നടി രശ്മിക മന്ദാനയുടെ ഡീപ്‌ഫേക്ക് വീഡിയോ സൃഷ്ടിച്ച പ്രധാനപ്രതി പിടിയിൽ. ആന്ധ്രാപ്രദേശിൽ നിന്ന് ഡൽഹി പോലീസാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം.
ഇൻസ്റ്റഗ്രാം ഇൻഫ്‌ളൂവൻസറായ സാറാ പട്ടേലിന്റെ വീഡിയോ ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് രശ്മിക മന്ദാനയുടെതാക്കി മാറ്റുകയായിരുന്നു. ഡൽഹി പോലീസിലെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് വിഭാഗമാണ് പ്രതിയെ പിടികൂടിയത്.
രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പുറത്തുവന്നതിന് പിന്നാലെ താരം തന്നെ ആശങ്കയറിയിച്ചുകൊണ്ട് രംഗത്ത് എത്തിയിരുന്നു. വ്യാജ വീഡിയോ വേദനിപ്പിച്ചുവെന്നും ഭയപ്പെടുത്തിയെന്നും കൂടുതൽപ്പേർ ഇരയാകുന്നതിന് മുമ്പ് ഒരു സമൂഹമെന്ന നിലയിൽ പ്രശ്‌നത്തെ നേരിടണമെന്നും രശ്മിക പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അമിതാഭ് ബച്ചനടക്കമുള്ള താരങ്ങൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.
രശ്മികയ്ക്ക് പിന്നാലെ നടി കത്രീന കൈഫ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുടങ്ങി നിരവധി പേരുടെ ഡീപ് ഫേക്ക് വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഡീപ്ഫേക്ക് വിവാദം ശക്തമായതിന് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്രം മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
എന്താണ് ഡീപ് ഫേക്ക്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വ്യാജമായി നിർമിക്കുന്ന ചിത്രങ്ങളോ വീഡിയോയോ ശബ്ദ ഫയലുകളെയോ ആണ് ഡീപ്ഫേക്ക് എന്ന് പറയുന്നത്. നിലവിലുള്ള ചിത്രങ്ങളോ വീഡിയോകളോ മറ്റൊരാളുടെതാക്കി മോർഫ് ചെയ്യുന്നതിനും ഈ ടൂൾ ഉപയോഗിക്കാൻ പറ്റും. കുറ്റകൃത്യങ്ങൾക്കും ഇപ്പോൾ ഡീപ്ഫേക്ക് വീഡിയോകൾ ഉപയോഗിക്കുന്നുണ്ട്.