സിങ്കം റിട്ടേൺ പുറത്തിറങ്ങി ഒൻപത് വർഷങ്ങൾക്ക് ശേഷം ബോളിവുഡിലെ സൂപ്പർ കോമ്പോ അജയ് ദേവ്ഗൺ- രോഹിത് ഷെട്ടി കൂട്ടുകെട്ട് വീണ്ടും. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിങ്കം എഗെയ്ന്‍ ചിത്രീകരണം ആരംഭിച്ചു.
രോഹിത് ഷെട്ടി, അജയ് ദേവ്ഗൺ, രൺവീർ സിങ് എന്നിവർ ടീമിനൊപ്പം ജോയിൻ ചെയ്തു. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചതായി ടീം അവരവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ അറിയിക്കുകയായിരുന്നു. സെറ്റിൽ ഇല്ലാത്തതിൽ ദുഃഖമറിയിച്ച് അക്ഷയ് കുമാറും സോഷ്യല്‍മീഡിയയില്‍ കുറിച്ചു. അധികം വൈകാതെ, സെറ്റിൽ ഇവർക്കൊപ്പം ചേരുമെന്നും എല്ലാ ഭാവുകങ്ങളും നേരുന്നതായും അക്ഷയ് എക്സിൽ കുറിച്ചു.
പൂജയുടെ ചിത്രങ്ങൾ അജയ് ദേവ്ഗൺ എക്സില്‍ പങ്കുവച്ചു. "12 വർഷം മുൻപ്, ഞങ്ങൾ ഇന്ത്യൻ സിനിമയ്ക്ക് ഏറ്റവും മികച്ച സിനിമാറ്റിക് കോപ്പ് യൂണിവേഴ്സ് സമ്മാനിച്ചു. വർഷങ്ങളായി ഞങ്ങൾക്ക് ലഭിച്ച എല്ലാ സ്നേഹവും അറിഞ്ഞ്, സിങ്കം കുടുംബം വലുതാകുകയാണ്. സിംഗം എഗെയ്നുമായി ഞങ്ങളുടെ ഫ്രാഞ്ചൈസി മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചിരിക്കുന്നു." അദ്ദേഹം എക്സില്‍ കുറിച്ചു. പോലീസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് രോഹിത് ഷെട്ടി സൃഷ്ടിച്ച ഒരു ഇന്ത്യൻ മാധ്യമ ഫ്രാഞ്ചൈസിയാണ് കോപ് യൂണിവേഴ്സ്.
"12 വർഷങ്ങൾക്ക് മുൻപ് സിങ്കം റിട്ടേൺസ് സംവിധാനം ചെയ്യുമ്പോൾ, ഇതൊരു കോപ് യൂണിവേഴ്‌സ് ആയി മാറുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല. ഇന്ന് സിങ്കം എഗെയ്ന്‍ ചിത്രീകരണം ആരംഭിച്ചു. കോപ് ഫ്രാഞ്ചൈസിയിലെ അഞ്ചാമത്തെ ചിത്രമാണിത്." സിങ്കം, സിങ്കം റിട്ടേൺസ്, സിംമ്പ, സൂര്യവാൻഷി എന്നീ നാല് ചിത്രങ്ങളും എടുത്തുപറഞ്ഞുകൊണ്ട് സംവിധായകൻ രോഹിത് ഷെട്ടി ഇൻസ്റാഗ്രാമിൽ കുറിച്ചു.
"ഇപ്പോൾ രാജ്യത്ത് ഇല്ല, ഈ ഫോട്ടോയില്‍ ഇല്ലെങ്കിലും മനസ് പൂർണമായും അവിടെയുണ്ട്. #SinghamAgain സെറ്റില്‍ നിങ്ങളോടൊപ്പം ചേരാൻ കാത്തിരിക്കുന്നു. എന്റെ ശുഭാശംസകൾ." അക്ഷയ് എക്സില്‍ കുറിച്ചു.
"രോഹിത് ഷെട്ടിയുടെ കോപ് യൂണിവേഴ്സിലെ എന്റെ ഏറ്റവും ഇഷ്ടമുള്ള കഥാപാത്രമായ സിംമ്പ, സിങ്കം എഗെയ്നിലാണ്. പുതിയ യാത്രയിൽ എല്ലാവരുടെയും സ്നേഹവും പ്രാർഥനയും ഒപ്പമുണ്ടാകണം." രൺവീർ സിങ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.