നടനും നിർമാതാവുമായ രാം ചരണിനും ഭാര്യ ഉപാസന കാമിനേനിക്കും പെൺകുഞ്ഞ് പിറന്നു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് കുഞ്ഞ് പിറന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇരുവരുടെയും പതിനൊന്നാം വിവാഹ വാർഷികത്തിലാണ് കുഞ്ഞ് അതിഥിയുടെ വരവ്. കുഞ്ഞിന്റെ വരവ് ആഘോഷമാക്കുകയാണ് ചിരഞ്ജീവി കുടുംബം
കഴിഞ്ഞ ദിവസം ഉപാസനയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സന്തോഷ വാർത്ത അറിഞ്ഞതിന് പിന്നാലെ, സമൂഹ മാധ്യമങ്ങളിൽ ആരാധകരുടെ ആശംസാ പ്രവാഹമാണ്. 'മെഗാ പ്രിന്‍സസ് ഈസ് ഹിയർ' എന്ന തലക്കെട്ടോടെയാണ് ഇരുവരുടെയും ചിത്രങ്ങൾ ആരാധകർ പോസ്റ്റ് ചെയുന്നത്.
2012 ജൂണ്‍ 14നായിരുന്നു ഇരുവരേയും വിവാഹം. സംരംഭകയും അപ്പോളോ ആശുപത്രി ശൃംഖല ചെയർമാൻ പ്രതാപ് റെഡ്ഢിയുടെ ചെറുമകളുമായ ഉപാസന കാമിനേനി അപ്പോളോ ആശുപത്രിയുടെ നിലവിലെ വൈസ് ചെയർപേഴ്സൺ കൂടിയാണ്.