൊക്കെ കംഫര്‍ട്ടബിളായി തുടങ്ങിയത്. അവിടെ തന്നെ ഇങ്ങനെ പ്രശ്‌നമുണ്ടെന്ന് കേള്‍ക്കുമ്പോള്‍ വിശ്വസിക്കാനാകുന്നില്ല. പവി കെയര്‍ ടേക്കറിന്‌റെ സെറ്റില്‍ അല്ലെന്ന് എനിക്ക് പറയാനാകും. പക്ഷേ അതല്ലല്ലോ പ്രശ്‌നം. രാധിക ചേച്ചിയെ പോലെ ഇത്രയും മുതിര്‍ന്ന അഭിനേത്രി എന്ന നിലയില്‍ ഏത് സെറ്റിലാണെന്ന് പറയേണ്ട ഉത്തരവാദിത്വം ചേച്ചിക്കുണ്ട്. എല്ലാവരെയും സംശയത്തിന്‌റെ നിഴലിലാക്കരുത്.

പറയുന്നതുപോലെ നടന്നിട്ടുണ്ടെങ്കിൽ അത് സ്ത്രീകളുടെ മാത്രം പ്രശ്‌നമല്ല, ജെന്‍ഡര്‍ അല്ല ഇവിടെ പ്രശ്‌നം സ്വകാര്യതയാണ്. അത് എല്ലാവര്‍ക്കും ഒരുപോലെയാണ്. അതുകൊണ്ട് തെളിവ് സഹിതം ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാണ് പറയാനുള്ളത്.

പവി കെയര്‍ ടേക്കര്‍ സെറ്റില്‍ പ്രശ്‌നമുണ്ടായിട്ടില്ലെന്ന് പറയാന്‍ മറ്റൊരു കാരണം കൂടിയുണ്ട്, ചിത്രീകരണം പൂര്‍ത്തിയാക്കി മടങ്ങിയശേഷം എഡിറ്റ് കഴിഞ്ഞും ഒരു ഭാഗം വീണ്ടും എടുക്കേണ്ടി വന്നു. അന്ന് അത് വിളിച്ചു പറഞ്ഞപ്പോഴും അധിക പ്രതിഫലം പോലും ആവശ്യപ്പെടാതെ വന്ന് ചെയ്തിട്ടുപോയ ആളാണ് ചേച്ചി. എന്തെങ്കിലും മോശം അനുഭവമുണ്ടായ ഒരു സെറ്റിലേക്ക് അവരെ പോലെ മുതിര്‍ന്ന അഭിനേത്രി മടങ്ങി വരുമെന്ന് കരുതുന്നില്ല. അസാധ്യ കലാകാരിയാണ്. അവരോടൊപ്പം സിനിമ ചെയ്യാനായതില്‍ സന്തോഷവുമുണ്ട്. പക്ഷേ ആരോപണങ്ങളില്‍ വ്യക്തത വരുത്തണം.

'ഗാംബിനോസില്‍ നിന്ന് മടങ്ങിയത് സന്തോഷത്തോടെ'

ഗാംബിനോസ് ചിത്രത്തിന്‌റെ സെറ്റില്‍നിന്ന് രാധിക മടങ്ങിയത് സന്തോഷത്തോടെയെന്നും അവിടെ എന്തെങ്കിലും മോശം അനുഭവമുണ്ടായതായി അറിവില്ലെന്നും തിരക്കഥാകൃത്ത് സക്കീര്‍ മഠത്തില്‍ പ്രതികരിച്ചു.

രാധിക ചേച്ചി 25 ദിവസം ഗാംബിനോസിന്‌റെ സെറ്റിലുണ്ടായിരുന്നു. കോഴിക്കോടായിരുന്നു ചിത്രീകരണം. അവിടെ എന്തെങ്കിലും മോശം അനുഭവം ഉണ്ടായിട്ടുണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ അറിയില്ലേ? മുഴുവന്‍ സമയവും സെറ്റിലുണ്ടാകാറുള്ള ആളാണ് ഞാന്‍. തമിഴില്‍നിന്ന് സമ്പത്ത് രാജും വിനയന്‌റെ മകന്‍ വിഷ്ണുവും ആ ചിത്രത്തിലുണ്ടായിരുന്നു.

ആ ചിത്രത്തിനുശേഷം ഇട്ടിമാണിയുടെ ലൊക്കേഷനില്‍ പോയി മറ്റൊരു കഥ പറഞ്ഞിരുന്നു, സ്‌ക്രിപ്റ്റും നല്‍കിയിരുന്നു. പിന്നീട് അവര്‍ തിരഞ്ഞെടുപ്പ് തിരക്കിലേക്കു തിരിഞ്ഞതിനാല്‍ ആ പ്രൊജക്റ്റ് നടന്നില്ല. എന്തെങ്കിലും മോശം അനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ ഒരിക്കല്‍ കൂടി സഹകരിക്കാന്‍ അവർ തയാറാകുമോ? ഏത് സെറ്റാണെന്ന് രാധിക തന്നെ വ്യക്തമാക്കുന്നതാണ് നല്ലത്.  

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