റിതിക സിങ് പ്രധാനവേഷത്തിലെത്തുന്ന "ഇൻ കാർ"ൻ്റെ ട്രെയിലർ പുറത്തുവിട്ടു. യഥാർത്ഥ സംഭവങ്ങളാണ് ചിത്രത്തിലൂടെ പ്രതിപാദിക്കുന്നത്. ഹരിയാനയുടെ പശ്ചാത്തലത്തിൽ തട്ടിക്കൊണ്ടുപോയ പെൺകുട്ടിയുടെ അതിജീവന യാത്രയുടെ കഥ പറയുന്ന ചിത്രം ഓടുന്ന കാറിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന തരത്തിലുള്ള സിനിമയായിരിക്കും 'ഇൻകാറെ'ന്നത് ട്രെയ്ലറിൽ നിന്നും വ്യക്തമാണ്. ഹർഷ് വർദ്ധൻ ആണ് ചിത്രത്തിന്റെ സംവിധാനം. 2023 മാർച്ച് 3-ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ലഭിച്ച മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
ഈ രാജ്യത്തെ എല്ലാ സ്ത്രീകൾക്കും ഉണ്ടായിട്ടുള്ള ഒരു അനുഭവമാണ് ഇൻകാറെന്ന് റിതിക സിങ് പറഞ്ഞു. സിനിമ കാണുമ്പോൾ നിങ്ങളുടെ ജീവിതവുമായി അത് വളരെയധികം ബന്ധപ്പെട്ടിരിക്കും. എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കും ഉൾക്കൊള്ളാൻ കഴിയുന്ന ഒരു മനുഷ്യ കഥയാണിതെന്നും റിതിക സിങ് വ്യക്തമാക്കി. വേഗത്തിൽ ഓടുന്ന കാറിനുള്ളിൽ നടക്കുന്ന തട്ടിക്കൊണ്ടുപോകൽ കഥയാണ് ഇൻകാറെന്ന് സംവിധായകൻ ഹർഷ് വർദ്ധനും പറഞ്ഞു.
റിതിക സിങ്, മനീഷ് ജഞ്ജോലിയ, സന്ദീപ് ഗോയാത്ത്, സുനിൽ സോണി, ഗ്യാൻ പ്രകാശ് തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അഭയ് ഡിയോളിൻ്റെ 'നാനു കി ജാനു', ഗോവിന്ദയുടെ 'ഫ്രൈഡേ' എന്നീ ചിത്രങ്ങൾ നിർമ്മിച്ച അഞ്ചും ക്വറേഷിയും, സാജിദ് ക്വറേഷിയുമാണ് ഇൻ കാറും നിർമ്മിച്ചിരിക്കുന്നത്. മലയാളം, തമിഴ്,തെലുങ്ക്, കന്നട,ഹിന്ദി എന്നീ അഞ്ചു ഭാഷകളായിലായിരിക്കും ചിത്രത്തിൻ്റെ പ്രദർശനം.