ദൃശ്യം 2 വിന്റെ കോടതി സീനിൽ ജോർജ് കുട്ടിയുടെ ബ്രില്ല്യൻസ് കണ്ട് ഞെട്ടി വാ പൊളിച്ച് നിന്ന ആ വക്കീലിനെ ഓർമയില്ലേ? ആ വക്കീൽ ഏറ്റെടുത്ത പുതിയ കേസ് ഇന്ന് പുലർച്ചെ തീയേറ്ററിൽ എത്തിയിട്ടുണ്ട്. മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞ് ദളപതി വിജയ്‌യുടെ വക്കീൽ വേഷത്തിലാണ് ഇക്കുറി അഡ്വ. ശാന്തി മായാദേവി. ജീവിതത്തിലും വക്കീലായ ശാന്തിക്ക് ഇത് ഡ്രീം കം ട്രൂ മൊമന്റ്!
ലിയോയിലേക്കുള്ള വിളി വന്നത് വീൽ ചെയറിലിരിക്കുമ്പോൾ
ജീത്തു ജോസഫ് -മോഹൻലാൽ ചിത്രം റാമിന്റെ ചിത്രീകരണത്തിനിടെ കാൽമുട്ടിലേറ്റ പരുക്കിന് ശസ്ത്രക്രിയ കഴിഞ്ഞ് വീൽചെയറിലിരിക്കുന്ന സമയത്താണ് ലിയോ ടീമിൽ നിന്ന് വിളി വരുന്നത്. അതിന് മുൻപ് തന്നെ ലിയോ ടീമിൽ നിന്ന് വിളിച്ച് നമ്പർ വാങ്ങിയിട്ടുണ്ട്, വിളിക്കാൻ സാധ്യതയുണ്ടെന്ന് ആൽവിൻ ആന്റണി ചേട്ടൻ (നിർമാതാവ്) പറഞ്ഞിരുന്നു. ആ സമയത്ത് എഴുന്നേറ്റ് നിൽക്കാൻ പോലും സാധിക്കുമായിരുന്നില്ല. അത് അവരോട് പറഞ്ഞു. പക്ഷേ ചിത്രത്തിന്റെ ലൊക്കേഷൻ കശ്മീരിലേക്ക് മാറ്റി ചിത്രീകരണം തുടങ്ങാൻ വൈകിയതാണ് എനിക്ക് അനുഗ്രഹമായത്. ഒരു തരത്തിൽ പറഞ്ഞാൽ ആ വിളിയാണ് പരുക്ക് വേഗത്തിൽ ഭേദമാക്കിയത് എന്ന് പറയാം
കശ്മീരിലും പിന്നെ ചെന്നൈയിലുമായിട്ടാണ് എന്റെ ഭാഗങ്ങൾ ചിത്രീകരിച്ചത്. സ്വന്തമായി ഡബ് ചെയ്യാനും സാധിച്ചു.
മമ്മൂട്ടി, മോഹൻലാൽ, വിജയ്... താരങ്ങളുടെ വക്കീലാകുമ്പോൾ...
വളരെ സന്തോഷമുള്ള കാര്യമല്ലേ? സത്യത്തിൽ ദളപതിയുടെ വക്കീൽ വേഷം ചെയ്യണമെന്ന ആഗ്രഹം മുൻപ് തന്നെയുണ്ടായിരുന്നു. സമയം ആയപ്പോൾ അതങ്ങനെ സംഭവിച്ചു. അമിതാഭ് ബച്ചൻ, രജനീകാന്ത്, സൂര്യ അങ്ങനെ ആഗ്രഹങ്ങളുടെ പട്ടികയിൽ ഇനിയും താരങ്ങളുണ്ട് .
'നേരി'ന്റെ തിരക്കഥാകൃത്താണ്, പക്ഷേ വക്കീൽ അല്ല!
ദൃശ്യത്തിന്റെ സമയത്ത് തന്നെ ജീത്തു സാർ പറഞ്ഞ ഒരു കഥാതന്തുവാണ് അത് . കോർട്ട് റൂം ഡ്രാമയാണ്. നമ്മൾ കണ്ടുശീലിച്ച പതിവ് സിനിമാറ്റിക് എലമെന്റ്സ് ഒന്നുമില്ലാതെ കൈയടിക്കും ക്ലാപ്പിനും വേണ്ടിയുള്ള സീനുകൾ എന്ന നിലയിൽ അല്ലാതെ, റിയലിസ്റ്റിക് കോർട്ട് റൂം ഡ്രാമ എന്ന രീതിയിലാണ് 'നേരി'നെ സമീപിച്ചിട്ടുള്ളത്. എനിക്ക് അടുത്ത് അറിയാവുന്ന ചില കാര്യങ്ങളുളളതിനാൽ തിരക്കഥയും ചെയ്യാനായി. കോർട്ട് റൂം ഡ്രാമയാണെങ്കിലും ചിത്രത്തില്‍ വക്കീൽ ആയിട്ടല്ല അഭിനയിക്കുന്നത്... റാം എന്ന സിനിമയിലും വക്കീൽ അല്ല.
