നമ്പി നാരായണന്റെ ജീവിതാനുഭവങ്ങൾ വെള്ളിത്തിരയിലെത്തിച്ച് 'റോക്കറ്ററി ദി നമ്പി എഫക്ട്. നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞന്റെ ദുരനുഭവങ്ങൾക്കപ്പുറം, അദ്ദേഹം ലോകത്തിന് നൽകിയ സംഭാവനകളാണ് ചിത്രം പറയുന്നത്. സ്വപ്‌നം കാണുന്നതിനൊപ്പം അത് നേടിയെടുക്കാൻ അദ്ദേഹം നടത്തിയ പരിശ്രമങ്ങളും നേരനുഭവങ്ങളുമാണ് ചിത്രത്തിൽ പ്രമേയമാകുന്നത്. ജോലിയോടുള്ള അമിതമായ അഭിനിവേശത്തില്‍ കുടുംബത്തിന്റെ സന്തോഷവും സമാധാനവും ഇല്ലാതാകുന്നതിനെയും സൂക്ഷ്മമായി പകർത്തിയിട്ടുണ്ട്, റോക്കറ്ററി ദി നമ്പി എഫക്ട്.
ഇന്ത്യന്‍ സിനിമയില്‍ തന്റെതായ ഇടം കണ്ടെത്തിയ ആര്‍. മാധവനാണ് ചിത്രത്തില്‍ നമ്പിയുടെ വേഷത്തില്‍ എത്തുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും മാധവനാണ്. സംവിധാന രംഗത്തേക്കുള്ള മാധവന്റെ ആദ്യ ചുവടുവെപ്പുകൂടിയാണിത്. 27 വയസുമുതല്‍ 70 വയസുവരെയുള്ള നമ്പിയുടെ ജീവിതയാത്രകളെ കുറിച്ച് പറയുന്ന ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ ലുക്കിലാണ് മാധവന്‍ എത്തിയിരിക്കുന്നത്. അതിനു വേണ്ടി ശാരീരികമായി മാധവന്‍ വരുത്തിയ മാറ്റങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു.
സിനിമയില്‍ അദ്ദേഹത്തിന്റെ ഭാര്യയായി വേഷമിട്ടിരിക്കുന്നത് നടി സിമ്രാനാണ്. ഇരുവരും പതിനഞ്ച് വര്‍ഷത്തിന് ശേഷം ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വളരെ കുറച്ച് സീനുകളില്‍ മാത്രമാണ് സിമ്രാന്‍ എത്തുന്നതെങ്കിലും കഥാപാത്രത്തെ മികവുള്ളതാക്കിയിട്ടുണ്ട്.
ഷാറൂഖ് ഖാന്‍ അതിഥി വേഷത്തിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, കന്നഡ, അറബിക്ക്, സ്പാനിഷ് , ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പനീസ് തുടങ്ങിയ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. തമിഴ് പതിപ്പില്‍ സൂര്യയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആറു രാജ്യങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയത്. നൂറ് കോടി മുതല്‍മുടക്കിയ ചിത്രത്തിന്റെ നിര്‍മ്മാതാവ് ഡോക്ടര്‍ വര്‍ഗ്ഗീസ് മൂലനാണ്. മലയാളി സംവിധായകന്‍ പ്രജേഷ് സെന്നാണ് ചിത്രത്തിന്റെ കോ ഡയറക്ടര്‍.