ENTERTAINMENT

വെറും പാട്ടല്ല, ആക്ഷനും സ്റ്റാമിനയും സസ്‌പെൻസും കലർന്ന പാട്ട്

നാട്ടു നാട്ടു എന്ന ഗാനം പാശ്ചാത്യ സംഗീതാസ്വാദകർക്ക് കൗതുകമായി തോന്നുന്നതിന് ഒരു പ്രത്യേക കാരണമുണ്ടെന്നാണ് കീരവാണി വിശ്വസിക്കുന്നത്

രവി മേനോന്‍

ഏകാന്തതയിൽ മൃദുവായി മനസ്സിനെ വന്നു തൊടുന്ന പാട്ടുകളാണ് കീരവാണിക്കിഷ്ടം; വെറുതെ കണ്ണടച്ചിരുന്നാൽ പോലും മതിമറന്നാസ്വവദിക്കാവുന്ന, വൈകാരികാനുഭൂതി നിറഞ്ഞ പാട്ടുകൾ. ഏറ്റവും പ്രിയപ്പെട്ട പാട്ട് ലതാ മങ്കേഷ്ക്കർക്ക് വേണ്ടി മദൻ മോഹൻ സൃഷ്ടിച്ച ആ ഹൃദയഹാരിയായ ഗസൽ: ''തു ജഹാം ജഹാം ചലേഗാ മേരാ സായാ സാഥ് ഹോഗാ..''

ആർ ആർ ആറിലെ പാട്ടുകളിൽ ഹൃദയത്തോട് ഏറ്റവും ചേർന്ന് നിന്നത് ''ജനനീ'' എന്ന പാട്ടാണെന്ന് പറയും കീരവാണി. പശ്ചാത്തലത്തിൽ ഒഴുകിയെത്തുന്ന ആ ഗാനത്തിലാണ് വൈകാരികാംശം കൂടുതൽ. വരികളാകട്ടെ ഹൃദയസ്പർശിയും. കീരവാണി തന്നെയാണ് പാട്ടെഴുതിയതെന്ന പ്രത്യേകത കൂടിയുണ്ട്. പക്ഷേ പടം പുറത്തിറങ്ങിയപ്പോൾ ഏറ്റവും ചർച്ച ചെയ്യപ്പെട്ടത് ''നാട്ടു നാട്ടു'' എന്ന പാട്ടാണ്. സൂപ്പർ താരങ്ങളായ എൻ ടി രാമറാവുവും രാം ചരണും ഒരുമിച്ചു ചുവടുവെക്കുന്നു എന്നതാവാം പ്രധാന കാരണം. പിന്നെ ചന്ദ്രബോസിന്റെ രചനയും കാലഭൈരവ, രാഹുൽ സിപ്ലിഗുന്ജ് എന്നിവരുടെ ഊർജ്ജസ്വലമായ ആലാപനവും.

''ഏകാന്തതയിൽ കണ്ണടച്ചിരുന്ന് ആസ്വദിക്കാവുന്ന പാട്ടല്ല `നാട്ടു നാട്ടു''. കണ്ണും കാതും ഒരുപോലെ തുറന്നുവെച്ചു ആസ്വദിക്കേണ്ട പാട്ട്. എങ്കിലും പടത്തിലെ മറ്റ് മെലഡികളെപ്പോലെ ആ പാട്ടും ഇന്നെനിക്ക് തികച്ചും വൈകാരികമായ അനുഭവം. സാധാരണക്കാർ ആ പാട്ടിനെകുറിച്ചു നല്ല വാക്കുകൾ പറഞ്ഞുകേൾക്കുമ്പോൾ എങ്ങനെ വികാരാധീനനാകാതിരിക്കും?''-- ആർ ആർ ആറിലെ പാട്ടുകൾ പുറത്തിറങ്ങി സൂപ്പർ ഹിറ്റായ നാളുകളിൽ സംസാരിച്ചപ്പോൾ കീരവാണി പറഞ്ഞ വാക്കുകൾ ഓർമ്മവരുന്നു. ആ വിശ്വാസത്തിന് ഗോൾഡൻ ഗ്ലോബ് അവാർഡ് അടിവരയിടുമെന്നുറപ്പ്.

