കന്നഡ സിനിമയുടെ പതിവ് ഫോർമുലയെ തന്നെ മാറ്റിമറിച്ചായിരുന്നു പവൻ കുമാറിന്റെ സംവിധാനത്തിൽ ലൂസിയയുടെ വരവ്. ആ വരവിൽ മലയാളികളായ ചില സിനിമാ പ്രേക്ഷകർ പവൻ കുമാർ എന്ന സംവിധായകനെ ശ്രദ്ധിച്ചു. ഫഹദും പവനും ഒന്നിക്കുന്ന ധൂമം എന്നൊരു മലയാള സിനിമ വരുന്നു എന്ന വാർത്തയിൽ മലയാളികൾ സന്തോഷിക്കാനുളള കാരണവും ലൂസിയ തന്നെയായിരുന്നു. പക്ഷെ ധൂമത്തിലെത്തുമ്പോൾ മലയാളി പ്രേക്ഷകന്റെ പ്രതീക്ഷയെ തൃപ്തിപ്പെടുത്താൻ പവൻ കുമാർ എന്ന സംവിധായകന് കഴിഞ്ഞോ?
പ്രതീക്ഷക്കൊത്ത് വന്നില്ലെന്ന് പറയേണ്ടിവരും. സിഗരറ്റ് വില്പനയിൽ ലാഭം കൊയ്യുന്ന കോർപ്പറേറ്റുകളും കൂട്ടുനിന്ന് നികുതി കൈപറ്റുന്ന ഗവണ്മെന്റും പുകവലിയുടെ ദൂഷ്യവശങ്ങൾ അനുഭവിക്കേണ്ടിവരുന്ന ജനങ്ങളുമാണ് ധൂമത്തിന് ആധാരം. ലൈക്സ് എന്ന സിഗരറ്റ് ബ്രാൻഡിന്റെ മാർക്കറ്റിങ് ഹെഡ് ആയി ചുമതല ഏൽക്കുന്ന അവിനാഷ് ആണ് ഫഹദിന്റെ കഥാപാത്രം. അയാളിൽ തുടങ്ങി അയാൾക്കൊപ്പം സഞ്ചരിച്ച് അയാളിൽ തന്നെ അവസാനിക്കുന്ന നരേഷനാണ് സിനിമ ഫോളോ ചെയ്തിരിക്കുന്നത്. ഹേ സിനാമികയുടെ ഒക്കെ ക്യാമറ ചെയ്തിട്ടുളള പ്രീത ജയരാമനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പവൻ കുമാർ സിനിമകളിലെ സ്ഥിരസാന്നിധ്യം പൂർണചന്ദ്ര തേജസ്വി ആണ് സംഗീതം. സിനിമയിൽ ആകെ പറയാനാവുന്ന 2 പോസിറ്റീവ് എലമെന്റുകൾ ഇവയാണ്.
കന്നഡ തെലുങ്ക് സിനിമകൾ മലയാളത്തിലേയ്ക്ക് മൊഴിമാറ്റുമ്പോൾ സംഭവിക്കാറുളള അപരിചിതത്വം അതേ അളവിലല്ലെങ്കിലും ധൂമത്തിൽ സംഭവിച്ചിട്ടുണ്ട്.
മികച്ച ക്യാമറയും പശ്ചാത്തല സംഗീതവും ഫഹദിന്റെ സ്ക്രീൻ പ്രസൻസും കൊണ്ട് ആദ്യ കുറച്ച് മിനിറ്റുകൾക്കകം തന്നെ കഥയിലേയ്ക്ക് നമ്മൾ കടക്കും. പക്ഷെ ആദ്യം തോന്നിപ്പിച്ച ആ ആകാംക്ഷ അതേപടി നിലവനിർത്താൻ സിനിമയ്ക്ക് ആവുന്നില്ല. അതിനൊരു പ്രധാന കാരണമായി തോന്നിയത് ഡയലോഗ് ഡെലിവെറിയിലെ അസ്വഭാവികതയാണ്. കന്നഡ തെലുങ്ക് സിനിമകൾ മലയാളത്തിലേയ്ക്ക് മൊഴിമാറ്റുമ്പോൾ സംഭവിക്കാറുളള അപരിചിതത്വം അതേ അളവിലല്ലെങ്കിലും ധൂമത്തിൽ സംഭവിച്ചിട്ടുണ്ട്.
ഫഹദിന്റെയും റോഷൻ മാത്യുവിന്റെയും അനു മോഹന്റെയുമൊക്കെ കഥാപാത്രങ്ങൾ ഡയലോഗുകളിലെ ഈ പോരായ്മ മറികടക്കാൻ പരമാവധി ശ്രമിച്ചപ്പോഴും അതിന് കഴിയാതെ പോയ കഥാപാത്രമായിരുന്നു അപർണ ബാലമുരളിയുടേത്.
