ബോളിവുഡ് നടൻ രൺബീർ കപൂറും കുടുംബവും ക്രിസ്മസ് ആഘോഷിക്കുന്ന വീഡിയോയിൽ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം. സഞ്ജയ് തിവാരി എന്ന വ്യക്തിയാണ് തന്റെ അഭിഭാഷകർ മുഖേന മുംബൈയിലെ ഘട്കോപർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. മദ്യമൊഴിച്ച കേക്കിന് തീ കൊളുത്തുമ്പോൾ "ജയ് മാതാ ദി" എന്ന് പറഞ്ഞതിനെയാണ് സഞ്ജയ് തിവാരി ചോദ്യം ചെയ്തത്. സംഭവത്തിൽ ഇതുവരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്.
അടുത്തിടെ വൈറലായ ദൃശ്യങ്ങളിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി തീന്മേശയിലിരിക്കുന്ന കേക്കിലേക്ക് മദ്യം ഒഴിക്കുകയും രൺബീർ കപൂർ അതിന് തീകൊളുത്തുകയും ചെയ്യുന്നത് കാണാം. ഈ വീഡിയോ വലിയ തോതിൽ പ്രചരിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് കേസ്. അന്തരിച്ച നടൻ ശശി കപൂറിന്റെ വസതിയിലായിരുന്നു തിങ്കളാഴ്ച ആഘോഷത്തിനായി രൺബീറും കുടുംബവും ഒത്തുചേർന്നത്. കുടുംബത്തിന്റെ ക്രിസ്മസ് ബ്രഞ്ചിൽ രൺബീറും ആലിയയും മകൾ റാഹ, അഗസ്ത്യ നന്ദ എന്നിവരും പങ്കെടുത്തിരുന്നു.
'ഹിന്ദുമതത്തിൽ, മറ്റ് ദേവതകളെ ആവാഹിക്കുന്നതിന് മുമ്പ് അഗ്നിദേവനെ വിളിക്കാറുണ്ട്. എന്നാൽ രൺബീർ കപൂറും കുടുംബാംഗങ്ങളും മറ്റൊരു മതത്തിന്റെ ഉത്സവം ആഘോഷിക്കുമ്പോൾ ബോധപൂർവം ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും "ജയ് മാതാ ദി" എന്ന് വിളിക്കുകയും ചെയ്തു' പരാതിയിൽ പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 295 എ, 298,500, 34 എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയുടെ അഭിഭാഷകരായ ആശിഷ് റായ്, പങ്കജ് മിശ്ര എന്നിവരാണ് പരാതി സമർപ്പിച്ചത്. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലാണ് വീഡിയോ നിർമിച്ച് പ്രചരിപ്പിച്ചതെന്നും പരാതി ആരോപിക്കുന്നു.