പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന രജനികാന്ത് ചിത്രം ജയിലറിന്റെ ട്രെയിലറെത്തി. അപര വ്യക്തിത്വം പോലെ തോന്നിക്കുന്ന ഒരസുഖം ബാധിച്ച രജനികാന്തിനെയാണ് ട്രെയിലറിൽ കാണാൻ സാധിക്കുന്നത്. തികച്ചും വ്യത്യസ്തമായ രണ്ട് മുഖങ്ങളിലൂടെ താരത്തിന്റെ തകർപ്പൻ പ്രകടനമാണ് ചിത്രത്തിലുള്ളതെന്ന് ഉറപ്പിക്കാം. രജനികാന്ത് ബ്ലോക്ക്ബസ്റ്റർ ചിത്രം 'ബാഷ'യിലേക്കുള്ള ഒരു തിരിച്ചുപോക്കെന്നോണമാണ് ട്രെയിലർ.
വസന്ത് രവി അവതരിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ കഥാപാത്രത്തിന്റെ സ്നേഹനിധിയായ അച്ഛൻ മുത്തുവേലാണ് രജനികാന്ത്. കുടുംബത്തോട് സൗമ്യമായി പെരുമാറുന്ന മുത്തുവേൽ പാണ്ഡ്യൻ തന്റെ കുടുംബം ഭീഷണി നേരിടുമ്പോൾ പ്രതികരിക്കുന്നതാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. നിരവധി ഹൈ-ഒക്ടേൻ ആക്ഷൻ സീക്വൻസുകളുള്ളതാണ് ട്രെയിലർ. ഓഗസ്റ്റ് പത്തിനാണ് ചിത്രത്തിന്റെ തിയേറ്റർ റിലീസ്.
രമ്യാ കൃഷ്ണൻ, വിനായകൻ, ജാക്കി ഷ്റോഫ്, സുനിൽ, യോഗി ബാബു എന്നിവരെ ട്രെയിലറിൽ കാണാം. പടയപ്പയ്ക്ക് ശേഷം രമ്യ കൃഷ്ണനും രജനികാന്തും ഒരുമിക്കുന്ന ചിത്രമാണ് ജയിലർ. താരത്തിന്റെ ഭാര്യയായാണ് രമ്യ കൃഷ്ണൻ എത്തുന്നത്. തമന്ന, മോഹൻലാൽ, ശിവ രാജ്കുമാർ എന്നിവരും ജയിലറിൽ അഭിനയിക്കുന്നുണ്ട്. എന്നാൽ ഇവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ കുറിച്ച് യാതൊരു വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. മോഹൻലാലും രജനികാന്തും ഒന്നിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ജയിലറിനുണ്ട്.
കൊലമാവ് കോകില, ഡോക്ടർ, ബീസ്റ്റ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നെൽസൺ ദിലീപ്കുമാറാണ് ജയിലറിന്റെ സംവിധാനം. സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.