ENTERTAINMENT

നിഷേധിയുടെ വിയോഗം; ജോണ്‍ ഇല്ലാതായിട്ട് 36 വര്‍ഷം

സിനിമയിലെ വാർപ്പുരീതികളെയെല്ലാം പൊളിച്ചെഴുതിയ ജോണ്‍ എബ്രഹാം യാത്രയായത് 1987 മേയ് 31നായിരുന്നു

സി എസ് സിദ്ധാർത്ഥന്‍

വലിച്ചു കെട്ടിയ വെള്ളിത്തിരയില്‍ കലയും കലാപവും സ്വപ്‌നം കണ്ട ജീവിതം. സാഹിത്യത്തിന്‍െ്‌റയും സിനിമയുടെയും ഉള്ളറകളില്‍ കലാപരമായ ധിക്കാരത്തോടെ നടക്കുന്ന രീതി. ഒടുവില്‍ യാതൊരു മുന്‍വിധികളുമില്ലാതെ ജീവിതത്തില്‍ നിന്നും ചിരിച്ചുകൊണ്ടുള്ള വിട വാങ്ങല്‍.... അതായിരുന്നു ജോണ്‍ എബ്രഹാം.

മലയാളിയുടെ സദാചാരബോധത്തെ മാത്രമല്ല സിനിമയിലെ വാർപ്പുരീതികളെയെല്ലാം പൊളിച്ചെഴുതിയ നിഷേധിയായിരുന്നു ജോണ്‍. സിനിമയിലും ജീവിതത്തിലുമെന്ന പോലെ മരണത്തിലും വ്യവസ്ഥാപിത രീതികളെ വെല്ലുവിളിച്ചാണ് 36 വര്‍ഷം മുൻപ് ജോൺ ഈ ലോകം വിട്ടുപോയത്. വെറും നാലു സിനിമകളിലൂടെ മാത്രം ലോകസിനിമയില്‍ തന്‍െ്‌റതായ സ്ഥാനം ഉറപ്പിച്ച സംവിധായകനായിരുന്നു ജോണ്‍.

1937ല്‍ കുട്ടനാട്ടിലെ ചേന്നംകരിയിലാണ് ജോണ്‍ എബ്രഹാം ജനിച്ചത്. കോട്ടയം സിഎംഎസ് സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. തുടര്‍ന്ന് തിരുവല്ല മാര്‍ത്തോമ കോളേജില്‍നിന്ന് ചരിത്രത്തില്‍ ബിരുദം നേടി. കുറച്ചുകാലം അധ്യാപകനായി ജോലി ചെയ്തു. പിന്നീട് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ഓഫീസ് അസിസ്റ്റന്റായി ചേര്‍ന്നു. തുടര്‍ന്നാണ് അദ്ദേഹം 1965 ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തിരക്കഥാരചനയും സംവിധാനവും പഠിക്കാന്‍ ചേരുന്നത്.

തിരക്കഥയിലും ചലച്ചിത്ര സംവിധാനത്തിലും സ്വര്‍ണമെഡലുകളോടെയാണ് 1969ല്‍ ജോണ്‍ എഫ് ടി ഐ എയില്‍നിന്ന് ബിരുദം നേടി പുറത്തിറങ്ങുന്നത്. ഉസ്‌കി റോട്ടി (1969 ഹിന്ദി) എന്ന ചിത്രത്തിനായി മണി കൗളിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചുകൊണ്ട് അദ്ദേഹം സിനിമയിലെത്തി. 1972 ല്‍ പുറത്തിറങ്ങിയ 'വിദ്യാര്‍ഥികളേ ഇതിലേ ഇതിലേ' ആയിരുന്നു ആദ്യ ചിത്രം.

അതിനുശേഷം 1977ല്‍ പുറത്തിറങ്ങിയ 'അഗ്രഹാരത്തില്‍ കഴുതൈ' എന്ന തമിഴ് ചിത്രമാണ് ജോണിന് ചലച്ചിത്രലോകത്ത് അംഗീകാരം നല്‍കിയത്. മികച്ച സംവിധായകനുള്ള തമിഴ്നാട് സര്‍ക്കാര്‍ പുരസ്‌കാരവും മികച്ച പ്രാദേശിക സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. സംഗീത സംവിധായകനായ എം ബി ശ്രീനിവാസനായിരുന്നു ഈ ചിത്രത്തിലെ മുഖ്യ കഥാപാത്രം.

