സമീപ കാലത്ത് ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ വിജയമായിരുന്നു ഷാരൂഖ് ഖാന് ചിത്രം 'പഠാൻ'. തുടരെയുള്ള പരാജയങ്ങൾക്ക് ശേഷം ബോളിവുഡിന് ലഭിച്ച ഹിറ്റും ഷാരൂഖ് ഖാന്റെ തിരിച്ചുവരവുമായിരുന്നു ചിത്രം. ജവാൻ, ഡങ്കി എന്നീ ചിത്രങ്ങളാണ് ഷാരൂഖ് ഖാന്റേതായി ഇനി പുറത്തുവരാനുള്ളത്. എന്നാൽ ഷാരൂഖ് ഖാന്റെ അടുത്ത ചിത്രത്തിലൂടെ മകൾ സുഹാന ഖാൻ ബോളിവുഡ് അരങ്ങേറ്റം നടത്താനൊരുങ്ങുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ.
ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സിദ്ധാർത്ഥ് ആനന്ദ് ചിത്രത്തിലാണ് സുഹാനയും ഷാരൂഖ് ഖാനും ഒരുമിക്കുന്നത്. പഠാന് ശേഷം സിദ്ധാർഥും ഷാരൂഖും ഒരുമിക്കുന്ന ചിത്രമാകും ഇത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെയും മാർഫ്ലിക്സ് പിക്ചേഴ്സിന്റെയും സഹനിർമ്മാണത്തിലാണ് ഒരുങ്ങുക. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചുവെന്നാണ് സൂചന. ഇരുവരുടെയും കഥാപാത്രമെന്താണെന്നത് സംബന്ധിച്ച് വ്യക്തതയില്ല.
ഷാരൂഖ് ഖാന് അഥിതി വേഷമായിരിക്കും എന്നും റിപ്പോർട്ടുകളുണ്ട്. ഗൗരി ഷിൻഡെയുടെ 2016-ൽ പുറത്തിറങ്ങിയ ഡിയർ സിന്ദഗി എന്ന ചിത്രത്തിലേതിന് സമാനമായ വലിയ അഥിതി വേഷമാവും. സിദ്ധാർത്ഥിന്റെ സംവിധാനത്തിൽ 'ടൈഗർ Vs പത്താൻ' ഷാരൂഖാന്റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
സോയ അക്തർ സംവിധാനം ചെയ്ത ചിത്രം 'ആർച്ചീസി'ലൂടെയാണ് സുഹാന അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസിനൊരുങ്ങുകയാണ്. ബോണി കപൂറിന്റെ മകള്‍ ഖുഷി കപൂര്‍, അമിതാബ് ബച്ചന്റെ പേരമകന് അഗസ്ത്യ നന്ദ എന്നിവരും ആർച്ചീസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
കിംഗ് ഖാന്റെ മകളായതിനാൽ തന്നെ പല തവണ വാർത്തകളിൽ നിറഞ്ഞിട്ടുള്ള ആളാണ് സുഹാന ഖാൻ. സിനിമയോടൊപ്പം തന്നെ റിയൽ എസ്റ്റേറ്റ് ബിസിനസിലും താരപുത്രി ഇതിനോടകം തന്നെ വരവറിയിച്ച് കഴിഞ്ഞു. കഴിഞ്ഞ ദിവസം സുഹാന 12.91 കോടിയുടെ കൃഷിഭൂമി വാങ്ങിയ സംഭവം വാർത്തകളിൽ നിറഞ്ഞിരുന്നു.
'സ്റ്റാർഡം' എന്ന വെബ് സീരീസ് ഒരുക്കുകയാണ് ഷാരൂഖ് ഖാന്റെ മകൻ ആര്യന് ഖാനിപ്പോൾ. 2022 ഡിസംബറിലാണ് ആര്യന് ഖാന് സംവിധാനം ചെയ്യുന്ന വെബ് സിരീസ് സ്റ്റാര്‍ഡത്തിന്റെ പ്രഖ്യാപനമുണ്ടാകുന്നത്. കുറേ മാസങ്ങളായി ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തനങ്ങളിലായിരുന്നു ആര്യന് ഖാന്. ആറ് എപ്പിസോഡുകളായി പ്രദര്‍ശനത്തിനെത്തുന്ന വെബ് സീരീസിന്റെ ഷൂട്ടിങ് ഈ മാസം ആദ്യമാണ് ആരംഭിച്ചത്.