ENTERTAINMENT

‘റോ ആൻഡ് റസ്റ്റിക്, തലൈവർ പടമല്ല, കംപ്ലീറ്റ് ജ്ഞാനവേൽ മാജിക്, മഞ്ജു വാര്യരെ തരംതാഴ്ത്താത്തതിൽ നന്ദി'; വേട്ടയന് എക്സിൽ സമ്മിശ്ര പ്രതികരണം

വെബ് ഡെസ്ക്

രജനികാന്തിന്റെ വേട്ടയന് എക്സിൽ സമ്മിശ്ര പ്രതികരണം. ആദ്യ പകുതിയോളം എത്തിയില്ല ഇടവേളയ്ക്ക് ശേഷമെന്ന് ചിലർ. തലൈവർ ചിത്രമല്ല, കംപ്ലീറ്റ് ജ്ഞാനവേൽ മാജിക്കെന്ന് മറ്റു ചിലർ. റോ ആന്‍ഡ് റസ്റ്റിക് എന്നാണ് ഒരു കൂട്ടർ ചിത്രത്തിന് നൽകുന്ന ടാ​ഗ് ലൈൻ. ശക്തമായ സന്ദേശം മുന്നോട്ടുവെക്കുന്ന ചിത്രമെങ്കിലും പ്രവചിക്കാവുന്നതാണ് വേട്ടയനിലെ പല രംഗങ്ങളുമെന്ന് ചിലർ പറയുന്നു. പതിവുപോലെ നൃത്തം ചെയ്യാനും റൊമാന്റിക് രം​ഗങ്ങൾക്കും മാത്രമായി കാസ്റ്റ് ചെയ്യുന്ന ഡമ്മി നായികമാരപ്പോലെ മഞ്ജു വാര്യരെ തരംതാഴ്ത്താത്തതിൽ സംവിധായകന് നന്ദി പറഞ്ഞവരുമുണ്ട്. ഫഹദ് ഫാസിലിന്റേതാണ് വേട്ടൈയാനിൽ രജിനികാന്തിനൊപ്പം പ്രശംസ ഏറ്റുവാങ്ങുന്ന മറ്റൊരു കഥാപാത്രം. ഇന്ത്യൻ സിനിമയുടെ വിശുദ്ധ ത്രിമൂർത്തികളെന്നാണ് രജിനികാന്ത്, അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ ട്രയോയെ ചിലർ വിശേഷിപ്പിക്കുന്നത്.

എക്സിൽ ചിത്രത്തെ കുറിച്ചുളള പ്രേക്ഷക പ്രതികരണങ്ങൾ ഇങ്ങനെ:

'ചിത്രം ‘റോ ആൻഡ് റസ്റ്റിക്’ ആണ്, പക്ഷേ രജനിസത്തിൽ വിട്ടുവീഴ്ചയില്ല. ഇത്തരമൊരു ചിത്രത്തിൽ തലൈവരെ കാസ്റ്റു ചെയ്തതിൽ ജ്ഞാനവേൽ വിജയിച്ചു. അനിരുദ്ധിനെയും അമിതാഭ് ബച്ചനെയും ഫഹദ് ഫാസിലിനെയും നമിക്കുന്നു! എല്ലാവരുടേതും മികച്ച പ്രകടനം.'

'സമൂഹത്തിൽ നിലനിൽക്കുന്ന ചില അടിസ്ഥാന പ്രശ്‌നങ്ങളെ ചൂണ്ടിക്കാണിക്കുന്നതാണ് സിനിമ. മികച്ച തിരക്കഥ. സിനിമയെ ഷോൾഡർ ചെയ്യുന്നത് തലൈവർ ആണെങ്കിലും അദ്ദേഹം ഒറ്റയ്ക്കല്ല എന്നതാണ് ഹൈലൈറ്റ്. ഒന്നുകിൽ ഒരു മാസ് സിനിമ, അല്ലെങ്കിൽ സമൂഹത്തിന് സന്ദേശമെന്നവണ്ണം ചെയ്തെടുക്കുന്ന സിനിമ, പക്ഷേ ഇവിടെ ഇതു രണ്ടും സമന്വയിപ്പിച്ചു എന്നതിലാണ് ജ്ഞാനവേലിന്റെ മിടുക്ക്. രണ്ട് വിഭാ​ഗത്തിനും ആസ്വദിക്കാനാവുക എന്നത് വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യമാണ്.'

'സാധാരണ കുറച്ച് സീനുകൾക്കും പാട്ടുകൾക്കും വേണ്ടി മാത്രമാണ് ചിലർ നടിമാരെ ഉപയോഗിക്കുന്നത്. അതുപോലെ മഞ്ജുവിന്റെ കഥാപാത്രത്തെ തരംതാഴ്ത്താത്തതിൽ സന്തോഷം. തുനിവിനു ശേഷം ഒരു ബോൾഡ് സ്ത്രീ കഥാപാത്രമായി മഞ്ജു വാര്യരെ കണ്ടതിൽ അതിയായ സന്തോഷമുണ്ട്.'

