ആഗോള തലത്തില്‍ ഇന്ത്യന്‍ സിനിമയുടെ സ്ഥാനം ഉറപ്പിക്കാന്‍ ഒരുങ്ങുകയാണ് ആര്‍ആര്‍ആര്‍. അക്കാദമി അവാർഡ് നോമിനേഷന് പിന്നാലെ ഓസ്‌കര്‍ വേദിയിലും ആർ ആർ ആറിലെ 'നാട്ടു നാട്ടു' അവതരിപ്പിക്കും. 95-ാമത്തെ ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ രാഹുല്‍ സിപ്ലിഗഞ്ചും കീരവാണിയുടെ മകനും ഗായകനുമായ കാല ഭൈരവയും ഗാനം ആലപിക്കുമെന്ന് അക്കാദമി അറിയിച്ചു.
ഫെബ്രുവരിയില്‍ നടന്ന അക്കാദമി ലഞ്ചിയോണില്‍ നാട്ടു നാട്ടു'വിന്റെ സംഗീത സംവിധായകനായ എം എം കീരവാണിയും സംഗീത രചയിതാവ് ചന്ദ്രബോസും പങ്കെടുത്തിരുന്നു. ഗാനത്തിന്റെ തത്സമയ അവതരണത്തിനുള്ള റിഹേഴ്‌സലിലാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു .
എന്നാല്‍ ആര്‍ആര്‍ആറിലെ കേന്ദ്ര കഥാപാത്രങ്ങളായ ജൂനിയർ എന്‍ടിആറും രാംചരണും ഓസ്‌കര്‍ വേദിയില്‍ ചുവട് വെക്കുമോ എന്ന ആകാംഷയിലാണ് ആരാധകര്‍. മാർച്ച് 13 ന് അമേരിക്കയിലെ ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തീയേറ്ററിലാണ് ചടങ്ങ് നടക്കുക. മികച്ച ഒര്‍ജിനല്‍ സോംഗ് വിഭാഗത്തിലാണ് നാട്ടു നാട്ടു മത്സരിക്കുക. ഈ വിഭാഗത്തില്‍ മത്സരിക്കുന്ന എല്ലാ ഗാനങ്ങളും വേദിയില്‍ അവതരിപ്പിക്കും