ഹോളിവുഡ് അരങ്ങേറ്റം വൈകാതെയുണ്ടാകുമെന്ന സൂചനകളുമായി രാംചരണ്‍ തേജ. രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആറിലൂടെ ലോകമെമ്പാടും ജനശ്രദ്ധ നേടിയ താരമാണ് രാം ചരണ്‍. ശ്രീനഗറില്‍ നടന്ന ജി20 ഉച്ചകോടിയിലാണ് അദ്ദേഹം തന്റെ ഹോളിവുഡ് അരങ്ങേറ്റത്തെ കുറിച്ച് സൂചന നല്‍കിയത്.
ഇന്ത്യയുടെ വൈവിധ്യത്തിലും പാരമ്പര്യത്തിലും അഭിമാനിക്കുന്ന ഒരാളാണ് താൻ. ആ ഇന്ത്യയെ കൂടുതല്‍ അറിയാനാണ് തനിക്ക് താത്പര്യം. സിനിമ ചെയ്യാന്‍ വേണ്ടി ഇന്ത്യക്ക് പുറത്ത് പോവേണ്ട സാഹചര്യമേ ഇല്ല,അത്രയേറെ വൈവിധ്യമുള്ളതാണ് ഇന്ത്യന്‍ സിനിമയും. സംവിധായകരോ നിര്‍മ്മാതാക്കളോ ഹോളിവുഡ്ഡില്‍ നിന്നുള്ളവരാണെങ്കിൽ മാത്രമേ പുറത്ത് നിന്നുള്ള ചിത്രങ്ങൾ ചെയ്യേണ്ട കാര്യമുള്ളൂവെന്ന് രാംചരണ്‍ പറയുന്നു. ഇന്ത്യന്‍ സിനിമാ മേഖലയെ പ്രതിനിധീകരിച്ച് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമാ താരമാണ് രാംചരണ്‍.
ഹോളിവുഡ് അരങ്ങേറ്റത്തെ കുറിച്ച് രാംചരണ്‍ ഇതിന് മുമ്പും സൂചനകൾ നല്‍കിയിട്ടുണ്ട്. മാര്‍ച്ചില്‍ നടന്ന ആര്‍ആര്‍ആര്‍ പ്രൊമോഷനിടെ തന്റെ ഹോളിവുഡ് ചിത്രം സ്ഥിരീകരിച്ചെന്നും വൈകാതെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചര്‍ച്ചകള്‍ നടക്കുകയാണ്. എങ്ങനെയുള്ള ചിത്രമായിരിക്കുമെന്നും ഷൂട്ടിംഗ് എപ്പോള്‍ ആരംഭിക്കുമെന്നുള്ള വാര്‍ത്തകള്‍ മാസങ്ങള്‍ക്കുള്ളില്‍ പുറത്ത് വരുമെന്നും അദ്ദേഹം പ്രൊമോഷനിടെ വ്യക്തമാക്കിയിരുന്നു.
ഹോളിവുഡില്‍ നിന്ന് മികച്ച അവസരങ്ങള്‍ കിട്ടിയാല്‍ സ്വീകരിക്കുമെന്ന് ജി20 ഉച്ചകോടിയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ രാം ചരണ്‍ പറഞ്ഞു. അതേസമയം, ഇന്ത്യന്‍ സിനിമാ മേഖലയോടും സംസ്‌കാരത്തോടുമുള്ള സ്‌നേഹവും ബഹുമാനവും പ്രകടപ്പിക്കാനും രാംചരൺ മറന്നില്ല.
'എന്റെ സംസ്‌കാരത്തോട് ഉറച്ച് നില്‍ക്കാനാണ് എനിക്ക് ഇഷ്ടം. ഇന്ത്യൻ വികാരങ്ങള്‍ എത്രത്തോളം ശക്തമാണെന്ന് മറ്റുള്ളവരെ അറിയിക്കാൻ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ സംസ്‌കാരം വളരെ ദൃഢമാണ്. ഞങ്ങളുടെ കഥകൾ വളരെ മികച്ചതാണ്. നോക്കൂ, ഇപ്പോള്‍ ഇവിടെ ഉത്തരേന്ത്യന്‍, ദക്ഷിണേന്ത്യന്‍ സിനിമ എന്നില്ല. മറിച്ച് ഇന്ത്യക്കാരുടെ കഥകള്‍ എന്നേ ഉള്ളൂ.
ജമ്മു കശ്മീരിനോടുള്ള സ്‌നേഹവും രാംചരണ്‍ പ്രകടിപ്പിക്കുകയുണ്ടായി. തന്റെ അച്ഛന്‍ ഒരു നടനായതിനാല്‍ കശ്മീരിലേയ്ക്ക് വരാന്‍ പല തവണ അവസരമുണ്ടായി. 1986 മുതല്‍ താന്‍ കശ്മീരില്‍ വരാറുണ്ട്. വേനല്‍ക്കാല അവധിയ്ക്ക് അച്ഛന്‍ കശ്മീരിലേയ്ക്ക് വിളിച്ചപ്പോള്‍ എന്തോ വിലപ്പെട്ടത് നേടിയെടുത്തത് പോലെയാണ് തോന്നിയിരുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ രാംചരണിന് ഹോളിവുഡ്ഡിലും ഏറെ ജനപ്രീതി നേടി കൊടുത്ത ചിത്രമാണ്. സിനിയുടെ പ്രൊമോഷനെ തുടര്‍ന്ന് അമേരിക്കന്‍ ജാപ്പനീസ് മാധ്യമങ്ങളിലും രാംചരണും ആര്‍ആര്‍ആര്‍ ടീമും പ്രത്യക്ഷപ്പെട്ടിരുന്നു. തമിഴ് സംവിധായകന്‍ ശങ്കര്‍ ഒരുക്കുന്ന 'ഗെയിം ചേഞ്ചറാ'ണ് രാംചരണിന്റേതായി പുറത്ത് വരാനൊരുങ്ങുന്ന അടുത്ത ചിത്രം.