ലൈംഗിക പീഡനാരോപണത്തില്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി സിനിമാ മേഖലയിൽ നിന്ന് കൂടുതൽ പേർ രംഗത്ത്. കമൽഹാസന് പിന്നാലെ സംവിധായകന്‍ പാ രഞ്ജിത്ത്, നടി റിതിക സിങ്, നടന്‍ കലൈയരശന്‍ എന്നിവരും ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു
രാജ്യത്തിന്റെ യശസ്സുയർത്തിയ കായിക താരങ്ങളെ തെരുവിൽ നേരിടുന്ന സർക്കാർ നിലപാട് അങ്ങേയറ്റം അപലപനീയമെന്ന് പാ രഞ്ജിത്ത് ട്വിറ്ററിൽ കുറിച്ചു. ബ്രിജ് ഭൂഷണെതിരെ നടപടിയുണ്ടാകണമെന്നും വിഷയത്തിൽ സർക്കാർ നീതിപൂർവം ഇടപെടണമെന്നും പാ രഞ്ജിത്ത് ആവശ്യപ്പെട്ടു . കായിക താരങ്ങൾ മെഡലുകള്‍ നദിയില്‍ ഒഴുക്കാൻ തയ്യാറായിട്ട് പോലും സര്‍ക്കാര്‍ പ്രതികരിക്കാത്തത് നാണക്കേടാണ്
ഇന്ത്യന്‍ ഗുസ്തിക്കാരോടും അവരെ പിന്തുണയ്ക്കുന്നവരോടുമുള്ള സർക്കാർ നിലപാട് സങ്കടകരവും ലജ്ജാകരവുമാണെന്ന് നടി റിതിക സിങ് ട്വിറ്ററില്‍ കുറിച്ചു. മാനുഷിക പരിഗണന പോലുമില്ലാതെ കായികതാരങ്ങളെ ലോകത്തിന് മുന്നിൽ നാണം കെടുത്തുന്നതാണ് കേന്ദ്രസർക്കാർ നടപടിയെന്നും റിതിക കുറ്റപ്പെടുത്തുന്നു
'നാടിന് അഭിമാനമായ താരങ്ങള്‍ നീതിക്ക് വേണ്ടി പോരാടുകയാണ്. യാതൊരുവിധ മാന്യതയും ബഹുമാനവും ഇല്ലാതെയാണ് അവരോട് പെരുമാറിയതെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നായിരുന്നു നടന്‍ കലൈയരശന്റെ പ്രതികരണം
ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് നേരത്തെ കമൽഹാസനും രംഗത്ത് എത്തിയിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ താരങ്ങൾ ഗുസ്തി താരങ്ങൾക്കായി മുന്നോട്ട് വരുമെന്നാണ് വിലയിരുത്തൽ