അനു സിത്താര, അമിത് ചക്കാലക്കല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അജിത് വി തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സന്തോഷം'. നാലംഗ കുടുംബത്തെ കുറിച്ചുള്ളതാണ് സിനിമ. കലാഭവൻ ഷാജോൺ അച്ഛനായും ആശാ അരവിന്ദ് അമ്മയായും അഭിനയിക്കുമ്പോൾ അനു സിത്താര അവരുടെ രണ്ട് പെൺമക്കളിൽ ഒരാളായി അഭിനയിക്കുന്നു. രണ്ട് പെൺമക്കളും തമ്മിലുള്ള പ്രായവ്യത്യാസം 15 വയസാണ്. ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് സിനിമ പറയുന്നത്. ഷാജോണിന്റെ അമ്മയായി മല്ലിക സുകുമാരനും അഭിനയിക്കുന്നു.
ഈ സിനിമയിൽ അഭിനയിക്കേണ്ടി വന്നില്ല എന്നും ഒരു കുടുംബനാഥൻ ആകാൻ മാത്രമാണ് താൻ ഈ ചിത്രത്തിൽ ശ്രമിച്ചതെന്നും ഷാജോൺ പറഞ്ഞു. വീട്ടിൽ എപ്പോഴും തമാശകൾ പറഞ്ഞ് അതിലൂടെ കാര്യങ്ങൾ പറയാൻ ശ്രമിക്കുന്ന ഒരാളാണ് താൻ. ഈ ചിത്രത്തിലെ തന്റെ കഥാപാത്രവും അതുപോലെ തന്നെയാണെന്നും ഷാജോൺ പറയുന്നു. അമ്മ-മകൻ ബന്ധമോ അമ്മ-മകൾ ബന്ധമോ ആകട്ടെ, കുടുംബത്തിനുള്ളിലെ വിവിധ ബന്ധങ്ങളിലേക്കും സിനിമ കടന്നുപോകുന്നുണ്ട്. അനു സിത്താരയുടെ കഥാപാത്രത്തെ പ്രണയിക്കുന്ന കെ സി ഗിരീഷ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അമിത് അവതരിപ്പിക്കുന്നത്. പെൺമക്കളുള്ള മാതാപിതാക്കളുമായി ബന്ധപ്പെടുന്ന ഒരു കഥ കൂടിയാണിതെന്നും ഷാജോൺ പറയുന്നു.
ഫാമിലി എന്റർടെയ്‌നർ മോമോയ്ക്ക് ശേഷം അനു സിത്താര അഭിനയിക്കുന്ന ചിത്രമാണ് സന്തോഷം. അജിത് വി തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് അര്‍ജുന്‍ ടി സത്യനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാർത്തിക് എ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ, എഡിറ്റർ ജോൺകുട്ടി, സംഗീത സംവിധായകൻ പി എസ് ജയഹരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.