നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന ഒരേയൊരു നാടകം കൊണ്ടുതന്നെ ചരിത്രം തിരുത്തിക്കുറിച്ച ബഹുമുഖ പ്രതിഭയായിരുന്ന തോപ്പില്‍ ഭാസിയുടെ ജന്മശതാബ്ദി നാടക പ്രവര്‍ത്തകര്‍ക്കും കലാകാരന്മാര്‍ക്കും പുതിയ ഊര്‍ജം പകരുന്നു. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിന്റെ സ്വീകാര്യതയും പ്രചുരപ്രചാരവും മറ്റൊരു കൃതിക്കും അവകാശപ്പെടാനാവില്ല. രാഷ്ട്രീയമാനമുളള നാടകം കാഴ്ചയുടെ, സംവേദനത്തിന്റെ, ആസ്വാദനത്തിന്റെ പുതിയ പാതകള്‍ വെട്ടിത്തുറന്നു. കെ പി എ സിയുടെ നട്ടെല്ലായിരുന്ന തോപ്പില്‍ ഭാസിയുടെ നാടകങ്ങള്‍ ജനപ്രിയമായത് പ്രമേയത്തിന്റെ സവിശേഷതകൊണ്ടും അവതരണത്തിന്റെ തനിമയാലുമാണ്.
അക്കാലത്ത് സിനിമയോളം പ്രചാരമുണ്ടായിരുന്നു നാടകങ്ങള്‍ക്ക്. രാഷ്ട്രീയം പറയുന്ന, സമൂഹ്യ പ്രസക്തിയുളള നാടകങ്ങള്‍ ഒരു ഭാഗത്തും ഫാന്റസിക്ക് മുന്‍ഗണന നല്‍കി വിസ്മയലോകം സൃഷ്ടിക്കുന്നവ മറുവശത്തുമായി (കലാനിലയം) നാടകലോകം സജീവമായിരുന്ന കാലഘട്ടമായിരുന്നു അത്. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന സൃഷ്ടിക്ക് നാടകമെന്ന നിലയ്ക്കു ലഭിച്ച വന്‍ സ്വീകരണം സിനിമയായപ്പോള്‍ നേടാന്‍നായില്ലെങ്കിലും അതും ഒരു ഓര്‍മപ്പെടുത്തല്‍ ആയിരുന്നു-പോയകാലത്തെക്കുറിച്ചും അതിന്റെ അഭിശപ്തതയെപ്പറ്റിയും.
നാടകരംഗത്തുനിന്ന് സിനിമാരംഗത്തെത്തിയ തോപ്പില്‍ ഭാസി അവിടെയും ചുവടുറപ്പിക്കുകയായിരുന്നു. മണ്ണിന്റെ മണവും ഗുണവും പ്രത്യേകതകളുമുള്ള രചനകളാണ് തോപ്പില്‍ ഭാസിയെ വ്യത്യസ്തനാക്കിയത്. വളളിക്കുന്നത്ത് ജനിച്ച (1924) തോപ്പില്‍ ഭാസ്‌കര പിളളയാണ് പിന്നീട് തോപ്പില്‍ ഭാസിയായി മലയാള നാടക-സിനിമ സാഹിത്യ നഭോമണ്ഡലത്തില്‍ നക്ഷത്ര ശോഭയോടെ തിളങ്ങിനിന്നത്. ബഹുമുഖ പ്രതിഭക്ക് ഏറ്റവും വലിയ ഉദാഹരണമാണ് തോപ്പില്‍ ഭാസിയെന്ന ഒറ്റയാന്‍. നാടകകൃത്ത്, തിരക്കഥാ രചയിതാവ്, നാടക-സിനിമാസംവിധായകന്‍, നിര്‍മാതാവ്, സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ഒളിവിലെ ഓര്‍മകള്‍ എന്ന ആത്മകഥയും ശ്രദ്ധിക്കപ്പെട്ടു. കെ പി എസിയെ കേരളത്തിലെ ഏറ്റവും മികച്ച നാടകസംഘമാക്കി മാറ്റിയതില്‍ ഭാസി വഹിച്ച പങ്ക് നിസ്തുലമാണ്. അക്കാലത്ത് പ്രതിഭകളുടെ സംഗമകേന്ദ്രമായിരുന്നു കെ പി എസി. നാടക സിനിമാമേഖലകളിലായി വയലാര്‍ രാമവര്‍മ, ഒ എന്‍ വി കുറുപ്പ്, തോപ്പില്‍ ഭാസി, പറവൂര്‍ ദേവരാജന്‍, കാമ്പിശ്ശേരി കരുണാകരന്‍ തുടങ്ങിയവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച കാലം. വയലാര്‍ ഭാസി കാമ്പിശ്ശേരി എന്നീ മൂവര്‍ ഉറ്റ തോഴരുമായിരുന്നു. ഫോട്ടോകളിലെല്ലാം അവരെ ഒരുമിച്ച് കാണാം.
