ENTERTAINMENT

'വോട്ട് കുറഞ്ഞവരെ ജയിപ്പിച്ചു'; അതൃപ്തി വ്യക്തമാക്കി പിഷാരടിയും റോണിയും; യൂട്യൂബ് ചാനലിന്റെ ലൈവിനെതിരെയും വിമർശനം

എന്റർടെയ്ൻമെന്റ് ഡെസ്ക്

അമ്മ അസോസിയേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞവരെ വിജയികളായി പ്രഖ്യാപിച്ചതിനെതിരെ അമ്മ അസോസിയേഷന് കത്ത് നൽകി നടനും സംവിധായകനുമായ രമേഷ് പിഷാരടി. വോട്ട് കുറഞ്ഞവരെ ജയിപ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് നേതൃത്വത്തിന് അയച്ച കത്തിൽ പറഞ്ഞു.

വനിതാ സംവരണം നടപ്പിലാക്കാനായി നാല് സീറ്റിൽ തിരഞ്ഞെടുപ്പ് നടത്താതെ മാറ്റിവയ്ക്കണമായിരുന്നെന്നും താൻ പരാജയപ്പെട്ടെന്ന രീതിയിൽ വന്ന വാർത്തകൾ ഒഴിവാക്കാനെങ്കിലും നേതൃത്വം ഇടപെടണമായിരുന്നെന്നും രമേഷ് പിഷാരടി പറഞ്ഞു. വനിതകളെ നിർബന്ധമായും ഉൾപ്പെടുത്തണമായിരുന്നെങ്കിൽ ആ സീറ്റിൽ മത്സരം ഒഴിവാക്കാമായിരുന്നെന്ന് ഡോക്ടർ റോണി ഡേവിഡും പറഞ്ഞു.

എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നാല് വനിതകളുണ്ടാകണമെന്ന മാനദണ്ഡം പാലിച്ചപ്പോഴാണ് രമേഷ് പിഷാരടി ഒഴിവാക്കപ്പെട്ടത്. ഉച്ചയ്ക്ക് മുൻപ് പ്രശ്ന പരിഹാരമുണ്ടാകുമെന്ന് നേതൃത്വത്തിൽനിന്ന് ഉറപ്പ് ലഭിച്ചതായി പിഷാരടി ദ ഫോർത്തിനോട് പറഞ്ഞു.

അതേസമയം അമ്മ അസോസിയേഷനിലെ ചർച്ചകൾ മുഴുവനായി ഒരു യൂട്യൂബ് ചാനലിലൂടെ ലൈവായി പുറത്തുവിട്ടതിനെതിരെയും നേതൃത്വത്തിന് പരാതി ലഭിച്ചിട്ടുണ്ട്. വാർത്ത റിപ്പോർട്ട് ചെയ്യാനിരുന്ന മാധ്യമപ്രവർത്തകരെ പുറത്താക്കിയ ശേഷവും യൂട്യൂബ് ചാനലിൽ ലൈവ് പോവുകയായിരുന്നു.

20 ലക്ഷം രൂപയ്ക്കാണ് അമ്മയുടെ മീറ്റിങ് ലൈവ് സ്ട്രീമിങിനുള്ള ഡിജിറ്റൽ റൈറ്റ് യൂട്യൂബ് ചാനലിന് നൽകിയത്. എന്നാൽ രഹസ്യ സ്വഭാവം പാലിക്കേണ്ട പൊതുചർച്ചയും തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനങ്ങളുമെല്ലാം ലൈവായി യൂട്യൂബിൽ സ്ട്രീം ചെയ്തിരുന്നു.

അമ്മയുടെ ഭരണഘടന അനുസരിച്ച് 17 ഭാരവാഹികളിൽ നാല് പേർ സ്ത്രീകളായിരിക്കണമെന്ന് നിർബന്ധമുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മഞ്ജു പിള്ളയും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും മത്സരരംഗത്ത് ഉണ്ടായിരുന്നെങ്കിലും ഇരുവരും വിജയിച്ചില്ല.

എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച വനിതകളിൽ അനന്യ ഏറ്റവും കൂടുതൽ വോട്ട് നേടി വിജയിച്ചു. ബൈലോ പ്രകാരം വനിത പ്രാതിനിധ്യം വേണ്ടതിനാൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ എട്ട് പേരെ പ്രഖ്യാപിക്കുകയും നാല് പേരെ പിന്നീട് ഏക്സിക്യൂട്ടീവ് കമ്മറ്റി തിരഞ്ഞെടുക്കുമെന്നും പ്രിസൈഡിങ് ഓഫീസർ പറഞ്ഞു. ഇതിൽ പ്രകാരം കലാഭവൻ ഷാജോൺ, വിനുമോഹൻ, ടിനി ടോം, ജോയ് മാത്യു, അനന്യ, ടൊവിനോ തോമസ്, സുരേഷ് കൃഷ്ണ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ തിരഞ്ഞെടുത്തു.

ഇതോടെ മത്സരത്തിൽ പങ്കെടുത്ത സ്ത്രീകളെ തന്നെ എക്സിക്യൂട്ടീവിലേക്ക് തിരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് അംഗങ്ങളിൽ ചിലർ ബഹളം വെച്ചു. എന്നാൽ മത്സരത്തിൽ പങ്കെടുത്ത സ്ത്രീകൾ വനിതാപ്രാതിനിധ്യ പ്രകാരം തിരഞ്ഞെടുക്കപ്പെട്ടെന്ന് കമ്മിറ്റിയും പ്രിസെഡിങ് ഓഫീസറും വ്യക്തമാക്കി. ഇതിലൂടെ സരയുവും അൻസിബയും കൂടി എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെയാണ് രമേഷ് പിഷാരടിയും റോണി വർഗീസും പരാജയപ്പെട്ടത്.

എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള ഒരു വനിതാപ്രതിനിധിയെ കമ്മിറ്റി യോഗം ചേർന്ന് തീരുമാനിക്കും. കുക്കു പരമേശ്വരൻ, മഞ്ജു പിള്ള, ഷീലു ഏബ്രഹാം എന്നിവരുടെ പേരുകൾ നിർദ്ദേശങ്ങളായി ഉയർന്നിട്ടുണ്ട്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?