ENTERTAINMENT

സലാറിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിൽ അതിയായ സന്തോഷം: മനസ്സ് തുറന്ന് ശ്രുതി ഹാസൻ

ശ്രുതിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ വീരസിംഹ റെഡ്ഡിയും വാൾട്ടർ വീരയ്യയും വൻഹിറ്റുകളായിരുന്നു.

എന്റർടെയ്ൻമെന്റ് ഡെസ്ക്

പ്രഭാസ് നായകനായെത്തുന്ന സലാറിന്റെ ഭാ​ഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് നടി ശ്രുതി ഹാസൻ. ബി​ഗ് ബജറ്റ് ചിത്രമായ സലാറിൽ അഭിനയിക്കാൻ കഴിഞ്ഞതിലൂടെ കരിയറിൽ മികച്ച ആളുകളെ കണ്ടുമുട്ടാനും പരിജയപ്പെടാനും കഴിഞ്ഞുവെന്ന് അവർ പറഞ്ഞു.

വളരെ കാലമെടുത്ത് ചെയ്ത ഒരു സിനിമയാണ് സലാർ. അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. പ്രശാന്ത് നീലിന്റെ സിനിമകളിൽ നിരവധി കഥാപാത്രങ്ങളുണ്ടാകുമെങ്കിലും ഓരോരുത്തർക്കും അവരുടേതായ പ്രാധാന്യമുണ്ടായിരിക്കും. കെജിഎഫിൽ അത് നാം കണ്ടതാണ്. സലാറിൽ ഞാൻ അവതരിപ്പിക്കുന്ന ആദ്യ എന്ന കഥാപാത്രത്തിന് സിനിമയില്‍ വളരെ നിർണായകമായ ഇടമുണ്ട്
ശ്രുതി ഹാസൻ

വളരെ കുറച്ച് കാലം കൊണ്ട് തന്നെ തെന്നിന്ത്യയിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് ശ്രുതി ഹാസൻ. അഭിനയത്തിന് പുറമെ പിന്നണി ​ഗായികയായും താരം ശ്രദ്ധ നേടിയിരുന്നു. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സലാർ ആണ് ശ്രുതിയുടേതായി ഇനി വരാനിരിക്കുന്ന ചിത്രം. കെജിഎഫിന്റെ സംവിധായകൻ പ്രശാന്ത് നീലാണ് ചിത്രത്തിന്റെ സംവിധായകൻ. പ്രഭാസിനൊപ്പം പൃഥിരാജും, ജഗപതി ബാബുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 200 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

ശ്രുതിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ വീരസിംഹ റെഡ്ഡിയും വാൾട്ടർ വീരയ്യയും വൻഹിറ്റുകളായിരുന്നു. രണ്ട് ചിത്രങ്ങളും ഈ വർഷമാദ്യമാണ് തിയേറ്ററുകളില്‍ എത്തിയത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെലുങ്ക് ചലച്ചിത്രലോകത്തെ സൂപ്പർ താരങ്ങള്‍ക്കൊപ്പമെല്ലാം താരം അഭിനയിച്ചു കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വർഷം സിനിമകളുടെ പ്രൊമോഷന്റെയും അവരുടെ പുതിയ ഇം​ഗ്ലീഷ് ചിത്രമായ ദി ഐയുടെയും തിരക്കുകളിലായിരുന്നു.

രസകരമായ കഥയാണ് ദി ഐ പറയുന്നത്. സ്‌ക്രിപ്റ്റ് വായിച്ചപ്പോൾ തന്നെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. സ്ത്രീകളുടെ കാഴ്ചപ്പാടുകളും അവർ എന്താണ് അനുഭവിക്കുന്നതെന്ന് മനസിലാക്കാനും കഴിയുന്ന സിനിമകളോടാണ് പ്രിയം. ഈ ചിത്രം എന്നിൽ വലിയ സ്വാധീനം ചെലുത്തി. ഇത് എഴുതിയതും സംവിധാനം ചെയ്തതും നിർമ്മിച്ചതും സ്ത്രീകളാണ് - ശ്രുതി പറഞ്ഞു.

സിനിമാ വിശേഷങ്ങൾക്കപ്പുറം താരത്തിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും മാനസികസംഘർഷങ്ങളെക്കുറിച്ചും മനസ് തുറന്നു. വിവാഹം എന്ന സ്ഥാപനത്തിൽ വിശ്വസിക്കുന്നില്ലെന്നും സുഹൃത്ത് ശന്തനുവിനൊപ്പം മനോഹരമായ ഒരു ജീവിതമാണ് നയിച്ച് വരുന്നതെന്നും ശ്രുതി വ്യക്തമാക്കി. അദ്ദേഹ​ത്തിനൊപ്പമുളള നിമിഷങ്ങൾ പങ്കുവയ്ക്കുന്നതില്‍ തനിക്ക് അഭിമാനമേ ഉളളൂവെന്നും ശ്രുതി പറഞ്ഞു.

മാനസികാരോഗ്യത്തെക്കുറിച്ച് പൊതുസമൂഹത്തോട് പറയരുതെന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ട്. എന്നാൽ അതേക്കുറിച്ച് ചർച്ച ചെയ്യേണ്ടത് പ്രധാനമാണെന്ന് ശ്രുതി ചൂണ്ടിക്കാട്ടി. ചുറ്റുമുളള അഞ്ച് വ്യക്തികളെ എടുത്താൽ അതിൽ രണ്ട് പേരെങ്കിലും മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരായിരിക്കാം. ഇതേക്കുറിച്ച് സംസാരിക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നു. കാരണം എന്നെ സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത കലാകാരന്മാരും സംഗീതജ്ഞരും അവരുടെ പോരാട്ടങ്ങളെയും വിജയങ്ങളെയും കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്.

എന്റെ ജീവിതത്തെക്കുറിച്ചാണ് ഞാൻ പറയുന്നത്. അതുകൊണ്ട് മറ്റൊരാളുടെ ജീവിതത്തെ മാറ്റാൻ കഴിയുമെങ്കിൽ, അത് അതിശയകരമല്ലേ എന്നാണ് ശ്രുതി ചോദിക്കുന്നത്. മാനസിക പ്രശ്നങ്ങളെത്തുടർന്ന്, ഏകദേശം നാലര വർഷത്തോളം ടോക്ക് തെറാപ്പി നടത്തിയിരുന്നു. മാനസികാരോഗ്യത്തെക്കുറിച്ച് ഇപ്പോൾ സംസാരിക്കാൻ കഴിയുന്നില്ലെങ്കിൽ, പിന്നെ എപ്പോഴാണെന്നും ശ്രുതി ചോദിച്ചു.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്