നിര്‍ത്താതെ പറഞ്ഞിട്ടും തീരാത്ത കഥ പോലെയായിരുന്നു ജോണിന്റെ ജീവിതം. ചിലപ്പോള്‍ അവധൂതനായും മറ്റു ചിലപ്പോള്‍ പ്രതിഷേധത്തിന്റെയും ധിക്കാരത്തിന്റെയും ആള്‍രൂപമായും വിശേഷിപ്പിക്കപ്പെട്ട ജോണ്‍, ജീവിതത്തോടൊപ്പം അപൂര്‍ണമായി ബാക്കിവച്ചുപോയത് നൂറുകണക്കിന് ഭാഗികമായ കഥകളും തിരക്കഥകളുമാണ്. സക്കറിയയുമൊത്ത് തിരക്കഥ തീര്‍ത്ത 'ജോസഫ് ഒരു പുരോഹിതന്‍, 'നന്മയില്‍ ഗോപാലന്‍' എന്നിവയാണ് സിനിമയാകാതെ പോയ പ്രധാന തിരക്കഥകള്‍.

മകന്‍ നഷ്ടപ്പെട്ട അമ്മയുടെ വ്യഥ ചലച്ചിത്രമാക്കിയ ജോണ്‍ എബ്രഹാം മലയാള ചലച്ചിത്ര രംഗത്ത് പുതിയ പ്രവണതകള്‍ക്ക് ചുക്കാന്‍ പിടിച്ച വ്യക്തിയായിരുന്നു. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മികച്ച 10 ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ഇടം നേടിയ ഏക ദക്ഷിണേന്ത്യന്‍ ചിത്രം 'അമ്മ അറിയാന്‍' ആയിരുന്നു. കലയുടെ സത്യസന്ധതയും ധിക്കാരങ്ങളും ജോണ്‍ എബ്രഹാമിന്റെ സിനിമകളിലെല്ലാം നിറഞ്ഞുനിന്നു. ജോണ്‍ എന്ന പ്രതിഭയോടൊപ്പം എല്ലാക്കാലത്തും ലഹരിയും അരാജകത്വവും കൂട്ടുണ്ടായിരുന്നു.

മൂവി ക്യാമറ കൊണ്ടും ജീവിതം കൊണ്ടുമുള്ള കലാപമായിരുന്നു ജോണിന്റെ ഓരോ ദിവസവും. എന്നാല്‍ നിര്‍ഭയമായ ആ ജീവിതം കലാപരമായ ധൂര്‍ത്തായിരുന്നെന്നും വഴിപിഴച്ച മാര്‍ഗദീപമായിരുന്നെന്നും വ്യാഖ്യാനിക്കപ്പെട്ടു. വ്യവസ്ഥാപിതമായ എല്ലാ താത്പര്യങ്ങള്‍ക്കുമെതിരെ നെഞ്ചുവിരിച്ചുനിന്ന് ജോണ്‍ ആരോപണങ്ങളെ ചിരിച്ചുതള്ളി. കലാമൂല്യമുള്ള സിനിമയെ ജനകീയമാക്കാന്‍ ശ്രമിച്ച ഒഡേസ പ്രസ്ഥാനത്തിലൂടെ ജോണ്‍ നല്‍കിയ സംഭാവനകളും ശ്രദ്ധേയമാണ്.

ഒടുവില്‍ 1987 മേയ് 3ന് അപകട മരണത്തില്‍ ജോണ്‍ അവസാനിച്ചു. കോഴിക്കോട് നഗരത്തിലെ പണിതീരാത്ത ഒരു കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേക്ക് വീണാണ് ജോണ്‍ ജീവിതത്തോടും സിനിമയോടും വിടപറഞ്ഞത്.

ജോണ്‍ എബ്രഹാമിന്റെ സിനിമകള്‍

വിദ്യാര്‍ഥികളെ ഇതിലെ ഇതിലെ (1972), അഗ്രഹാരത്തില്‍ കഴുതൈ (1977), ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ (1979), അമ്മ അറിയാന്‍ (1986).

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി