"എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നൂ" എന്ന പാട്ടെഴുതിയ മനുഷ്യന്റെ വിരലുകൾ ചുംബിക്കാൻ അവസരം ഒരുക്കിത്തരണമെന്ന അപേക്ഷയോടെ ഒരു രാത്രി ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തിയ പെൺശബ്ദമാണ് എന്റെ ഓർമയിലെ ഏറ്റവും ഉദാത്തമായ പ്രണയ പ്രതീകം. പിറ്റേന്ന് കാലത്ത് ഫോൺ വിളിച്ച് യുവതിയായ ആരാധികയുടെ ആവശ്യം ഉണർത്തിച്ചപ്പോൾ ആദ്യമൊന്നമ്പരന്നു, പാട്ടെഴുത്തുകാരൻ. പിന്നെ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു: "മേൻനേ ങ്ങള് ബേജാറാവണ്ട. ഒരു കാര്യം ചെയ്യ്. തത്കാലം ആ ഉമ്മ വാങ്ങിവെച്ചോളിൻ. പിന്നീട് നേരിൽ കാണുമ്പോൾ തന്നാൽ മതി..."
പിന്നെ വിളിച്ചില്ല 'ഇഷ്ടക്കാരി'. എങ്കിലും ഗിരീഷ് പുത്തഞ്ചേരി എഴുതി വിദ്യാസാഗർ എഴുതി ശ്രീനിവാസും സുജാതയും പാടിയ 'എത്രയോ ജന്മമായ്' എപ്പോൾ കേട്ടാലും ആദ്യമോർമ വരിക ആ പാതിരാവിളിയാണ്: ആലസ്യമാർന്ന ശബ്ദത്തിൽ മൃദുമർമ്മരം പോലെ പാടിക്കേട്ട പാട്ടിന്റെ പല്ലവിയും. പുറത്തിറങ്ങി കാൽ നൂറ്റാണ്ടിനിപ്പുറവും മലയാളി മനസുകളിൽ പ്രായഭേദമന്യേ പ്രണയം നിറച്ചുകൊണ്ടിരിക്കുന്നു ആ ഗാനം. അടുത്തിടെ അറുപതിന് മേൽ പ്രായമുള്ളവരുടെ ഒരു സംഗീത കൂട്ടായ്മയിൽ അതിഥിയായി പങ്കെടുത്തത് ഓർമയുണ്ട്. ഏറ്റവും പ്രിയപ്പെട്ട പ്രണയഗാനം ഏതെന്ന ചോദ്യത്തിന് പകുതിയിലേറെ പേരും നൽകിയ ഉത്തരം ഒന്നുതന്നെ: 'എത്രയോ ജന്മമായ്...'
എന്തായിരിക്കണം പ്രായത്തെപ്പോലും അപ്രസക്തമാക്കുന്ന ആ മാജിക്?
പാടി റെക്കോർഡ് ചെയ്യുമ്പോൾ 'എത്രയോ ജന്മമായ് ' ഇത്രയേറെ ശ്രദ്ധിക്കപ്പെടുമെന്നോ കാലത്തിനപ്പുറത്തേക്ക് വളരുമെന്നോ പ്രതീക്ഷിച്ചിട്ടില്ല സുജാത. സിനിമ പുറത്തിറങ്ങിയപ്പോൾ കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് പടത്തിലെ മറ്റു പാട്ടുകളാണ്. ശീർഷക ഗാനമായതുകൊണ്ട് 'എത്രയോ ജന്മമായ് ' ടെലിവിഷനിൽ വരാൻ യാതൊരു സാധ്യതയുമില്ല. സ്വാഭാവികമായും ഗാനം എളുപ്പത്തിൽ വിസ്മരിക്കപ്പെടാം.
പക്ഷേ സംഭവിച്ചത് മറിച്ചാണ്. പുറത്തിറങ്ങി ഇത്ര കാലത്തിന് ശേഷവും മലയാളികൾ നെഞ്ചോട് ചേർത്ത് പിടിക്കുന്നു ആ ഗാനം; എത്രയോ ജന്മമായി തേടിനടന്ന് കൈവന്ന കൂട്ടുകാരനെ അല്ലെങ്കിൽ കൂട്ടുകാരിയെ പോലെ. ഏറ്റവും പുതിയ തലമുറയിലെ കുട്ടികളുടെ പ്ലേലിസ്റ്റിൽ പോലുമുണ്ട് ആ ഗാനം. വാലന്റൈൻസ് ദിനത്തിൽ ഇന്നും ഏറ്റവുമധികം കൈമാറ്റം ചെയ്യപ്പെടുന്ന പ്രണയ സന്ദേശങ്ങളിൽ ഒന്ന് ഈ പാട്ടിന്റെ പല്ലവിയായിരിക്കും. എല്ലാ പ്രണയികളുടെയും ആത്മാവിഷ്കാരമാണല്ലോ അത്.
