തീയേറ്ററിൽ ഇടിയുടെ പൊടിപൂരം തീർത്ത് ബോക്സ് ഓഫീസ് തൂത്തിവാരിയ ആർഡിഎക്സ് ഒടിടിയിലെത്തി. നെറ്റ്ഫ്ലിക്സിൽ അർധരാത്രിയോടെയാണ് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചത്.
നഹാസ് ഹിദായത് സംവിധാനം ചെയ്ത ആർഡിഎക്‌സ് ഓഗസ്റ്റ് 25നാണ് തിയേറ്ററുകളിലെത്തിയത്. ഷെയ്ൻ നിഗം, നീരജ് മാധവ്, ആന്റണി, വർഗീസ് പെപ്പെ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തിയ ചിത്രത്തിൽ ബാബു ആന്റണി, ലാൽ, മഹിമ നമ്പ്യാർ, ഐമ സെബാസ്റ്റ്യൻ എന്നിവരാണ് മറ്റ് പ്രധാനതാരങ്ങൾ. സോഫിയ പോൾ പ്രൊഡക്ഷൻസാണ് നിർമാണം
ദുൽഖർ സൽമാന്റെ 'കിങ് ഓഫ് കൊത്ത', നിവിൻ പോളിയുടെ 'ബോസ് ആൻഡ് കോ' എന്നീ ചിത്രങ്ങൾക്കൊപ്പമായിരുന്നു ആർഡിഎക്സ് റിലീസ് ചെയ്തത്. എന്നാൽ ഓണച്ചിത്രങ്ങളിൽ ആർഡിഎക്സിന് മാത്രമാണ് പ്രേക്ഷക സ്വീകാര്യത ലഭിച്ചത്. തീയേറ്ററിൽ കൃത്യം 30-ാം ദിവസമാണ് ആർഡിഎക്സ് ഒടിടിയിലെത്തുന്നത്
ആർഡിഎക്സ് 100 കോടി ക്ലബിൽ ഇടം പിടിച്ചതായി കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഒടിടി റിലീസിന് തൊട്ടുമുന്‍പാണ് ഈ വിവരം പുറത്തുവിട്ടത്. 29 ദിവസം കൊണ്ടാണ് ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചത്. ഈ വർഷം പുറത്തിറങ്ങിയ ജൂഡ് ആന്തണി സംവിധാനം ചെയ്ത '2018: എവരിവൺ ഈസ് എ ഹീറോ' ആണ് അവസാനമായി മലയാളത്തിൽനിന്ന് 100 കോടി ക്ലബ്ബിലെത്തിയ ചിത്രം. ഈ വർഷം 100 കോടി ക്ലബിൽ ഇടം പിടിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ആർഡിഎക്സ്.