അറിയാനാടും കാണാത്ത മനുഷ്യരുമായി രാജ് ബി ഷെട്ടി വീണ്ടും എത്തുമ്പോൾ 'ടോബി' മലയാളിക്ക് പ്രിയങ്കരനാവുന്നു. 'ഗരുഡ ഗമന വൃഷഭ വാഹന' മലയാളിയുടെ ഇഷ്ട ചിത്രവും ശിവ ഇഷ്ട കഥാപാത്രവുമായി നിന്നിടത്തേയ്ക്കാണ് ഏറെ വ്യത്യസ്ഥനായ ടോബിയേയും കൂട്ടി മലയാളി കൂടിയായ സംവിധായകൻ ബാസിൽ ചാലക്കൽ എത്തുന്നത്. കന്നട സിനിമയുടെ പ്രാദേശിക ജീവിതാന്തരീക്ഷങ്ങളെ അതിന്റെ സ്വത്ത നഷ്ടപ്പെടാതെ തന്നെ മറ്റ് സംസ്കാര-വിശ്വാസ ചുറ്റുപാടുകളിലേയ്ക്ക് എത്തിക്കുകയാണ് ഷെട്ടി സുഹൃത്തുക്കൾ എന്നും ചെയ്തിട്ടുളളത്. മലയാള സിനിമാ ആസ്വാദകർക്കിടയിൽ ഇവർക്ക് കിട്ടിപ്പോരുന്ന സ്വീകാര്യതയ്ക്ക് പിന്നിലും ആത്മാർത്ഥമായ ഈ പരിശ്രമത്തിന്റെ ഫലമുണ്ട്. രാജ് ബി ഷെട്ടി തിരക്കഥ എഴുതി പ്രധാന വേഷത്തിലെത്തിയ 'ടോബി'യും പതിവുപോലെ നിരാശപ്പെടുത്തുന്നില്ല.
നാട്ടിൽ പുതുതായി ചാർജ് എടുത്ത പൊലീസ് ഉദ്യോഗസ്ഥനിലൂടെയാണ് കഥ തുടങ്ങുന്നത്. ഒരു കേസുമായി ബന്ധപ്പെട്ട് ടോബി ആരെന്ന് പലരിൽ നിന്നായി അറിയാൻ ശ്രമിക്കുകയാണ് അയാൾ. അതുവഴി നായക കഥാപാത്രമായ ടോബിയെ പരിചയപ്പെടുത്തുകയാണ് സിനിമ. സാധാരണ സിനിമകളിലെ നായക കടന്നുവരവിനോട് സമാനമായി നിൽക്കുന്നതാണ് ഈ തുടക്കം. കഥയുടെ കേന്ദ്രബിന്ദുവായ ടോബി ഏതുതരം ആളാണ്, അയാൾ പ്രതിസന്ധി ഘട്ടങ്ങളിൽ എങ്ങനെയെല്ലാം പ്രതികരിക്കുന്നു, എങ്ങനെ സന്തോഷിക്കുന്നു, എന്തൊക്കെ സ്വപ്നം കാണുന്നു തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞുതുടങ്ങുമ്പോൾ മുതൽ നമ്മൾ തിരിച്ചറിയുന്നു, ഇയാൾ കന്നട പടങ്ങൾ ഇതുവരെ പറഞ്ഞുവെച്ച നായകനല്ല. അയാളും അയാൾക്ക് വേണ്ടപ്പെട്ടവരും പല സാഹചര്യങ്ങളോടും പ്രതികരിക്കുന്ന രീതിയും നമ്മൾ കരുതിയതുപോലെയല്ല. ലൈംഗിക തൊഴിലാളിയായ സ്ത്രീയോട് ടോബിക്ക് തോന്നുന്ന പ്രണയവും തമ്മിൽ യാതൊരു കടന്നുകയറ്റവും ഇല്ലാതെ അവർ പ്രണയിക്കുന്നതും രസമുളള കാഴ്ചയാണ്. ഇത്തരം വ്യത്യസ്ഥതയും പുതുമയുളള ബന്ധങ്ങളുമാണ് പ്രേക്ഷകരെ അതിശയിപ്പിക്കുന്നത്.
മൊഴിമാറ്റ സിനിമയ്ക്ക് പൊതുവെ കണ്ടുവരാറുളള ചില പന്തികേടുകൾ കാന്താര ഉൾപ്പടെയുളള കന്നട ചിത്രങ്ങളുടെ മലയാള പതിപ്പിലും അനുഭവപ്പെട്ടിട്ടുളളതാണ്. ആ പോരായ്മകൾ നിൽക്കെത്തന്നെ എങ്ങനെ മെച്ചപ്പെട്ട സിനിമാ ആസ്വാദനം മലയാളിക്ക് സാധ്യമാക്കി കൊടുക്കാം എന്ന വലിയ പഠനം സംവിധായകൻ നടത്തിയിട്ടുണ്ടാവണം. മലയാളി കൂടി ആയതിന്റെ ഫലമാവാം, ഡബ്ബിങ്ങിലെ അസ്വസ്ഥത പരമാവതി കുറയ്ക്കാൻ ബാസിലിന് കഴിഞ്ഞിട്ടുണ്ട്. രാജ് ബി ഷെട്ടിയുടെ ടോബി എന്ന കഥാപാത്രം സംസാരശേഷി നഷ്ടപ്പെട്ട വ്യക്തി ആയത് നേട്ടമായി. മലയാളം സംസാരിക്കാൻ വശമില്ലാത്ത, എന്നാൽ മലയാളിക്ക് ഏറെ പരിചിതരമായ രാജ് ബി ഷെട്ടിയുടെ ശബ്ദം എങ്ങനെ മലയാളീകരിക്കും എന്ന വലിയ പ്രതിസന്ധി അതിലൂടെ ഇല്ലാതായി. നായിക ചൈത്ര ജെ ആചാർ ചെയ്ത ടോബിയുടെ മകൾ ജെനിയുടെ ശബ്ദമാണ് പൊടിക്കെങ്കിലും ചില ഇടങ്ങളിൽ അരോചകമായി തോന്നിയത്. പക്ഷെ പ്രകടനത്തിലെ മികവിൽ ആ കുറവും നികത്തപ്പെട്ടു. രാജ് ബി ഷെട്ടിയുടെ പ്രകടനത്തോട് മത്സരിച്ച വേഷപ്പകർച്ചയായിരുന്നു ചൈത്രയുടേത്. കഥാപാത്രങ്ങൾ ഓരോരുത്തരും സ്വാഭാവിക അഭിനയം കാഴ്ചവെച്ചു. മലയാള സിനിമ പോലും ഇന്ന് പ്രേക്ഷകരെ ചിരിപ്പിക്കാൻ ബുദ്ധിമുട്ടുന്ന കാലത്ത് ടോബിയിൽ ചിരി വീണ ഇടങ്ങളെല്ലാം തിരക്കഥയുടെ പാകതയിൽ അനായാസമായി സംഭവിച്ചുപോയതാണെന്നു തോന്നും. കുട്ടിയായിരിക്കെ ജെനി ടോബിക്ക് കൊടുക്കുന്ന ഉപദേശങ്ങളും, മകളെ കേൾക്കാൻ സദാ തയ്യാറായി നിൽക്കുന്ന ടോബിയും പരിചിതമല്ലാത്ത അച്ഛൻ മകൾ ബന്ധമാണ് കാണിച്ചുതരുന്നത്.
കഥ നടക്കുന്ന പ്രദേശത്ത് കേട്ടുതഴമ്പിച്ച ഒരു മിത്തിനെ കൂട്ടുപിടിച്ചാണ് ക്ലൈമാക്സ് ചിത്രീകരിച്ചിരിക്കുന്നത്. കൊമേഴ്ഷ്യൽ സിനിമകൾ ആവശ്യപ്പെടുന്ന കഥാഗതിയിലെ ഏറ്റക്കുറച്ചിലുകളിൽ ഏറ്റവും ഹൈ തരേണ്ടുന്ന ക്ലൈമാക്സ് രംഗത്തെ പൊടിക്ക് മേലെ നിർത്താൻ ഈ മിത്തിന് കഴിഞ്ഞിട്ടുമുണ്ട്. കർണാടകയിലെ ഒരു പ്രാദേശിക ഇടത്ത് വളരെ ലോക്കലായി മാത്രം കണ്ടുപോരുന്ന ചടങ്ങുകളെ കൂട്ടുപിടിച്ച് ക്ലൈമാക്സ് ഒരുക്കിയപ്പോഴും ബാക്ഗ്രൗണ്ട് സ്കോറിനായി ഉപയോഗിച്ച വെസ്റ്റേൺ സംഗീതം പരീക്ഷണരസം സമ്മാനിക്കുന്നുണ്ട്. രാജ് ബി ഷെട്ടിയുടെ തുടക്കചിത്രം മുതലിങ്ങോട്ട് മലയാളത്തിൽ 'റോഷാക്കും' ഉൾപ്പടെയുളള അനേകം ചിത്രങ്ങൾക്ക് പശ്ചാത്തലസംഗീതമൊരുക്കിയ മലയാളി മിഥുൻ മുകുന്ദനാണ് ടോബിയിലെ പരീക്ഷണങ്ങൾക്കു പിന്നിലും.
ഒപ്പം പറയേണ്ടതാണ് പ്രവീൺ ശ്രിയന്റെ ക്യാമറ. ക്ലൈമാക്സിൽ ഉൾപ്പടെ പല രംഗങ്ങളിലും അതിശയിപ്പിച്ച ചില ഫ്രെയ്മുകൾ 'ടോബി'യുടെ ഛായാഗ്രഹണ മികവായി കാണേണ്ടതാണ്. നിതിൻ ഷെട്ടിയുടെ എഡിറ്റിങ്ങിന് കയ്യടി ലഭിച്ചത് സംഘട്ടന രംഗവും ഭാവിയും ചേർത്തൊട്ടിച്ച 10 മിനിറ്റോളം നീണ്ട ഭാഗത്തായിരുന്നു. പൊലീസുകാരന്റെ പെരുമാറ്റത്തിലും കഥ അവസാനിപ്പിക്കുന്ന രീതിയിലും ചെറിയ വിയോചിപ്പുകൾ ഉണ്ട്. പക്ഷെ അതൊന്നും സിനിമയുടെ ക്വാളിറ്റിയെ ബാധിക്കുന്നില്ല. ഒരിക്കൽ പരിചയപ്പെട്ടാൽ പിന്നെ ടോബിയെ, അയാളുടെ പെരുമാറ്റശൈലിയെ ആരും മറക്കാനിടയില്ലെന്നതുതന്നെ നേട്ടം.