കള്ളനെ പ്രേക്ഷകപ്രിയ നായകനാക്കുന്ന സിനിമാറ്റിക് ഗിമ്മിക്സാണ് പല സിനിമകളിലും താൻ പ്രയോഗിച്ചതെന്ന് തിരക്കഥാ കൃത്തും സംവിധായകനുമായ എസ് എൻ സ്വാമി. അധോലോക നായകനായ സാഗർ ഏലിയാസ് ജാക്കിയോട് യുവാക്കൾക്ക് ആരാധന തോന്നിയതും എഴുത്തിൽ ഉപയോഗിച്ച ഗിമ്മിക്കുകളുടെ ഫലമാണ്. അന്നത്തെ നായക സങ്കൽപ്പമാണ് തന്നെ അങ്ങനെ എഴുതാൻ പ്രേരിപ്പിച്ചതെന്നും സ്വാമി ദ ഫോർത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
എസ് എൻ സ്വാമിയുടെ വാക്കുകൾ
സിനിമാറ്റിക് ഗിമ്മിക്സ് എന്നൊന്നുണ്ട്. കള്ളനെ നല്ലവനാക്കുന്ന പരിപാടി. ആന്റി സോഷ്യലായുളള ആളുകൾ, കള്ളക്കടത്തുകാർ, കൊള്ളക്കാർ, റൗഡികൾ ഇവരോടൊക്കെ പ്രേക്ഷകർക്ക് ഇഷ്ടം തോന്നുന്നുണ്ടെങ്കിൽ അത് എഴുത്തുകാരന്റെ മിടുക്കാണ്. മുമ്പൊക്കെ തോൽക്കുന്ന നായകനെ അംഗീകരിക്കാൻ ആളുകൾ തയ്യാറാവില്ലായിരുന്നു. ക്രിമിനൽ ആണെങ്കിലും പ്രേക്ഷകരെ ഇഷ്ടപ്പെടുത്തുന്ന രീതിയിൽ നായകനെ എഴുതുന്നതായിരുന്നു രീതി.
അന്നത്തെ ഏറ്റവും വലിയ പ്രശ്നം നായക സങ്കൽപ്പം മനസിൽ കൊണ്ടു നടക്കുന്നു എന്നതായിരുന്നു. ഇന്നതിന് മാറ്റമുണ്ട്. ഇന്ന് മമ്മൂട്ടിയും മോഹൻലാലും പൃഥ്വിരാജുമുൾപ്പടെയുളളവർ കൃത്യമായ ഫ്രെയിംവർക്കിനുള്ളിൽ നിന്നുകൊണ്ട് ഹീറോയിസം കാണിക്കുന്നതിനേക്കാൾ കുറച്ചുകൂടി നാച്ച്വറലും ഓർഗാനിക്കുമായ കഥാപാത്രങ്ങളെ ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്.
ഭ്രമയുഗത്തിലെ മമ്മൂട്ടി ഭൂലോക വില്ലനാണ്. പടം നല്ല വിജയമായിരുന്നു. ഒരു നെഗറ്റീവ് കഥാപാത്രം ചെയ്തതുകൊണ്ട് മമ്മൂട്ടി വെറുക്കപ്പെടുന്നില്ല. പടം വിജയമാകാതിരിക്കുന്നുമില്ല. ഹീറോയിക് നായകവേഷങ്ങൾ കൂടുതലായി എടുത്തിരുന്ന മമ്മൂട്ടി ഇന്ന് ഒരുപാട് മാറി. ഇന്ന് അദ്ദേഹം കാലത്തിന്റെ മാറ്റം അനുസരിച്ചുളള മാറ്റങ്ങൾ തന്റെ കഥാപാത്രത്തിനും വേണമെന്ന് ആഗ്രഹിക്കുന്നുണ്ട്. അമാനുഷികത്വമില്ലാത്ത ജനങ്ങൾക്ക് മനസിലാകുന്ന നാച്വറൽ കഥാപാത്രങ്ങളോടാണ് ഇപ്പോൾ മമ്മൂട്ടിക്ക് പ്രിയം. എങ്കിലും ഇടക്കൊക്കെ ഒരു ഗുസ്തിയും ചെയ്യും.
എസ് എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്ത സീക്രട്ട് കഴിഞ്ഞ ദിവസം പ്രദർശനത്തിനെത്തിയിരുന്നു. ''മമ്മൂട്ടിയോ മോഹൻലാലോ മുൻനിരതാരങ്ങളാരായാലും താൻ ചോദിച്ചാൽ മടികൂടാത തന്റെ സിനിമയിൽ അഭിനയിക്കാൻ തയ്യാറാവും. പക്ഷേ ആദ്യമായി സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിച്ചപ്പോൾ തന്നെ മനസിൽ വന്നത് ധ്യാൻ ശ്രീനിവാസൻ ആയിരുന്നു,'' സ്വാമി പറയുന്നു.
72-ാം വയസിൽ സംവിധായക വേഷത്തിലെത്തുന്ന എസ് എന്‍ സ്വാമി തന്നെയാണ് 'സീക്രട്ടി'ന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചത്. 'മോട്ടിവേഷണല്‍ ഡ്രാമ' ഗണത്തില്‍ പെട്ട ചിത്രം ജൂലൈ 26നായിരുന്നു തീയേറ്ററുകളിൽ എത്തിയത്.