നേരിന്റെ പോസ്റ്ററിൽ കണ്ട ബ്രെയില്‍ ലിപി ?
അതിനെ ലാലേട്ടന്റെ 'ഒപ്പം' സിനിമയുമായൊക്കെ പലരും കണക്ട് ചെയ്ത് കണ്ടു. അങ്ങനെ ഒന്നുമല്ല, പക്ഷേ അതൊരു സ്പോയിലർ അലേർട്ടാണ്. കഥയ്ക്ക് അത്യാവശ്യമുള്ള ഘടകവുമാണ്. അതിൽ കൂടുതൽ ഇപ്പോൾ പറയാനാകില്ല
'എഴുതുമ്പോൾ അതുമാത്രം അറിയില്ലായിരുന്നു'
തിരക്കഥ എഴുതുമ്പോൾ അതിൽ ഒരു വേഷം ഞാൻ ചെയ്യുമെന്ന് എനിക്ക് അറിയില്ലായിരുന്നു. പല പല ചർച്ചകൾക്കിടെയാണ് ജീത്തു സാർ എന്നോട് ചോദിക്കുന്നത് ' ഈ കഥാപാത്രം തനിക്ക് ചെയ്തൂടേയെന്ന്'. പക്ഷേ അതിന് ശേഷം എഴുതുമ്പോഴും എഡിറ്റിങ്ങിന് ഇരിക്കുമ്പോഴുമൊക്കെ ഇങ്ങനെ വേണോ അങ്ങനെ വേണോ എന്നൊക്കെ തോന്നി. അതല്ലാതെ ഞാൻ എഴുതിയ കഥാപാത്രം അവതരിപ്പിക്കുമ്പോൾ മറ്റൊന്നും തോന്നിയില്ല.
ജീത്തു - മോഹൻലാൽ ടീം
ദൃശ്യം മുതൽ അറിയാവുന്ന ടീം ആണ്. വളരെ കംഫർട്ടബിൾ ആയി പ്രവർത്തിക്കാനുള്ള സ്പേയ്സ് തരുന്ന ഒരു ഇടം.
സെലിബ്രിറ്റി സ്റ്റാറ്റസും വക്കീൽ ജോലിയും
കോടതിയിൽ ചെല്ലുമ്പോൾ സിനിമാ വിശേഷങ്ങളൊക്കെ എല്ലാവരും ചോദിക്കും. ആ വിഭാഗത്തിൽ നിന്ന് ഒരാൾ സിനിമയിൽ അഭിനയിക്കുന്നുവെന്ന സന്തോഷമൊക്കെ പലരും പങ്കുവയ്ക്കാറുണ്ട്. അതിനപ്പുറം ഏതാണ്ട് പത്തുവർഷത്തിനടുത്തായി സ്വതന്ത്രമായി കേസ് നോക്കുന്ന ഒരു വക്കീലാണ്. അവിടെ സെലിബ്രിറ്റി സ്റ്റാറ്റസിന് ഇടമില്ല. കഠിനാധ്വാനം കൊണ്ട് പടുത്തുയർത്തി കൊണ്ടുവന്ന കരിയർ മാത്രമാണ് അവിടെ എന്നെ ഞാനാക്കി നിലനിർത്തുന്നത്. എന്നെ വിശ്വസിച്ച് പ്രവർത്തിക്കുന്ന കുറച്ച് പേർ കൂടി ചേരുന്നതാണ് എന്റെ ഓഫീസ്. അത് അങ്ങനെ തന്നെ നിലനിർത്തി കൊണ്ടുപോകണമെന്നാണ് ആഗ്രഹം. ഇപ്പോഴും കിട്ടുന്ന കേസിന്റെ എണ്ണം കുറഞ്ഞാൽ ടെൻഷൻ അടിക്കുന്ന ആളാണ് ഞാൻ. അതുപക്ഷേ സിനിമയുടെ കാര്യത്തിൽ ഇതുവരെ തോന്നിയിട്ടില്ല എന്നതാണ് സത്യം ...