തന്റെ രോഗ സമയത്ത് അഭിനയം എത്ര ആശ്വാസം നൽകുന്നുവെന്ന് തുറന്നുപറഞ്ഞ് സാമന്ത. ഇന്ന് താൻ അഭിനയിച്ച രംഗം എത്ര മനോഹരമാക്കി എന്നതാണ് ജീവിതത്തിൽ മുന്നോട്ട്നീങ്ങാനുള്ള പ്രചോദനമെന്നും സാമന്ത. ദിവസവും കടന്നു പോകുന്ന വേദനയും ക്ഷീണവും ഒക്കെ ഇങ്ങനെയാണ് മറക്കുന്നതെന്നും പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറയുന്നു. മയോസൈറ്റിസ് എന്ന രോഗം പിടിപെട്ടതിനെ തുടർന്ന് മാധ്യമങ്ങളില്‍ നിന്നും പൊതുപരിപാടികളില്‍ നിന്നും താരം വിട്ടു നിന്നിരുന്നു. കുറച്ച് നാളുകൾക്ക് ശേഷം ശാകുന്തളം ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനാണ് വീണ്ടും താരം പ്രേക്ഷകർക്ക് മുൻപിലെത്തുന്നത്.
വരുൺ ധവാനൊപ്പമുള്ള സ്പൈ സീരീസ് സിറ്റാഡൽ, വിജയ് ദേവരക്കൊണ്ടയ്ക്കൊപ്പമുള്ള കുഷി എന്നിവയാണ് റിലീസാകാനൊരുങ്ങുന്ന സാമന്ത ചിത്രങ്ങൾ. ഇരു ചിത്രത്തിന്റെയും തിരക്കുകളിലാണ് തന്റെ അസുഖത്തെ കുറിച്ച് മറന്നു പോയതെന്നും സാമന്ത പറയുന്നു. സഹനടന്മാരെക്കുറിച്ച് പരാമർശിക്കാനും താരം മറന്നില്ല. സഹപ്രവർത്തകർ മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോൾ തനിക്കും പരമാവധി പെർഫോം ചെയ്യാനുള്ള പ്രചോദനം ലഭിക്കുന്നു. ലൊക്കേഷനിൽ വരുണും വിജയും ഏറെ പിന്തുണ നൽകിയതായും സാമന്ത.
പലതവണ റിലീസ് മാറ്റിവച്ച ശാകുന്തളം ഏപ്രിൽ 14നാണ് തീയേറ്ററുകളിലെത്തുക. ശകുന്തള - ദുഷ്യന്തന്‍ പ്രണയകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ശാകുന്തളം. 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മലയാളി താരം ദേവ് മോഹനാണ് ദുഷ്യന്തന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
റിച്ചാർഡ് മാഡൻ, പ്രിയങ്ക ചോപ്ര ജോനാസ്, സ്റ്റാൻലി ടുച്ചി, ലെസ്ലി മാൻവില്ലെ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഇംഗ്ലീഷ് ഭാഷയിൽ ചിത്രീകരിച്ച സീരീസിന്റെ ഇന്ത്യൻ പതിപ്പാണ് കുഷി. സെപ്റ്റംബര്‍ ഒന്നിനാണ് കുഷി തിയേറ്ററുകളിലെത്തുക. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആരംഭിച്ച സിനിമയുടെ ചിത്രീകരണം സാമന്തയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം മാറ്റി വച്ചിരുന്നു. മഹാനടിയ്ക്ക് ശേഷം സാമന്തയും വിജയും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് കുഷി. ശിവ നിര്‍വാണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മലയാളം, തെലുങ്ക്, കന്നട, ഹിന്ദി, തമിഴ് ഭാഷകളില്‍ റിലീസ് ചെയ്യും.