ആസ്വാദനത്തെ ഏറ്റവുമധികം ബാധിച്ചത് അപർണയുടെ പ്രകടനവും സംഭാഷണങ്ങളുമായിരുന്നു. മുമ്പ് പല മലയാളസിനിമകളിലും സ്വാഭാവിക അഭിനയവും സംഭാഷണ ശൈലിയും കൊണ്ട് ശ്രദ്ധിക്കപ്പെട്ടിട്ടുളള ഭാനുമതി പയ്യന്നൂർ എന്ന നടിയുടെ വളരെ കുറച്ച് നേരം മാത്രം നിൽക്കുന്ന ഡയലോഗുകളിൽ പോലും ഇതേ പ്രശ്നം കാണുമ്പോഴാണ് സംവിധാനത്തിനും ഡയലോഗ് എഴുത്തിലും കാര്യമായ പിഴവുണ്ടായിട്ടുണ്ടെന്ന് പ്രേക്ഷകർ ഉറപ്പിക്കുന്നത്. സംഭാഷണങ്ങളിൽ മാത്രമല്ല ഫഹദിന്റെ ലൈഫിൽ ടേണിങ് പോയിന്റായി എന്ന് കാണിക്കുന്ന പല സാഹചര്യങ്ങളും മാർക്കറ്റിങ് ഹെഡ് എന്ന നിലയിൽ അയാൾ പ്രയോഗിച്ചു എന്ന് പറയുന്ന പല ബുദ്ധികളും ഒട്ടും തന്നെ എക്‌സൈറ്റ്‌മെന്‌റ് പ്രേക്ഷകന് നൽകാൻ പോന്നവ ആയിരുന്നില്ല.
വിനീത് അടക്കമുളള മറ്റ് കഥാപാത്രങ്ങൾക്കും കോർപ്പറേറ്റ് സ്റ്റൈൽ വർത്തമാനം തന്നെയാണ്.
ഒരു വലിയ അപകടാവസ്ഥയിൽ നിന്നുകൊണ്ട് അതിൽ നിന്നും രക്ഷപെടാനുളള ശ്രമങ്ങൾക്കിടയിലൂടെയാണ് അവിനാഷിന്റെ ഭാര്യ കൂടിയായ അപർണയുടെ കഥാപാത്രം ദിയയുടെ നിരന്തര ചോദ്യങ്ങൾ കാരണം ആ അപകടത്തിലേയ്ക്ക് അവരെ എത്തിച്ച സംഭവങ്ങൾ അവിനാഷിന് പറയേണ്ടി വരുന്നത്. എന്നോടെന്താ ഒന്നും പറയാത്തെ, എന്നിട്ടെന്ത് സംഭവിച്ചു, നീ എന്താ ഇനി ചെയ്യാൻ പോകുന്നെ? എന്ന ഡയലോഗുകൾ തുടക്കം മുതൽ ഒടുക്കം വരെ അപർണ ആവർത്തിച്ചുകൊണ്ടേ ഇരിക്കുന്നുണ്ട്.
വിനീത് അടക്കമുളള മറ്റ് കഥാപാത്രങ്ങൾക്കും കോർപറേറ്റ് സ്റ്റൈൽ വർത്തമാനം തന്നെയാണ്. ചില രംഗങ്ങളിൽ ബിസിനസുകാർ തമ്മിലുളള വർത്തമാനം അരോചകമായി തോന്നിയേക്കാം. ഇത്തരം രംഗങ്ങൾ ഒരിക്കലും ഒരു മലയാളസിനിമ ആഗ്രഹിക്കുന്ന പാറ്റേണിലേ അല്ല ചെയ്തെടുത്തിട്ടുളളത്.
സിഗരറ്റ് വിൽക്കുന്ന കോർപറേറ്റ് സ്ഥാപനങ്ങളാണോ, വാങ്ങി ഉപയോഗിക്കുന്ന ജനങ്ങളാണോ ഭാവിയിൽ അനുഭവിക്കേണ്ടി വരുന്ന ദൂഷ്യഫലങ്ങൾക്ക് ഉത്തരവാദികൾ എന്ന് ചോദിച്ചാൽ എന്താണ് ഉത്തരം? സിനിമയുടെ ക്ലൈമാക്സിൽ പറഞ്ഞു വയ്ക്കുന്നത് വിൽക്കുന്ന കോർപറേറ്റുകൾ എന്നാണ്. അതിൽ തന്നെ വിൽപന കൂട്ടാൻ കമ്പനിക്ക് ബുദ്ധി ഉപദേശിച്ചു കൊടുക്കുന്ന മാർക്കറ്റിങ് ഹെഡായ അവിനാഷ്. അവിനാഷിനെയും അയാളുടെ കുടുംബത്തെയും ഇല്ലായ്മ ചെയ്തുകൊണ്ട് പ്രതികാരം വീട്ടുന്ന വില്ലൻ ഒട്ടുമേ കൺവിൻസിങ്ങ് അല്ല. അത്തരമൊരു ക്ലൈമാക്സുകൊണ്ട് സിനിമ പറഞ്ഞു വയ്ക്കാനുദ്ദേശിക്കുന്ന സന്ദേശം വിപരീത ഫലം തരുന്നതായിട്ടാണ് തോന്നിയതും. പ്രതീക്ഷയ്ക്കൊത്ത് വന്നില്ലെന്ന് മാത്രമല്ല വിഷ്വലി റിച്ചെങ്കിലും ഒരു ശരാശരി മലയാളിക്ക് ആവറേജിലും താഴെയൊരു സിനിമാ അനുഭവമായിരിക്കും ധൂമം.