മമ്മൂട്ടി കമ്പനിയില്‍ നിന്നും അടുത്തതായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ടര്‍ബോ. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുക്കിയ ബ്രമയുഗത്തിന് ശേഷം മമ്മൂട്ടിയുടെ മാസ് സിനിമയിറങ്ങുന്ന ആവേശത്തിലാണ് പ്രേക്ഷകര്‍. ഈ അവസരത്തില്‍ ടര്‍ബോയിലെ അഭിനയത്തെക്കുറിച്ചും മമ്മൂട്ടിയ്‌ക്കൊപ്പമുള്ള അഭിനയത്തെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് കന്നഡ താരം രാജ് ബി ഷെട്ടി.
മമ്മൂട്ടി ഈ പ്രായത്തിലും ആക്ഷന്‍ സീനുകള്‍ ചെയ്യുന്നത് കാണുമ്പോഴും താരമെന്ന ഭാരങ്ങളെല്ലാം ഇറക്കിവെച്ച് കാതല്‍ പോലുള്ള സിനിമകള്‍ ചെയ്യുന്നത് കാണുമ്പോഴും അത്ഭുതം തോന്നുകയാണെന്ന് പറയുകയാണ് രാജ് ബി ഷെട്ടി. മറ്റ് ഇന്‍ഡസ്ട്രികളില്‍ കാണാത്ത സവിശേഷതയാണിതെന്നും അദ്ദേഹം ദ ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
''ഈ പ്രായത്തിലും മമ്മൂട്ടിയുടെ ആക്ഷന്‍ സീനുകള്‍ കാണുമ്പോള്‍ അത്ഭുതം തോന്നുന്നുണ്ട്. ഇത് ആക്ഷന്റെ കാര്യം മാത്രമല്ല, പാഷന്റെ കാര്യം കൂടിയാണ്. ജോലിയോടുള്ള പ്രതിബദ്ധതയും കൂടിയാണ്. അദ്ദേഹം സിനിമ തിരഞ്ഞെടുക്കുന്നതും, ആറ് മാസത്തില്‍ മൂന്ന് സിനിമ ചെയ്യുന്നുവെന്നത് എങ്ങനെയെന്നതിലാണ് കാര്യം. ഈ സിനിമകള്‍ എല്ലാം മികച്ചതുമാണ്. മറ്റ് പല ഇന്‍ഡസ്ട്രികളിലെയും താരങ്ങള്‍ അവരുടെ പ്രതിച്ഛായയില്‍ നിന്നും മാറി സിനിമകള്‍ ചെയ്യാന്‍ ശ്രമിക്കാറില്ല. അത്തരം പരീക്ഷണങ്ങളിലും നില്‍ക്കില്ല. കാരണം, ജനങ്ങള്‍ ഒരു പക്ഷേ അത് അംഗീകരിക്കില്ല, ഈ ഇന്‍സെക്യൂരിറ്റിയില്ലാതെ ഇദ്ദേഹം എങ്ങനെ അത് ചെയ്യുന്നുവെന്നാണ് വളരെ അത്ഭുതം,'' അദ്ദേഹം പറയുന്നു.
കാതല്‍, ബ്രമയുഗം, കണ്ണൂര്‍ സ്‌ക്വാഡ്, റോഷാക്ക്, അബ്രഹാം ഓസ്ലര്‍, നന്‍പകല്‍ നേരത്ത് മയക്കം തുടങ്ങിയ സിനിമകളെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് രാജ് ബി ഷെട്ടി സംസാരിച്ചത്. ഈ പ്രതിബദ്ധതയ്ക്ക് ശേഷം മാത്രമേ മമ്മൂട്ടിയൂടെ പ്രായത്തെ പോലും കണക്കാക്കാന്‍ പാടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരിക്കലും വയസ് അല്ല ആദ്യം കണക്കിലെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയുടെ പരീക്ഷണങ്ങളെ പ്രേക്ഷകര്‍ പിന്തുണക്കുന്നതിനെയും രാജ് ബി ഷെട്ടി ചൂണ്ടിക്കാട്ടുന്നു.
ഈ മാസം 23നാണ് ടര്‍ബോ റിലീസ് ചെയ്യുന്നത്. രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ വിവിധ ഫൈറ്റ് സ്വീക്വന്‍സുകള്‍ ഇരട്ടി മാസാണ് നല്‍കുന്നത്. ജീപ്പ് ഡ്രൈവറായ ജോസ് ആയിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. സുഹൃത്തിന് നേരിടുന്ന ചതിയും ജോസ് വിഷയത്തില്‍ ഇടപെടുന്നതുമാണ് ചിത്രത്തിന്റെ പ്ലോട്ട് എന്നാണ് ബുക്ക് മൈ ഷോയില്‍ പറയുന്നത്.