ബോളിവുഡ് സുപ്പര്‍ സ്റ്റാര്‍ ഷാരുഖ് ഖാന് അമ്പരപ്പിക്കുന്ന മേക്കോവറിന് തയ്യാറെടുക്കുന്നു. സുജയ് ഘോഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കിങ് ഖാന് പുതിയ ലുക്കില്‍ എത്തിയേക്കുമെന്നാണ് സൂചനകള്‍. ഷാരൂഖ് ഖാൻ തന്നെയാണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയിരിക്കുന്നത്.
അടുത്ത ചിത്രത്തിനായി ഭാരം കുറയ്ക്കുകയാണ് താനെന്നാണ് ഷാരൂഖ് ഖാന്റെ പ്രതികരണം. കിങ് എന്ന് പേര് നിശ്ചയിച്ചിരിക്കുന്ന സുജയ് ഘോഷ് ചിത്രത്തിനായി ശരീര ഭാരം കുറയ്ക്കുകയാണ് താനെന്നാണ് ഷാരൂഖ് ഖാന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം സ്വിറ്റ്സർലൻഡിൽ വച്ച് ലൊകാർണോ ഫിലിം ഫെസ്റ്റിവലിൽ പാർഡോ അല്ല കാരിയറ അവാർഡ് നൽകി ഷാരുഖ് ഖാനെ ആദരിച്ചിരുന്നു. സമഗ്ര സംഭാവനയ്ക്കായിരുന്നു പുരസ്കാരം. തുടർന്ന് ഫെസ്റ്റിവല്‍ ഡയറക്ടർ ജിയോണ എ നസ്സാരോയുമായി നടന്ന തത്സമയ സംവാദത്തിനിടെയാണ് പുതിയ ചിത്രത്തെക്കുറിച്ച് ഷാരൂഖ് പറഞ്ഞത്. 30 വർഷത്തിന് മേലുളള താരത്തിന്റെ കരിയറിനെ കുറിച്ചും സിനിമയിലേക്കുളള ആദ്യ വരവിനെ കുറിച്ചും നാഴികക്കല്ലായ വേഷങ്ങളെ കുറിച്ചുമൊക്കെ അദ്ദേഹം സംസാരിച്ചു.
താരത്തിന്റെ മാസ്റ്റർപീസ് ഡാൻസ് നമ്പറിനെ കുറിച്ചും വേദിയിൽ ചർച്ചയുണ്ടായി. ബുദ്ധിമുട്ടുള്ള നൃത്ത ചുവടുകളിൽ നിന്നും തന്നെ ഒഴിവാക്കാൻ കൊറിയോഗ്രാഫർ സരോജ് ഖാൻ കണ്ടെത്തിയ ഒരു തന്ത്രമാണ് ഇന്നും ഞാൻ ഉപയോഗിക്കുന്ന കൈകൾ ഇരുവശങ്ങളിലേക്കും കാണിച്ചുളള ആ സ്റ്റെപ്പെന്നും ഷാരൂഖ് വിശദീകരിച്ചു.
സിനിമാ ആരാധികയായിരുന്ന അമ്മയിലൂടെ സിനിമ കാണാൻ ആരംഭിച്ച അനുഭവങ്ങൾ വിവരിച്ചുകൊണ്ടായിരുന്നു ഷാരൂഖ് ഖാൻ തന്റെ സിനിമായാത്രയെ കുറിച്ച് പറഞ്ഞു തുടങ്ങിയത്. 'അന്ന് ഞങ്ങൾക്കൊരു വീഡിയോ കാസറ്റ് റെക്കോർഡർ ഉണ്ടായിരുന്നു. അത് സ്വന്തമാക്കുക എന്നത് വലിയ കാര്യമാണ്, എൻ്റെ അമ്മയുടെ സഹോദരി വളരെ ധനികയായിരുന്നു, അവർ സമ്മാനിച്ചതാണത്. ആ വീഡിയോ പ്ലെയറിൽ സിനിമ കണ്ടുകൊണ്ട് അമ്മയുടെ പാദങ്ങൾ മസാജ് ചെയ്യുന്നതാണ് ആദ്യ ഓർമ്മയായി മനസിലെത്തുന്നത്. ഹിന്ദി ഭാഷാ ക്ലാസിൽ മികച്ച മാർക്ക് നേടിയതിന് ശേഷമാണ് യാഷ് ചോപ്രയുടെ "ജോഷില" കാണാൻ അമ്മ എന്നെ കൊണ്ടുപോയത്. ഡൽഹിയിൽ നാടകരംഗത്ത് പ്രവർത്തിച്ചതിന് ശേഷം, 1990ലാണ് ഞാൻ ആദ്യം മുംബൈയിൽ എത്തിയത്. അമ്മയുടെ താത്പര്യപ്രകാരം ഒരു വർഷം മാത്രം സിനിമയിൽ നിന്ന് തിരികെ പോകാനായിരുന്നു ഉദ്ദേശം. ആ ഒരു വർഷം കൊണ്ട് ഒരു ലക്ഷം രൂപ സമ്പാദിക്കാമെന്നും ഒരു വീട് വാങ്ങാമെന്നും, പിന്നെ തിരികെ പോയി ഒരു ശാസ്ത്രജ്ഞനോ മാസ് കമ്മ്യൂണിക്കേഷൻ ജേണലിസ്റ്റോ ആകണമെന്നുമൊക്കെ ആയിരുന്നു ആഗ്രഹങ്ങൾ.പക്ഷെ എനിക്കൊരു തിരിച്ചുപോക്കുണ്ടായില്ല.'
'കഴിഞ്ഞ വർഷം ജവാനും ഡങ്കിയും പൂർത്തിയാക്കി. പതിവല്ലാത്ത രീതിയിൽ ഒരു വ്യത്യസ്തമായ ചിത്രം ചെയ്യണമെന്ന് അടുത്തിടെ എനിക്കൊരു ആഗ്രഹം തോന്നി. അടുത്തെന്ന് പറഞ്ഞാൽ കഴിഞ്ഞ 7 വർഷത്തിലേറെയായി മനസിലുളള ആഗ്രഹമാണ്. ഒരു ദിവസം, ഞാൻ എൻ്റെ ഓഫീസിൽ ഇരിക്കേ സുജോയ് ഘോഷിനോട് ഇക്കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചു. അദ്ദേഹം പറഞ്ഞു, 'സർ, എന്റെ കയ്യിൽ ഒരു വിഷയമുണ്ട്'. അതാണ് എന്റെ അടുത്ത സിനിമ, കിംഗ്. അതിന് വേണ്ടി ഞാനിപ്പോൾ ശരീരഭാരം കുറച്ചു കൊണ്ടിരിക്കുകയാണ്.' ഷാരൂഖ് പറയുന്നു.
ഈ വെളിപ്പെടുത്തലിനു ശേഷം ഷാറുഖിനൊപ്പം സുഹാന ഖാനും ചിത്രത്തിലുണ്ടാകും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. സോയ അക്തർ സംവിധാനം ചെയ്ത ആർച്ചീസ് എന്ന നെറ്റ്ഫ്ലിക്സ് വെബ് സീരിസിലൂടെ കഴിഞ്ഞ വർഷമാണ് സുഹാന അഭിനയരംഗത്ത് കടന്നത്. റിപ്പോർട്ടുകൾ ശരിയെങ്കിൽ സുഹാന ഖാന്റെ ആദ്യ ബോളിവുഡ് ചിത്രമായിരിക്കും കിംഗ്. അഭിഷേക് ബച്ചൻ ചിത്രത്തിൽ വില്ലനായി എത്തുമെന്നും വാർത്തകളുണ്ട്. അമിതാഭ് ബച്ചനും മുമ്പ് ഇക്കാര്യം ഒരു ട്വീറ്റിലൂടെ സ്ഥിരീകരിച്ചിരുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ പ്രതീക്ഷിക്കാം.
വരാനിരിക്കുന്ന ഷാരൂഖ് ചിത്രം ആക്ഷൻ ത്രില്ലറായിരിക്കുമെന്ന സൂചനകൾ മുമ്പും ദേശീയ മാധ്യമങ്ങൾ പങ്കുവെച്ചിരുന്നു. ഷാരൂഖ് തന്നെ പേര് വെളിപ്പെടുത്തിയ കിങ് ആയിരിക്കും ആ ചിത്രം എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.