'വേട്ടൈയാന്‍ ഒരു രജിനികാന്ത് ചിത്രമെന്നതിലേറെ ജ്ഞാനവേൽ സിനിമയാണ്. ഉള്ളടക്കം മികച്ചതാണെങ്കിലും മാസ് സീനുകൾ പലതും വേണ്ട മാസ് അപ്പീൽ നൽകുന്നില്ല. ഫഹദ് ഫാസിലാണ് യഥാർഥത്തിൽ ഷോ സ്റ്റീലർ. രജിനി-ഫാഫ കോംബോ രംഗങ്ങൾ മികച്ചതായിരുന്നു. ജയിലർ പ്രതീക്ഷിക്കാതെ തീയറ്ററിൽ പോയി കാണാവുന്ന സിനിമയാണ് വേട്ടൈയൻ.'

'ഒറ്റത്തവണ കാണാവുന്ന ശരാശരി ചിത്രം. ആദ്യ പകുതി ‘ശുദ്ധ തലൈവർ ഷോ’ ആയിരുന്നു. താരതമ്യം ചെയ്യുമ്പോൾ രണ്ടാം പകുതിയിൽ ചിത്രം താഴേക്ക് പോയി.'

'എന്തുകൊണ്ടാണ് മികച്ച അഭിനേതാക്കളിൽ ഒരാളായി എപ്പോഴും ഫഹദ് ഫാസിലിന്റെ പേര് പറയപ്പെടുന്നത് എന്നതിന് ഒരിക്കൽ കൂടി തെളിവാവുകയാണ് വേട്ടൈയാൻ. രജനികാന്തിനും അമിതാഭ് ബച്ചനുമൊപ്പമുള്ള അദ്ദേഹത്തിൻ്റെ കോമിക് ടൈമിങ് ​ഗംഭീരം. ഫഫയെ എന്ത് വേഷവും നിങ്ങൾക്ക് ധൈര്യമായി ഏൽപ്പിക്കാം. അദ്ദേഹമത് അത്രത്തോളം ആത്മാർത്ഥതയോടെയാണ് ചെയ്തു ഫലിപ്പിക്കുന്നത്.'

'ശക്തമായ സന്ദേശം മുന്നോട്ടുവെക്കുന്ന ചിത്രമെങ്കിലും പ്രവചിക്കാവുന്നതാണ് വേട്ടൈയാനിലെ പല രം​ഗങ്ങളും. 'ശരാശരിയിൽ താഴെ' എന്ന് അവകാശപ്പെടാനാവുന്ന ചിത്രം. അലസമായ മേക്കിങ്ങും മങ്ങിയ തിരക്കഥയും കൊണ്ട് രജിനികാന്ത് ഉൾപ്പടെയുളള സിനിമയ്ക്ക് ​ഗുണമാവേണ്ട മറ്റെല്ലാ ഘടകങ്ങളും നിസ്സാരമായി. രജിനികാന്തിനെ കുറിച്ച് നന്നായി ​ഗവേഷണം നടത്തിയ ശേഷം സിനിമ ചെയ്യുന്ന അദ്ദേഹത്തിന്റെ റിയൽ ആരാധകനാവും താങ്കളെന്ന് ഞാൻ കരുതി. പക്ഷേ തെറ്റി.'

'ജയ് ഭീമിന്' ശേഷം ടി ജെ ജ്ഞാനവേൽ ഒരുക്കിയ 'വേട്ടയന്' എസ് ആർ കതിർ ആയിരുന്നു ഛായാഗ്രഹണം നിർവഹിച്ചത്. അനിരുദ്ധ് രവിചന്ദറിന്റേതാണ് സംഗീതം. അൻപറിവ് മാസ്റ്റേഴ്സ് ആണ് ആക്ഷൻ രം​ഗങ്ങൾ ചിട്ടപ്പെടുത്തുന്നത്. ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, ഷബീർ കല്ലറക്കൽ എന്നിവരാണ് 'വേട്ടയനി'ൽ ഭാ​ഗമാവുന്ന മറ്റ് അഭിനേതാക്കൾ.

മലയാളതാരം സാബു മോനാണ് വില്ലനാകുന്നത് എന്നതും ചിത്രത്തിന്റെ ആകര്‍ഷണമാണ്. പട്ടണം റഷീദ് മേക്കപ്പും അനു വർദ്ധൻ വസ്ത്രാലങ്കാരവും നിർവഹിക്കുന്ന ചിത്രത്തിൽ ഫിലോമിൻ രാജാണ് എഡിറ്റിങ്. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. പ്രദർശനത്തിന് മുൻകൂറായിത്തന്നെ വേട്ടൈയാൻ 37 കോടി രൂപയിലധികം നേടിയതായി റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. ഒക്ടോബർ 10ന് തീയറ്ററുകളിലെത്തിയ ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം

എ ഡി എമ്മിന്റെ ആത്മഹത്യ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കേസെടുത്ത് പോലീസ്

അഞ്ച് ബാറ്റർമാർ പൂജ്യത്തില്‍, രണ്ടക്കം കടന്നത് പന്തും ജയ്സ്വാളും മാത്രം; ന്യൂസിലൻഡിനെതിരെ 46 റണ്‍സില്‍ ഇന്ത്യ പുറത്ത്

'പൗരത്വ ഭേദഗതിയിലെ ആറാം വകുപ്പ് ഭരണഘടനയ്ക്ക് അനുസൃതം'; നിർണായക വിധിയുമായി സുപ്രീംകോടതി

'മോദിയോട് വിയോജിപ്പുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച് ലോറൻസ് ബിഷ്ണോയ് സംഘത്തിന് കൈമാറുന്നു'; ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരെ ട്രൂഡോ