എം ടിയുടെ മനോരഥങ്ങൾ ആന്തോളജിയുടെ ട്രെയിലർ ലോഞ്ചിൽ മെമന്റോ നൽകിയ ആസിഫ് അലിയെ അപമാനിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്തിട്ടില്ലെന്ന് സംഗീത സംവിധായകൻ രമേഷ് നാരായണൻ. അവിടെ സംഭവിച്ചത് മറ്റൊന്നാണ്. കാര്യങ്ങൾ മനസിലാക്കാതെയുള്ള സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണത്തിൽ വിഷമമുണ്ടെന്നും ആദ്യമായാണ് സൈബർ ആക്രമണത്തിന് ഇരയാകുന്നതെന്നും രമേഷ് നാരായണൻ ദ ഫോർത്തിനോട് പറഞ്ഞു.
രമേഷ് നാരായണന്റെ വാക്കുകൾ
''എംടിയുമായി 1996 മുതൽ പരിചയമുണ്ട്. എം ടിയുടെ മകൾ അശ്വതിയുടെ ക്ഷണം സ്വീകരിച്ചാണ് പരിപാടിക്കു പോയത്. ട്രെയിലർ ലോഞ്ചിനുശേഷം ആന്തളോജി സിനിമയുമായി സഹകരിച്ച എല്ലാവരെയും വേദിയിലേക്കു ക്ഷണിച്ച് മെമന്റോ നൽകിയപ്പോഴൊന്നും എന്നെ വിളിച്ചില്ല . അതിൽ ചെറിയൊരു വിഷമം തോന്നിയിരുന്നു. കാരണം ജയരാജ് സംവിധാനം ചെയ്ത ചിത്രത്തിനു സംഗീതമൊരുക്കിയത് ഞാനാണ്. അദ്ദേഹം പോലും എന്നെ വേദിയിലേക്കു ക്ഷണിച്ചില്ലല്ലോയെന്നത് ചെറിയ വേദനയുണ്ടാക്കി. അതിനുശേഷം. തിരുവനന്തപുരത്തേക്ക് പോരേണ്ടതിനാൽ യാത്ര പറയുകയും വേദിയിലേക്കു ക്ഷണിക്കാത്തതിലെ വിഷമം അശ്വതിയെ അറിയിക്കുകയും ചെയ്തു.
അതിനു പിന്നാലെ അശ്വതി ക്ഷമപറയുകയും വേഗത്തിൽ മെമന്റോ എനിക്ക് തരാനുള്ള അവസരമുണ്ടാക്കുകയുമാണുണ്ടായത്. എന്നാൽ ഈ സമയം സന്തോഷ് നാരായണൻ എന്ന പേരാണ് അവിടെ അനൗൺസ് ചെയ്തത്. അതിനുപിന്നാലെ ആസിഫ് വന്ന് മെമന്റോ എന്നെ ഏൽപ്പിച്ച് പോയി. ആസിഫ് എനിക്കാണോ ഞാൻ ആസിഫിനാണോ മെമന്റോ നൽകേണ്ടതെന്ന് പോലും വ്യക്തമാകുന്നതിനു മുൻപേ, മെമന്റോ എന്നെ ഏൽപ്പിച്ച ആസിഫ് ആശംസ പറയാതെ പോയി. തുടർന്നാണ് ഞാൻ ജയരാജിനെ വിളിച്ചത്.
ആസിഫിനെ ശ്രദ്ധിച്ചില്ലെന്നത് വാസ്തവമാണെങ്കിലും അപമാനിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്തിട്ടില്ല. അവിടെയുണ്ടായ സംഭവങ്ങളിൽ ക്ഷമചോദിച്ച് ജയരാജ് ഇന്നു രാവിലെ സന്ദേശമയച്ചിരുന്നു. ഇതൊരു മെമന്റോ മാത്രമല്ലേ , പുരസ്‌കാരമൊന്നുമല്ലല്ലോ ഏതെങ്കിലും ഒരു വ്യക്തി തരണമെന്ന് വാശിപടിക്കാൻ? വസ്തുത ഇതായിരിക്കെ കാര്യങ്ങൾ മനസിലാക്കാതെയുള്ള സൈബർ ആക്രമണത്തിൽ വിഷമമുണ്ട്.''
എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രമായ 'മനോരഥങ്ങൾ' ട്രെയ്‌ലർ ലോഞ്ച് ചടങ്ങിനിടെ കഴിഞ്ഞ ദിവസമായായിരുന്നു വിവാദത്തിനു കാരണമായ സംഭവം.
പരിപാടിയിൽ പങ്കെടുത്ത രമേഷ് നാരായണന് മെമന്റോ സമ്മാനിക്കാൻ സംഘാടകർ ആസിഫ് അലിയെയായിരുന്നു വേദിയിലേക്കു ക്ഷണിച്ചത്. എന്നാൽ ആസിഫ് അലിയിൽനിന്ന് രമേഷ് നാരായണൻ പുരസ്‌കാരം സ്വീകരിച്ചില്ലെന്നാണ് ആരോപണം. സംവിധായകൻ ജയരാജിനെ വേദിയിലേക്കു വിളിച്ചുവരുത്തിയ രമേഷ് നാരായണൻ ആസിഫിന്റെ കൈയിൽനിന്ന് മെമന്റോ എടുത്ത് ജയരാജിനു കൈമാറി. തുടർന്ന് അദ്ദേഹത്തിൽനിന്ന് പുരസ്‌കാരം സ്വീകരിച്ചിരുന്നു.
മോശം പെരുമാറ്റമാണ് രമേശ് നാരായണനിൽനിന്ന് ഉണ്ടായതെന്നും മാപ്പ് പറയണമെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രതികരണങ്ങൾ. കഴിഞ്ഞ ദിവസം കൊച്ചിയിലാണ് മനോരഥങ്ങൾ എന്ന ആന്തോളജിയുടെ ട്രെയ്ലർ റിലീസ് ചെയ്തത്. ചിത്രം ഓഗസ്റ്റ് 15 ന് സീ 5 ലൂടെ റിലീസ് ചെയ്യും.
ഉലകനായകൻ കമൽഹാസനാണ് ചിത്രം പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുന്നത്. പ്രിയദർശൻ, ജയരാജ്, ശ്യാമപ്രസാദ്, സന്തോഷ് ശിവൻ, മഹേഷ് നാരായണൻ, രഞ്ജിത്ത്, രതീഷ് അമ്പാട്ട്, എംടിയുടെ മകളും പ്രശസ്ത നർത്തകിയുമായ അശ്വതി എന്നിവരാണ് ആന്തോളജി ചിത്രങ്ങൾ സംവിധാനം ചെയ്തത്.
മമ്മൂട്ടി, മോഹൻലാൽ, ആസിഫ് അലി, ഫഹദ് ഫാസിൽ, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ എന്നിവരാണ് വിവിധ ചിത്രങ്ങളിൽ അഭിനയിക്കുന്നത്.