'കാറ്റോടു മേഘം മെല്ലെ ചൊല്ലി സ്നേഹാർദ്രമേതോ സ്വകാര്യം, മായുന്ന സന്ധ്യേ നിന്നെത്തേടി ഈറൻ നിലാവിൻ പരാഗം.... ' -- ഈണമിട്ടെഴുതിയതാണ് ഈ വരികൾ എന്ന് വിശ്വസിക്കുക പ്രയാസം
"അത്രമേൽ ഇഷ്ടമായ്''' എന്ന രണ്ടേ രണ്ടു വാക്കുകളിൽ നിന്നാണ് ആ പാട്ടുണ്ടായതെന്ന് പറഞ്ഞിട്ടുണ്ട് ഗിരീഷ്. എത്രയോ ജന്മമായ് എന്ന തുടക്കം പോലും പിന്നീടാണ് വന്നത്. "കാറ്റോടു മേഘം മെല്ലെ ചൊല്ലി സ്നേഹാർദ്രമേതോ സ്വകാര്യം, മായുന്ന സന്ധ്യേ നിന്നെത്തേടി ഈറൻ നിലാവിൻ പരാഗം.... '' -- ഈണമിട്ടെഴുതിയതാണ് ഈ വരികൾ എന്ന് വിശ്വസിക്കുക പ്രയാസം.
മഞ്ജുവാര്യരെയും പ്രഭുവിനെയും നായികാനായകരാക്കി സിബി മലയിൽ സംവിധാനം ചെയ്യാനിരുന്ന 'നൻപാ നൻപാ' എന്ന തമിഴ് ചിത്രത്തിന് വേണ്ടി അതിനും രണ്ട്, മൂന്ന് വർഷം മുൻപ് വിദ്യാസാഗർ സൃഷ്ടിച്ചതാണ് എത്രയോ ജന്മമായ് എന്ന പാട്ടിന്റെ ഒറിജിനൽ ട്യൂൺ. വൈരമുത്തുവിന്റെ മനോഹരമായ വരികൾ പിറകെ വന്നു -- 'ഭൂമിയേ ഭൂമിയേ പൂമഴൈ നാൻ തൂവവാ...' ബെംഗളൂരുവിൽ വച്ചാണ് ആ ഈണം പിറന്നതെന്നോർക്കുന്നു വിദ്യാജി.
ഒരു ഗാനരംഗം മാത്രം ഷൂട്ട് ചെയ്ത ശേഷം ``നൻപാ നൻപാ'' എന്ന പ്രോജക്ട് ഉപേക്ഷിക്കപ്പെട്ടെങ്കിലും ഗാനവും ഈണവും വിസ്മൃതിയിൽ മറഞ്ഞില്ല എന്നത് സംഗീതാസ്വാദകരുടെ സുകൃതം. അര്‍ജുനും മീനയും അഭിനയിച്ച സെങ്കോട്ടൈ (1996) എന്ന തമിഴ് ആക്ഷന്‍ ചിത്രത്തിൽ എസ്പിബിയുടെയും എസ് ജാനകിയുടെയും ശബ്ദങ്ങളിൽ ``ഭൂമിയേ ഭൂമിയേ'' ഇടം നേടുന്നു. അർഹിച്ച ശ്രദ്ധ നേടാതെ മറവിയിലൊടുങ്ങാനായിരുന്നു ആ പാട്ടിന്റെ യോഗം. പടം ബോക്സോഫീസിൽ തകർന്നത് തന്നെ പ്രധാന കാരണം.
പക്ഷേ സിബി മലയിലിന് എങ്ങനെ ആ ഈണം മറക്കാനാകും? 'സമ്മർ ഇൻ ബത്‌ലഹേമി'ന്റെ (1998) കമ്പോസിങ്ങിനിടെ സിബിയാണ് പഴയ ഈണം മലയാളത്തിൽ പുനഃസൃഷ്ടിക്കാൻ വിദ്യാസാഗറിനോട് ആവശ്യപ്പെടുന്നത്. 'അത്രയും ഇഷ്ടമായിരുന്നു സിബിസാറിന് ആ ട്യൂൺ.'-- വിദ്യാജി ഓർക്കുന്നു. പഴയ ഈണം അപ്പടി ഉപയോഗിക്കുകയല്ല ഇത്തവണ വിദ്യാസാഗർ ചെയ്തത്. അതിന്റെ കെട്ടിലും മട്ടിലും ചില മാറ്റങ്ങൾ വരുത്തി. ഗിരീഷിന്റെ ലളിത സുന്ദരമായ വരികൾ കൂടി ചേർന്നപ്പോഴോ? മറ്റേതോ ആകാശങ്ങളിലേക്ക് പറന്നുയർന്നു അത്.
"സെങ്കോട്ട''യിലെ തമിഴ് വേർഷൻ അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയപ്പോള്‍ മലയാളം പതിപ്പ് എക്കാലത്തെയും വലിയ ഹിറ്റായി മാറി എന്നത് ചരിത്ര നിയോഗം.
