ബോളിവുഡിലെ നെപ്പോട്ടിസം (സ്വജനപക്ഷപാതം) എപ്പോഴും ചർച്ചാവിഷയമാണ്. സ്വജനപക്ഷപാതത്തിന്റെ പേരിൽ എപ്പോഴും വിമർശനങ്ങൾ നേരിടുന്നവരാണ് സിനിമ താരങ്ങൾ. നടി ശർമിള ടാഗോറിന്റെയും ക്രിക്കറ്റ് താരം മൻസൂർ അലി ഖാൻ പട്ടൗഡിയുടെയും മകൻ എന്ന നിലയിൽ, പലപ്പോഴും സ്വജനപക്ഷപാതത്തിന്റെയും പദവിയുടെയും പേരിൽ വിമർശിക്കപ്പെട്ടിട്ടുള്ള നടനാണ് സെയ്ഫ് അലി ഖാൻ. എന്നാൽ സിനിമയിലേക്കുള്ള തന്റെ വരവ് അത്ര എളുപ്പമായിരുന്നില്ലെന്നും വളരെയധികം കഷ്ടപ്പാട് നേരിട്ടുണ്ടെന്നും പറയുകയാണ് സെയ്ഫ് അലി ഖാൻ.
വൈൽഡ് ഫിലിംസ് ഇന്ത്യ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സെയ്ഫ് സിനിമ മേഖലയിലേക്കുള്ള തന്റെ കടന്നുവരവിന് നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് വെളിപ്പെടുത്തിയത്. സ്വന്തം കഠിന പരിശ്രമം കൊണ്ട് മാത്രമാണ് സിനിമയിലെ പേരും പ്രശസ്തിയുമുണ്ടാക്കിയെടുത്തതെന്നും അല്ലാതെ കുടുംബത്തിന്റെ പ്രശസ്തി കൊണ്ടല്ല നേട്ടമുണ്ടാക്കിയതെന്നുമായിരുന്നു അഭിമുഖത്തിൽ സെയ്ഫ് പറഞ്ഞത്. ''കഷ്ടപ്പെടുകയെന്നാൽ, ഓട്ടോറിക്ഷ പിടിച്ച് വീടുവീടാന്തരം കയറിയിറങ്ങി അവസരങ്ങൾ തേടുകയാണെന്ന് ആളുകൾ കരുതുന്നത്. ഞാനും കഷ്ടപ്പെട്ടിട്ടുണ്ട്, പക്ഷേ എന്റേത് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായിരുന്നു. എന്റെ ആദ്യ സിനിമയിൽ നിന്ന് എന്നെ പുറത്താക്കി. ഒന്നുകിൽ നിങ്ങൾ നിങ്ങളുടെ കാമുകിയെ ഉപേക്ഷിക്കുക അല്ലെങ്കിൽ നിങ്ങൾ സിനിമ ചെയ്യുക എന്നായിരുന്നു സംവിധായകൻ പറഞ്ഞത്''- സെയ്ഫ് പറഞ്ഞു.
ക്രിക്കറ്റ് തന്റെ മേഖലയല്ലെന്ന് ആറാം വയസ്സിൽ തന്നെ തനിക്ക് അറിയാമായിരുന്നുവെന്ന് സെയ്ഫ് പറയുന്നു. അങ്ങനെയാണ് വളർന്നപ്പോൾ അഭിനയത്തിൽ ഒരു കൈ പരീക്ഷിക്കാമെന്ന് തീരുമാനിച്ചത്. കാരണം, അമ്മയെപ്പോലെ തനിക്കും അഭിനയിക്കാൻ കഴിയുമെന്ന് ആത്മാർത്ഥമായി തോന്നിയിരുന്നുവെന്ന് സെയ്ഫ് കൂട്ടിച്ചേർത്തു. പിന്നീട് ഹിന്ദി ചലച്ചിത്രമേഖലയിലെ മുൻനിര നടന്മാരിൽ ഒരാളായി സെയ്ഫ് അലി ഖാൻ മാറി. ആദിപുരുഷിലാണ് സെയ്ഫ് അവസാനമായി അഭിനയിച്ചത്.
വളരെ ചെറുപ്പത്തിൽ തന്നെ വിജയം നേടിയ മാതാപിതാക്കളെ അപേക്ഷിച്ച്, ജോലിയിൽ സ്ഥിരത കൈവരിക്കാൻ പ്രതീക്ഷിച്ചതിലും കൂടുതൽ സമയം എടുക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ- ''ഏറ്റവും സന്തോഷം ലഭിക്കുന്നിടത്താണ് ഞാൻ ഇപ്പോൾ നിൽക്കുന്നത്. അതിന് ദൈവത്തിന് നന്ദിയുണ്ട്. എല്ലാവർക്കും ഓരോ വഴികളുണ്ട്. ഈ മേഖലയിൽ എവിടെയാണെന്നതിൽ ഞാൻ സംതൃപ്തനാണ്. വരും വർഷങ്ങളിൽ ഞാൻ കൂടുതൽ വിജയത്തിലേക്ക് എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു''- എന്നായിരുന്നു മറുപടി.