ജീവിതഗന്ധിയായ കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളുമാണ് തോപ്പിൽ ഭാസിയുടെ സൃഷ്ടികള്‍ക്ക് മാറ്റുകൂട്ടിയത്. ജനങ്ങള്‍, പ്രേക്ഷകര്‍ നാടകത്തിലൂടെയും പിന്നീട് സിനിമയിലും പച്ചയായ ജീവിതം കാണുകയും അനുഭവിക്കുകയുമാണ് ചെയ്തത്
തോപ്പില്‍ ഭാസി എഴുതി സംവിധാനം ചെയ്ത നാടകങ്ങള്‍ രംഗവേദികളില്‍ വലിയ ചലനം സൃഷ്ടിച്ച് ആബാലവൃദ്ധം ജനങ്ങളുടെ പ്രശംസ നേടി. പിന്നീട് അവയില്‍ പല കൃതികളും സിനിമയിലെത്തുകയും ചെയ്തു. അശ്വമേധം, മുടിയനായ പുത്രന്‍, തുലാഭാരം, ശരശയ്യ, ഏണിപ്പടികള്‍, ഒരു സുന്ദരിയുടെ കഥ തുടങ്ങിയ രചനകള്‍ നാടകത്തിലും സിനിമയിലും വലിയ പരിവര്‍ത്തനത്തിന് നാന്ദി കുറിച്ചു. സാധാരണക്കാരായ തൊഴിലാളികളും കര്‍ഷകരും ചെറുകിട കച്ചവടക്കാരും കമ്മ്യൂണിസമെന്ന ആദര്‍ശത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത് താത്വികമായ അറിവിലല്ല മറിച്ച് ജീവിതത്തിന്റെ പ്രതിഫലനം കലാസൃഷ്ടികളില്‍ കണ്ടതുകൊണ്ടാണ്. 'സ്‌നേഹിക്കയില്ലഞാന്‍ നോവുമാത്മാവിനെ സ്‌നേഹിച്ചിടത്തൊരു തത്ത്വശാസ്ത്രത്തെയും' എന്ന് വയലാര്‍ എഴുതിയതുപോലെ.
ജീവിതഗന്ധിയായ കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളുമാണ് ഭാസിയുടെ സൃഷ്ടികള്‍ക്ക് മാറ്റുകൂട്ടിയത്. ജനങ്ങള്‍, പ്രേക്ഷകര്‍ നാടകത്തിലൂടെയും പിന്നീട് സിനിമയിലും പച്ചയായ ജീവിതം കാണുകയും അനുഭവിക്കുകയുമാണ് ചെയ്തത്. അശ്വമേധം, തുലാഭാരം, മൂലധനം തുടങ്ങിയവ സിനിമയായപ്പോഴും വന്‍വിജയം നേടി. സത്യനും പ്രേം നസീറുമെല്ലാം മികച്ച അഭിനയം കാഴ്ചവച്ചവയാണ് തോപ്പില്‍ ഭാസിയുടെ സിനിമകള്‍. സിനിമയിലും നാടകത്തിലും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. അക്കാലത്ത് മലയാള സിനിമാരംഗത്ത് രണ്ട് ഭാസിമാരാണ് നിറഞ്ഞുനിന്നത്. അരങ്ങത്ത് അടൂര്‍ ഭാസിയും അണിയറയില്‍ തോപ്പില്‍ഭാസിയും.
നാടകരംഗത്തായാലും സിനിമാരംഗത്തായാലും തന്റെ കൂടെ നില്‍ക്കുന്നവര്‍ ജീവിതത്തില്‍ കഷ്ടപ്പെടാതെ രക്ഷപ്പെടണമെന്ന നിര്‍ബന്ധബുദ്ധിക്കാരനായിരുന്നു അദ്ദേഹം. കണിശക്കാരനായ ഒരു കാരണവരുടെ മനോഭാവം അദ്ദേഹം പ്രകടിപ്പിച്ചത് ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെങ്കിലും അതിനെ അതിജീവിക്കുവാനുളള കഴിവും നയതന്ത്രജ്ഞതയും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.മലയാളത്തിലെ ഏറ്റവും മികച്ച നാടക ട്രൂപ്പായി കെ പി ഏസി മാറിയതില്‍ ഭാസിയുടെ അക്ഷീണ പ്രയത്‌നം പരമപ്രധാനമായിരുന്നു.
ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വവവുമായി വളരെ നല്ല ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം പലപ്പോഴും അതിലെ അന്തര്‍നാടകങ്ങളിലും സഘര്‍ഷങ്ങളിലും നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു.നാടകത്തിലെന്നപോലെ സിനിമയിലും സജീവമായിരുന്ന പലരുമുണ്ടെങ്കിലും തോപ്പില്‍ ഭാസിക്ക് സമശീര്‍ഷരായി ആരുമില്ലെന്ന് കാണാം. ഭാസിയോടുപമിക്കാന്‍ ഭാസി മാത്രം. ദൃശ്യകലാരംഗത്തെ അതികായനായ തോപ്പില്‍ ഭാസിയുടെ അഭാവം ഇന്നും നികത്താനായിട്ടില്ല. തീക്ഷ്ണമായ ജീവിതാനുഭവങ്ങളില്‍നിന്നാണ് ഭാസി സൃഷ്ടിയുടെ വിഭവങ്ങള്‍ ഒരുക്കിയതും കഥാപാത്രങ്ങളെ കണ്ടെടുത്തതും. ചാപ്ലിന്‍ മുതല്‍ മാര്‍ക്കേസ്‌വരെ ജീവിതത്തില്‍നിന്ന് കണ്ടെത്തിയ കഥാപാത്രങ്ങള്‍ക്ക് രചനകളില്‍ അനശ്വരത നല്‍കിയതു സുവിദിതമാണല്ലോ.
ഇരുപതാം നൂറ്റാണ്ടില്‍ കേരള സാംസ്‌കാരിക രംഗത്ത് ജ്വലിച്ചുനിന്ന ഭാസി എന്ന പ്രതിഭാസത്തെ അറിയാനും അളക്കാനും ഇനിയും വിലപ്പെട്ട പഠനങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു. ഭാവിയില്‍ പുതിയ ഗവേഷകര്‍ ഈ വഴിയിലൂടെ സഞ്ചരിക്കുകതന്നെ ചെയ്യും കാരണം കാലം അത് ആവശ്യപ്പെടുന്നു.