ENTERTAINMENT

മുത്തയ്യ മുരളീധരന്റെ ബയോപിക് വരുന്നു; ട്രെയിലർ സച്ചിൻ തെണ്ടുൽക്കർ റിലീസ് ചെയ്യും

മധുര്‍ മിത്തലാണ് പ്രധാന വേഷത്തിലെത്തുന്നത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ബയോപിക് തമിഴ് ചിത്രം '800'ന്റെ ട്രെയിലര്‍ നാളെ റിലീസ് ചെയ്യും. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറാണ് ട്രെയിലർ റിലീസ് ചെയ്യുക. മുംബൈയിലാണ് ട്രെയിലർ പ്രകാശനം നടക്കുക

എം എസ് ശ്രീപതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുത്തയ്യ മുരളീധരനായി എത്തുന്നത് സ്ലംഡോഗ് മില്ല്യണയര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മധുര്‍ മിത്തലാണ്. സിനിമയില്‍ സച്ചിന്‍ തെണ്ടുല്‍ക്കറും അതിഥി വേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മധുര്‍ മിത്തലിനൊപ്പം മഹിമാ നമ്പ്യാര്‍, നരേന്‍, നാസര്‍, വേല രാമമൂര്‍ത്തി, റിത്വിക, അരുള്‍ ദാസ്, ഹരി കൃഷ്ണന്‍ എന്നിവരും സിനിമയില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ഗിബ്രാനാണ്. തമിഴില്‍ ഒരുക്കിയിരിക്കുന്ന ചിത്രം ഇംഗ്ലീഷ്, തെലുങ്ക, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ചെന്നൈ, കൊച്ചി, ചണ്ഡീഗഡ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നീ സ്ഥലങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

ഏപ്രിലിലായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നത്. ടെസ്റ്റ് ക്രിക്കറിലെ മുത്തയ മുരളീധരന്‍ നേടിയ ഏറ്റവും ഉയര്‍ന്ന വിക്കറ്റുകളുടെ എണ്ണത്തെ സൂചിപ്പിച്ചാണ് ചിത്രത്തിന് 800 എന്ന് പേരിട്ടിരിക്കുന്നത്. ഒക്ടോബറില്‍ ചിത്രം റിലീസിന് എത്തുമെന്നാണ് സൂചന.

ആദ്യം 800ല്‍ മുത്തയ്യയുടെ കഥാപാത്രത്തില്‍ വിജയ് സേതുപതി എത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ മുത്തയ്യ മുരളീധരനായുള്ള വിജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നതിന് പിന്നാലെ നിരവധി പേര്‍ ചിത്രത്തിനെതിരെ രംഗത്തെത്തി. ശ്രീലങ്കന്‍ ക്രിക്കറ്റ് താരമായി അഭിനയിച്ചതിന് താരത്തിനെതിരെ വലിയ പ്രതിഷേധങ്ങളും എതിര്‍പ്പുകളും വന്നതോടെ വിജയ് സേതുപതി സിനിമയില്‍ നിന്ന് പിന്മാറുകയായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