മറ്റൊരു കൗതുകം കൂടി. വെളിച്ചം കാണാതെ പോയ സിബിയുടെ തമിഴ് സിനിമക്ക് വേണ്ടി വിദ്യാസാഗർ ചിട്ടപ്പെടുത്തിയ മറ്റ് രണ്ട് ഈണങ്ങൾ കൂടി അധികം വൈകാതെ സൂപ്പർ ഹിറ്റ് മലയാള ഗാനങ്ങളായി നമ്മെ തേടിയെത്തി. 'മലൈകാട്രു വന്ത് തമിഴ് പേശുതേ' എന്ന പാട്ട് 'സമ്മർ ഇൻ ബത്‌ലഹേ'മിൽ ഒരു രാത്രി കൂടി വിടവാങ്ങവേ എന്ന ഭാവഗീതമായി. 'നൻപാ നൻപാ'എന്ന ഗാനം ദേവദൂതനിൽ 'പൂവേ പൂവേ പാലപ്പൂവേ'യും.
'എത്രയോ ജന്മമായ്' എന്ന ഗാനത്തോട് മലയാളികള്‍ക്കുള്ള സ്നേഹം ശ്രീനിവാസിനേയും സുജാതയേയും വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ''പാട്ടിന്റെ തുടക്കത്തിലെ സംഗീതശകലങ്ങൾ കേള്‍ക്കുമ്പോഴേ ഇളകിമറിയാൻ തുടങ്ങും സദസ്. തിരൂർ തുഞ്ചൻ പറമ്പിലെ ഒരു പരിപാടിക്കിടെ ആ പാട്ടിന്റെ പല്ലവി ആവർത്തിച്ചു പാടേണ്ടി വന്നത് ഓർക്കുന്നു. ഓരോ തവണയും നിറഞ്ഞ സദസ്സ് വരികൾ ആവേശപൂർവം ഏറ്റുപാടി. അത്തരമൊരനുഭവം അപൂർവമാണ് ഗാനമേളകളിൽ..''-- സുജാതയുടെ ഓർമ.
പ്രണയഗാനങ്ങള്‍ പാടാന്‍ ജനിച്ച ഗായികയാണ് സുജാത എന്ന് തോന്നിയിട്ടുണ്ട്. വാക്കുകളില്‍, അക്ഷരങ്ങളില്‍, വെറുമൊരു മൂളലില്‍ പോലും പ്രണയം നിറച്ചുവെക്കുന്ന പാട്ടുകാരി.
വിദ്യാസാഗറിന്റെ വര്‍ഷ വല്ലകി സ്റ്റുഡിയോയില്‍ പാട്ട് റെക്കോര്‍ഡ് ചെയ്യാന്‍ എത്തിയത് ജലദോഷവുമായിട്ടായിരുന്നു എന്നോര്‍ക്കുന്നു ശ്രീനിവാസ്. ''ആ അവസ്ഥയില്‍ ഒരു റൊമാന്റിക് മെലഡി പാടിയാല്‍ ശരിയാകുമോ എന്നായിരുന്നു എന്‍റെ സംശയം. സംശയിക്കേണ്ട, ആ ശബ്ദം തന്നെയാണ് എനിക്ക് വേണ്ടത് എന്നായി വിദ്യാസാഗര്‍. പിന്നീട് പാട്ട് റെക്കോര്‍ഡ് ചെയ്തു കേട്ടപ്പോഴാണ് അദ്ദേഹത്തിന്റെ തീരുമാനം എത്ര ശരിയായിരുന്നു എന്ന് മനസിലായത്. ''
പ്രണയഗാനങ്ങള്‍ പാടാന്‍ ജനിച്ച ഗായികയാണ് സുജാത എന്ന് തോന്നിയിട്ടുണ്ട്. വാക്കുകളില്‍, അക്ഷരങ്ങളില്‍, വെറുമൊരു മൂളലില്‍ പോലും പ്രണയം നിറച്ചുവെക്കുന്ന പാട്ടുകാരി. ഈ കാല്‍പ്പനിക ഭാവം ഏറ്റവും പ്രയോജനപ്പെടുത്തിയ സംഗീത സംവിധായകൻ വിദ്യാസാഗർ ആവണം. വിദ്യാജിയുടെ ഈണങ്ങളാണ് സുജാതയ്ക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് രണ്ടു തവണ നേടിക്കൊടുത്തത്. (പ്രണയമണിത്തൂവൽ, വരമഞ്ഞളാടിയ). സുജാതയുടെ ഏറ്റവും മികച്ച പ്രണയഗാനങ്ങളിലെല്ലാമുണ്ട് മെലഡിയുടെ വിദ്യാസ്പർശം.
കാൽ നൂറ്റാണ്ടിന് ശേഷവും പ്രണയപൂർവം മലയാളിയുടെ കാതുകളിൽ മൂളിക്കൊണ്ടിരിക്കുന്നു സുജാത: ``ഈ മഞ്ഞും എൻ മിഴിയിലെ മൗനവും എൻ മാറിൽ നിറയുമീ മോഹവും നിത്യമാം സ്നേഹമായ് തന്നൂ ഞാൻ.... ''