വ്യത്യസ്തവും ആകർഷണീയവുമായ ബീറ്റ് ആണ് ''നാട്ടു നാട്ടു''വിനെ യുവാക്കൾക്കിടയിൽ പ്രിയങ്കരമാക്കിയതെന്ന് വിശ്വസിക്കുന്നു കീരവാണി. 6/8 താളക്രമത്തിലാണ് കീരവാണി ആ ഗാനം ചിട്ടപ്പെടുത്തിയത്. ''പാശ്ചാത്യ സംഗീതത്തിന് അത്ര പരിചിതമല്ല ആ ബീറ്റ്. ആഫ്രിക്കൻ സംഗീതത്തിലും ഇന്ത്യൻ സംഗീതത്തിലും --- പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സംഗീതത്തിൽ -- മാത്രമേ അതുപയോഗിച്ചു കാണാറുള്ളൂ. പാശ്ചാത്യ സംഗീതാസ്വാദകർക്ക് അതൊരു കൗതുകമായി തോന്നിയിരിക്കണം. അമേരിക്കയിലും യുറോപ്പിലുമൊക്കെ നാട്ടു നാട്ടു സ്വീകരിക്കപ്പെട്ടതിന് മറ്റൊരു കാരണവും കാണുന്നില്ല ഞാൻ'' -- കീരവാണിയുടെ വിനയം നിറഞ്ഞ വാക്കുകൾ.

ഇരുപതോളം വ്യത്യസ്ത ഈണങ്ങളാണ് കീരവാണി ഈ നൃത്തരംഗത്തിന് വേണ്ടി ചിട്ടപ്പെടുത്തിയത്. സംവിധായകൻ രാജമൗലി ഓക്കേ പറഞ്ഞിട്ടുപോലും ആത്മസംതൃപ്തിക്ക് വേണ്ടിയുള്ള യജ്ഞം തുടർന്നുകൊണ്ടേയിരുന്നു അദ്ദേഹം. '' വഴിക്കുവഴിയായി ഈണങ്ങൾ മാറ്റി കംപോസ് ചെയ്യുന്നത് വെല്ലുവിളിയായി തോന്നിയിട്ടില്ല ഒരിക്കലും. അക്കാര്യത്തിൽ എന്റെ പിതാവാണ് എന്റെ മാർഗ്ഗദർശി. കുട്ടിക്കാലത്ത് ഒരേ പാട്ടിന് വേണ്ടി നിരവധി വ്യത്യസ്തമായ ഈണങ്ങൾ എന്നെക്കൊണ്ട് കംപോസ് ചെയ്യിക്കുമായിരുന്നു അദ്ദേഹം. പിന്നെപ്പിന്നെ അതൊരു ലഹരിയായി. ഞാനുമത് ആസ്വദിക്കാൻ തുടങ്ങി.''

തന്റെ തലമുറയിലെ എല്ലാ സംഗീതാസ്വാദകരേയും പോലെ  ചെറുപ്പത്തില്‍ ബിനാക്കാ ഗീത് മാല എന്ന റേഡിയോ സംഗീത പരിപാടിയുടെ കടുത്ത ആരാധകനായിരുന്നു കീരവാണിയും. മദന്‍മോഹന്റെയും രോഷന്റെയും ഒ പി നയ്യാരുടെയും ഈണങ്ങളില്‍ മതി മറന്നിരുന്ന ഒരു കുട്ടി. സ്വപ്ന ജീവിയായ ആ കൊച്ചുകുട്ടി  ഇന്നും കീരവാണിയുടെ ഉള്ളിലുണ്ട്; അന്ന് കേട്ട പാട്ടുകള്‍ ആദ്യശ്രവണമാത്രയിലെ അതേ അനുഭൂതിയോടെ നാവിന്‍ തുമ്പിലും.  വെറുതെയല്ല ഹിന്ദിയില്‍ കീരവാണി സൃഷ്ടിച്ച ഈണങ്ങള്‍ നമ്മെ മെലഡിയുടെ വസന്തകാലത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നത്:  ചലോ തുംകോ ലേകര്‍ ചലേ,  ജാദു ഹേ നഷാ ഹേ (ജിസം) ,  തും മിലേ ദില്‍ ഖിലെ (ക്രിമിനല്‍) , ആഭിജാ  (സുര്‍)… എല്ലാം ഗൃഹാതുരസ്പര്‍ശമുള്ള ശ്രവ്യാനുഭവങ്ങള്‍.

