ENTERTAINMENT

'വിമർശിക്കാം, പക്ഷേ അരാഷ്ട്രീയവാദത്തെ ന്യായീകരിക്കാനാവില്ല'; ഷുക്കൂർ വക്കീൽ അഭിമുഖം

സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി നൗഷാദ് സാഫ്രോൺ ഒരുക്കിയ 'പൊറാട്ട് നാടകം' എന്ന ചിത്രത്തിൽ തീവ്ര വലതുപക്ഷ നേതാവായ ​ഗോപാൽജി എന്ന കഥാപാത്രമായിട്ടാണ് ഷുക്കൂർ വക്കീൽ എത്തിയത്

സുല്‍ത്താന സലിം

നൗഷാദ് സാഫ്രോൺ ഒരുക്കിയ 'പൊറാട്ട് നാടകം' എന്ന ചിത്രത്തിലെ ​ഗോപാൽജിയന്ന കഥാപാത്രം മികച്ച അഭിപ്രായം നേടുന്നതിന്റെ സന്തോഷത്തിലാണ് ഷുക്കൂർ വക്കീൽ. 'യഥാർത്ഥ സംഘി'യെപ്പോലെ തോന്നിയെന്ന അഭിപ്രായം കേട്ടപ്പോൾ അഭിനേതാവെന്ന നിലയിൽ സന്തോഷം തോന്നിയെന്ന് ഷുക്കൂർ വക്കീൽ പറയുന്നു. ആശയപരമായും ശരീരഭാഷയിലും താനുമായി ഏറെ അന്തരമുളള ഒരാളായി അഭിനയിക്കുകയെന്നത് തന്റെ മുൻ സിനിമയുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് നൽകാനായ മറുപടിയാണെന്നും അദ്ദേഹം ദ ഫോർത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'ന്നാ താൻ കേസ്കൊട്' എന്ന ചിത്രത്തിലെ വക്കീൽ വേഷത്തിനുശേഷം ഷുക്കൂറിനെ തേടിയെത്തിയ രണ്ടാമത്തെ കഥാപാത്രമാണ് ​സൈജു കുറുപ്പ് നായകനായെത്തിയ പൊറാട്ട് നാടകത്തിലെ ഗോപാൽജി. ചാണകത്തിൽ പ്ലൂട്ടോണിയം ഉണ്ടെന്നും പശുവിന്റെ കൊമ്പിനടിയിലൂടെ ഓക്സിജൻ പുറംതള്ളുമെന്നുമുളള വാദങ്ങൾ വിശ്വസിക്കാൻ അനേകം പേരുള്ള ഈ കാലത്ത് ഗോപാൽജിയെന്ന വേഷം ചെയ്യാനായത് വലിയ കാര്യമായി കാണുന്നുവെന്നാണ് ഷുക്കൂർ വക്കീൽ പറയുന്നത്. സിനിമയുടെ പ്രത്യയശാസ്ത്രത്തോടും അതിന്റെ ആന്തരികമായ സംഭവങ്ങളോടും വളരെ വ്യത്യസ്തമായ കാഴ്ചപ്പാടുളള ആളാണ് താനെന്നും സിനിമകളിലെയും സർവകലാശാലകളിലെയും അരാഷ്ട്രീയവാദത്തെ ഒരു രീതിയിലും ന്യായീകരിക്കാനാവില്ലെന്നും ഷുക്കൂർ വക്കീൽ പറഞ്ഞു.

വക്കീലിൽനിന്ന് ഗോപാൽജിയിലേക്കുളള മാറ്റം

മുഖ്യവേഷം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'പൊറാട്ട് നാടകം'. സിനിമയുടെ കഥ എന്നോട് ആദ്യമായി പറയുന്നത് തിരക്കഥാകൃത്ത് സുനീഷ് വാരനാടാണ്. ഗോപാൽജിയെന്നാണ് കഥാപാത്രത്തിന്റെ പേര്. സംഘപരിവാറുകാരനെന്ന് തോന്നിപ്പിക്കുന്ന തീവ്ര വലതുപക്ഷ നേതാവാണ്. ഇത്തരം ആളുകൾ ചുറ്റുമുള്ളതിനാൽ അവരുടെ ശരീരഭാഷയും രീതികളും നമുക്ക് പരിചിതമാണ്. അവർ ഉന്നയിക്കുന്ന വാദങ്ങളൊക്കെ നിരന്തരം കേൾക്കുന്നതാണ്.

സിനിമ കണ്ടശേഷം നല്ല അഭിപ്രായങ്ങൾ അറിയിച്ചവരുണ്ട്. സംസാരശൈലിയിൽ കുറച്ചുകൂടി കൃത്യത വരുത്താമായിരുന്നുവെന്ന ചില വിമർശനങ്ങളും വന്നിരുന്നു. ആദ്യ സിനിമ 'ന്നാ താൻ കേസുകൊട്' സ്പോട്ട് ഡബ്ബിങ്ങായിരുന്നു. അതിന്റെ ഒരുപാട് ഗുണങ്ങൾ ആ കഥാപാത്രത്തിന് ലഭിച്ചു. എന്നാൽ, അത്ര എളുപ്പമായിരുന്നില്ല പൊറാട്ട് നാടകത്തിലെ ഡബ്ബിങ്. അതുകൊണ്ട് വിമർശനങ്ങളെല്ലാം വളരെ പോസിറ്റീവായി എടുക്കുന്നു.

'ചാണകസംഘി ലുക്ക്' ഉണ്ടെന്ന് കേട്ടപ്പോൾ സന്തോഷം തോന്നി. ഞാനുമായി ഏറെ അന്തരമുളള ഒരാളായി അഭിനയിക്കുകയെന്നത് മുൻ വിമർശനങ്ങളെ ചെറുക്കാനുളള അവസരമായി. ഈ കഥാപാത്രം ടിപ്പിക്കൽ തീവ്രവലതുപക്ഷ അനുകൂലിയാണ്. ചാണകത്തിൽ കുളിച്ചാൽ കൊറോണ മാറുമെന്ന് വിശ്വസിക്കുകയും പറഞ്ഞുപ്രചരിപ്പിക്കുകയും ചെയ്ത ആളുകളുണ്ടായിരുന്നു ഇവിടെ. കേരളത്തിലതു വേണ്ടരീതിയിൽ വിലപ്പോയില്ലെങ്കിലും ഇവിടുത്തെ ചില സോ കോൾഡ് 'പണ്ഡിതന്മാരും' ഇത്തരം പൊള്ളയായ വാദങ്ങൾ ഉന്നയിച്ചു.

'പൊറാട്ട് നാടകം' ചിത്രത്തിൽ ​ഗോപാൽജിയായി ഷുക്കൂർ വക്കീൽ

പശുവിന്റെ കൊമ്പിനിടയിൽനിന്ന് ഓക്സിജൻ പുറത്തേയ്ക്കു വരും, ലോകത്ത് ഓക്സിജൻ അകത്തേക്കെടുക്കുകയും പുറത്തേക്കുവിടുകയും ചെയ്യുന്ന ഏക ജീവി പശുവാണ്... തുടങ്ങിയ പ്രചാരണങ്ങളൊക്കെ വിശ്വസിക്കുന്ന ആളുകളും നമുക്കിടയിലുണ്ടെന്നുളളതാണ് സങ്കടകരമായ വസ്തുത. ഇന്ത്യയിൽ തന്നെ ഏറ്റവും കൃത്യമായി പ്രാഥമിക വിദ്യാഭ്യാസവും സെക്കൻഡറി വിദ്യാഭ്യാസവും ലഭിക്കുന്ന സാക്ഷരതയിലും ടെക്നോളജിയിലും ഏറെ മുന്നിൽ നിൽക്കുന്ന ഒരു സമൂഹത്തിലാണ് ഇത്രയും വലിയ അബദ്ധവാദങ്ങൾ ചെലവാക്കുന്നത്. അതിന് അനുയായികൾ കൂടിക്കൂടിവരുന്ന ഒരു സാഹചര്യം കൂടിയാണ്. അതിനുദാഹരണമാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ ബിജെപി ജയം.

വലിയരീതിയിൽ സാംസ്കാരിക ചരിത്ര പശ്ചാത്തലമുളള, സാംസ്കാരിക, വിദ്യാഭ്യാസ മുന്നേറ്റമുളള ഒരിടമാണ് തൃശൂർ. അത്തരമൊരു പ്രദേശത്ത് സംഘപരിവാർ ആശയത്തിനു വലിയ തോതിലുളള സ്വീകാര്യത ലഭിക്കുകയും അത് വോട്ടായി മാറുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തിൽ ഒരു സിനിമയിൽ സംഘപരിവാർ അനുകൂലിയായി അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ നന്നായി ആസ്വദിക്കാനായി. ഞാൻ വഴി അത്തരം വ്യക്തികളെ അവരുടെ പൊള്ളത്തരങ്ങളെ സമൂഹത്തിനു മുന്നിലേക്കെത്തിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്.

''വക്കീലേ, നിങ്ങൾക്ക് നല്ല സംഘി ലുക്കുണ്ട്, വെറും സംഘിയല്ല, നാട്ടിൻപുറങ്ങളിൽ കാണുന്ന നല്ല ചാണകസംഘി,'' എന്നാണ് സിനിമ കണ്ട് ഒരു പ്രമുഖ വ്യക്തി എന്നോട് പറഞ്ഞത്. അത്, അഭിനേതാവെന്ന നിലയിൽ എനിക്കു ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണ്.

ആദ്യ സിനിമ സംഭവിച്ചപ്പോൾ വലിയ തോതിൽ അഭിനന്ദനങ്ങൾ വന്നപ്പോഴും പലരും പറഞ്ഞ ഒരു കാര്യമുണ്ടായിരുന്നു, അയാൾ വക്കീലാണ്, അതുകൊണ്ട് വക്കീലായി അഭിനയിക്കുക അയാൾക്കൊരു ബുദ്ധിമുട്ടായിരിക്കില്ലെന്ന്. ആ വിമർശനം വളരെ പോസിറ്റീവായിട്ടാണ് തോന്നിയത്, ശരിയാണല്ലോയെന്ന്. രണ്ടാം ചിത്രത്തിൽ, ആശയപരമായും ശരീരഭാഷകൊണ്ടും ഞാനുമായി ഏറെ അന്തരമുളള ഒരാളായി അഭിനയിക്കുകയെന്നത് ആ വിമർശനങ്ങളെ ചെറുക്കാനുളള അവസരമായി. അതുകൊണ്ട് ഗോപാൽജി എന്ന കഥാപാത്രത്തെ യഥാർത്ഥ സംഘപരിവാർ അനുകൂലികളെപ്പോലെ തോന്നിപ്പിച്ചുവെന്ന അഭിപ്രായം എനിക്കേറെ സന്തോഷം നൽകുന്നു.

സന്ദേശത്തിനും പഞ്ചവടിപ്പാലത്തിനും കിട്ടിയ പ്രിവിലേജ് ഇന്നത്തെ ആക്ഷേപഹാസ്യ സിനിമകൾക്കില്ല

'പൊറാട്ട് നാടകം' വിമർശിക്കുന്നത് സമൂഹത്തിലെ ഒരു വിഭാഗത്തെ മാത്രമല്ല. സിപിഎം, സംഘപരിവാർ, കോൺഗ്രസ്, മുസ്ലിം ലീഗ് തുടങ്ങി എല്ലാ കൂട്ടരെയും വിമർശിക്കുന്നുണ്ട്. കുട്ടികളുടെ വാക്സിനേഷനെതിരെ നടന്നിരുന്ന ക്യാമ്പയിനുകളെ അടക്കം സ്പൂഫ് ചെയ്യുന്നുണ്ട്. എല്ലാം ഹാസ്യരൂപേണയാണ്.

'പൊറാട്ട് നാടക'ത്തിന്റെ ലോക്കേഷനിൽ ഷുക്കൂർ വക്കീൽ

പക്ഷേ പണ്ടത്തെ പഞ്ചവടിപ്പാലവും സന്ദേശവും പോലുളള രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമകൾക്കു ലഭിച്ചിരുന്ന ