ശങ്കര്‍മോഹന്‍ വീണപൂവ് സിനിമയില്‍ 
ENTERTAINMENT

നഷ്ടസ്വര്‍ഗത്തിലെ ശങ്കര്‍മോഹന്‍; വിരഹനായകൻ വിവാദനായകനായപ്പോള്‍

ജാതീയമായ വേര്‍തിരിവിന് ഇരയാക്കപ്പെട്ട് പ്രണയം നഷ്ടമാവുകയായിരുന്നു വീണപൂവിലെ വിനയന്. പക്ഷേ ആ വേര്‍തിരിവ് അലങ്കാരമാക്കിയെന്ന ആരോപണത്തിന്റെ തുടര്‍ച്ചയായാണ് ശങ്കർ മോഹന് പദവി ഒഴിയേണ്ടി വന്നത്

ദൃശ്യ പുതിയേടത്ത്‌

''നഷ്ടസ്വര്‍ഗങ്ങളെ നിങ്ങളെനിക്കൊരു

ദുഖസിംഹാസനം നല്‍കി...''

ഈ പാട്ടിന് ഇപ്പോള്‍ എന്ത് പ്രസക്തി എന്നല്ലേ? 1982 ല്‍ പുറത്തിറങ്ങിയ 'വീണപൂവ്' എന്ന സിനിമയിലെ ഈ വിരഹഗാനത്തിന് കുറച്ച് ദിവസങ്ങളായി പ്രാധാന്യം ഏറെയാണ്. ചിത്രത്തിലെ നായകന്‍ കഴിഞ്ഞ രണ്ട് മാസത്തോളമായി വാര്‍ത്തകളിലങ്ങനെ നിറഞ്ഞു നില്‍ക്കുകയാണല്ലോ. മാത്രമല്ല പാട്ടിന്റെ വരികളെ അന്വര്‍ത്ഥമാക്കിക്കൊണ്ട് നമ്മുടെ കഥാനായകന്‍ ഇപ്പോള്‍ പദവിയൊഴിഞ്ഞ് ദുഖസിംഹാസനത്തിലുമാണ്.

പറഞ്ഞു വന്നത് മറ്റാരെക്കുറിച്ചുമല്ല, കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടറായിരുന്ന ശങ്കര്‍ മോഹനെക്കുറിച്ചാണ്. കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചന വിവാദവും സംവരണ അട്ടിമറിയുമൊക്കെ ആരോപിക്കപ്പെട്ട് നില്‍ക്കക്കള്ളിയില്ലാതെ ശങ്കര്‍ മോഹന് കഴിഞ്ഞ ദിവസം തന്റെ ഡയറക്ടര്‍ കുപ്പായം അഴിച്ചു വെയ്‌ക്കേണ്ടി വന്നു

അമ്പിളി സംവിധാനം ചെയ്ത 'വീണപൂവി'ലെ വിനയന്‍ എന്ന് നായക കഥാപാത്രമായാണ് ചിത്രത്തില്‍ ശങ്കര്‍ മോഹന്‍ എത്തുന്നത്. ചിത്രത്തില്‍ വിനയനെന്ന കഥാപാത്രത്തിനും ഇതുപോലെ പലതും നഷ്ടപ്പെടുകയായിരുന്നല്ലോ. നായികയായ സുമംഗലയെ പ്രണയിച്ചുകൊണ്ടിരുന്ന സമയത്ത് കടന്നുവന്ന ആ വാസുദേവന്‍ നമ്പൂതിരി അവളെ വിവാഹം ചെയ്ത് കൊണ്ടുപോയി. ജാതീയമായ വേര്‍തിരിവിന് ഇരയാക്കപ്പെട്ട് പ്രണയം നഷ്ടമാവുകയായിരുന്നു വീണപൂവിലെ വിനയന്. പക്ഷേ ആ വേര്‍തിരിവ് അലങ്കാരമാക്കിയെന്ന ആരോപണത്തിന്റെ തുടര്‍ച്ചയായാണ് ശങ്കർ മോഹന് പദവി ഒഴിയേണ്ടി വന്നത്, അത് അദ്ദേഹം അംഗീകരിക്കുന്നില്ലെങ്കില്‍ പോലും.

സിനിമയില്‍ ശങ്കര്‍മോഹന്‍ കഥാപാത്രം സുഹൃത്തിനോട് പറയുന്നുണ്ട് ''വരാന്‍ അല്പം വൈകി'' എന്ന്. കാലത്തിനൊപ്പം സഞ്ചരിക്കാന്‍ കഴിയാതെ പോയ ശങ്കര്‍ മോഹനോട് കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ 48 ദിവസം നീണ്ട സമരത്തിലൂടെ പറയുന്നതും ഇത് തന്നെയല്ലേ?

ശങ്കർ മോഹൻ

ശ്രീകുമാരന്‍ തമ്പി എഴുതി വിദ്യാധരന്‍ മാഷ് സംഗീതം പകര്‍ന്ന 'നഷ്ടസ്വര്‍ഗങ്ങളേ' എന്ന ഗാനം കാലങ്ങള്‍ക്കിപ്പുറവും മലയാളികള്‍ക്ക് ഏറെ പ്രീയപ്പെട്ടതാണ്. ചിത്രത്തില്‍ മാനസികാശുപത്രിയിലെ ഒരു രോഗി പശ്ചാത്തലത്തില്‍ ആ പാട്ട് പാടിക്കൊണ്ടിരിക്കുമ്പോള്‍ അത് കേട്ടിരിക്കുന്ന വിനയനിലാണ് അതിലെ വിരഹവേദന ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുന്നത്. ശങ്കര്‍ മോഹനന് 'കൂടെ പാടാന്‍' പലരും ഉണ്ടായിരുന്നെങ്കിലും നഷ്ടങ്ങളൊക്കെ ഏറ്റുവാങ്ങേണ്ടി വന്നത് ഒറ്റയ്ക്കാണ്.

ശങ്കര്‍ മോഹനന് 'കൂടെ പാടാന്‍' പലരും ഉണ്ടായിരുന്നെങ്കിലും നഷ്ടങ്ങളൊക്കെ ഏറ്റുവാങ്ങേണ്ടി വന്നത് ഒറ്റയ്ക്കാണ്

'വീണപൂവ്' ഉള്‍പ്പെടെ നാല് ചിത്രങ്ങളിലാണ് ശങ്കര്‍ മോഹന്‍ പ്രധാനവേഷം ചെയ്തത്. കാട്ടിലെ പാട്ട്, മഞ്ഞ്, ലയം എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് മൂന്ന് ചിത്രങ്ങള്‍. അഭിനയരംഗത്ത് കൂടാതെ സിനിമയുടെ പല മേഖലകളിലും കൈവച്ചിട്ടുള്ള ശങ്കര്‍ മോഹന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, പൂനെയുടെ അടക്കം പല ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെയും മേധാവിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ഗോവ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ തലപ്പത്തും ശങ്കര്‍മോഹന്‍ ഉണ്ടായിരുന്നു

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