ആ പാട്ടുകള്‍ ചിട്ടപ്പെടുത്തിയ എം എം ക്രീമും തമിഴില്‍  ജാതി മല്ലി പൂച്ചരമേ (അഴകന്‍) പോലുള്ള ഒന്നാന്തരം പ്രണയഗാനങ്ങള്‍ സൃഷ്ടിച്ച  മരഗതമണിയും മലയാളത്തിലെ ദേവരാഗം--സൂര്യമാനസം ഫെയിം കീരവാണിയും ഒരാളാണെന്ന് അറിയില്ലായിരുന്നു ആദ്യമൊന്നും. എന്താവാം  ഈ വേഷപ്പകര്‍ച്ചയുടെ പൊരുള്‍?  വെറുതെ ഒരു രസം. അത്രമാത്രം.  സാഹചര്യങ്ങള്‍ക്കനുസരിച്ച്  വ്യത്യസ്ത പേരുകള്‍ സ്വീകരിക്കേണ്ടി വന്നു. പക്ഷെ ഹൃദയം കൊണ്ട് ഞങ്ങള്‍ മൂന്നു പേരും ഒന്നാണ്; ഞങ്ങളുടെ സംഗീതവും…'' കീരവാണി ചിരിക്കുന്നു.

ഏറ്റവും പ്രിയപ്പെട്ട രാഗത്തിന്റെ പേരില്‍  മകന്‍ അറിയപ്പെടണം എന്നത്  സംഗീതപ്രേമിയായ അച്ഛന്‍ ശിവദത്തയുടെ ആഗ്രഹമായിരുന്നു. അങ്ങനെയാണ്  '' മരഗതമണി എന്ന കുടുംബനാമം  കീരവാണിയ്ക്ക് വഴിമാറുന്നത്‌‌. അച്ഛന്‍ എന്നെ കീരവാണി എന്നെ വിളിക്കൂ. തെലുങ്കില്‍ ആദ്യകാല സിനിമകള്‍ ചെയ്തതും അതേ പേരില്‍ തന്നെ. പക്ഷെ അഴകന്‍ എന്ന തമിഴ് ചിത്രത്തിന് പാട്ടൊരുക്കാന്‍ ചെന്നപ്പോള്‍ സംവിധായകന്‍ ബാലചന്ദര്‍ പറഞ്ഞു: ''ഈ കീരവും വാണിയും ഒന്നും നമുക്ക് വേണ്ട. മരഗതമണി മതി. കേള്‍ക്കാന്‍  ഇമ്പമുണ്ട്. തമിഴിനു നന്നായി ഇണങ്ങും.'' 

പേരുമാറ്റം അവിടെയും  അവസാനിച്ചില്ല.  ഹിന്ദിയില്‍ സിനിമ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ തെന്നിന്ത്യന്‍ ചുവയുള്ള പേര് വേണ്ടെന്നു തോന്നി.  ‌ ക്രീം ആയി മാറുന്നത് അങ്ങനെയാണ്.  അതൊരു ബീജാക്ഷരം -- ഏകാക്ഷര നാമം - ആവണമെന്ന് ആഗ്രഹമുണ്ടായിരുന്നു.  മാത്രമല്ല ഓം ഹ്രീം എന്ന മന്ത്രവുമായി കേള്‍വിയില്‍  സാമ്യവും ഉണ്ട്. കേള്‍ക്കുമ്പോള്‍ കൗതുകം  തോന്നുന്ന ഒരു പേര്. അത്രയേ ചിന്തിച്ചുള്ളൂ.

അറുപത്തിരണ്ടാം വയസ്സിൽ കീരവാണിയെ തേടിയെത്തിയ ഈ  അന്താരാഷ്ട്ര ബഹുമതി മലയാളികൾക്കും അഭിമാനം പകരുന്ന നേട്ടം. ശിശിരകാല മേഘമിഥുന രതിപരാഗവും, ശശികല ചാർത്തിയ ദീപാവലിയും തരളിത രാവിൽ മയങ്ങിയോയുമൊക്കെ ഇപ്പോഴും നമ്മുടെ ചുണ്ടിലും മനസ്സിലുമുണ്ടല്ലോ.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