ഭാഗ്യമുണ്ടെങ്കില്‍ വെള്ളിത്തിരയില്‍ കാണാം, ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ സിനിമാഭിനയത്തില്‍ ഒരു കൈനോക്കിയേക്കുമെന്ന സൂചന. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റനായ ധോണിയുടെ സിനിമാ പ്രവേശനം സംബന്ധിച്ച് ഭാര്യ സാക്ഷി തന്നെയാണ് സൂചനകള്‍ നല്‍കുന്നത്. ധോണി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ധോണി സാക്ഷിയും ധോണിയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം എല്‍ ജി എമ്മിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് മുന്‍ ഇന്ത്യന്‍ നായകന്റെ സിനിമാ പ്രതീക്ഷകളെ കുറിച്ചുള്ള ഭാര്യയുടെ പ്രതികരണം. നടനായി ധോണി എന്നാണ് സിനിമയിലേക്കെത്തുകയെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനുള്ള മറുപടി പറയുകയായിരുന്നു സാക്ഷി.
മികച്ച അവസരം ലഭിച്ചാല്‍ ധോണി സിനിമാഭിനയ രംഗത്തേക്ക് കടന്നു വന്നേക്കും. ക്യമറയ്ക്ക് മുന്നില്‍ ഭയമില്ലാതെ നില്‍ക്കുന്ന ധോണിയ്ക്ക് സിനിമയില്‍ ഒരു അവസരം ലഭിച്ചാല്‍ ശോഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നുമായിരുന്നു സാക്ഷിയുടെ പ്രതികരണം.
''എന്നെങ്കിലും സിനിമാഭിനയത്തിലേക്ക് ധോണി കടന്നു വന്നേക്കാം. 2006 മുതല്‍ ക്യാമറയുടെ മുന്നില്‍ നില്‍ക്കുന്ന വ്യക്തിയാണദ്ദേഹം. ക്യാമറയോട് ഭയമില്ല, അഭിനയിക്കാനുമറിയാം. അതുകൊണ്ട് തന്നെ സിനിമയിലും അദ്ദേഹത്തിന് അഭിനയിക്കാന്‍ കഴിയും. സിനിമ തിരഞ്ഞെടുക്കാന്‍ എനിക്കാണ് അവസരം കിട്ടുന്നതെങ്കില്‍ അത് ആക്ഷന്‍ ചിത്രമായിരിക്കും, ധോണി എപ്പോഴും ആക്ഷനാണ്'' എന്നായിരുന്നു സാക്ഷിയുടെ മറുപടി.
അതേസമയം, എംഎസ് ധോണിയും ഭാര്യ സാക്ഷിയും ചേര്‍ന്ന് നിര്‍മിക്കുന്ന ആദ്യ സിനിമയായ 'ലെറ്റ്‌സ് ഗെറ്റ് മാരീഡ്' (എല്‍ജിഎം)ഈ മാസം 28ന് തിയേറ്ററുകളില്‍ എത്തും. രമേശ് തമിഴ് മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹരീഷ് കല്യാണ്‍, ഇവാന എന്നിവര്‍ നായകനും നായികയും ആയി എത്തുന്ന ചിത്രത്തില്‍ നദിയ മൊയ്തുവും പ്രധാന കഥാപാത്രത്തിലെത്തുന്നുണ്ട്. യോഗി ബാബു, മിര്‍ച്ചി വിജയ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.
സംവിധായകന്‍ രമേശ് തമിഴ്മണി തന്നെയാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. ജൂലൈ 28ന് ചിത്രത്തിന്റെ ഹിന്ദി തെലുഗു പതിപ്പുകളാണ് തീയറ്ററിലെത്തുക. ബാംബൂ ട്രീ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തീയേറ്ററുകളിലെത്തിക്കുക.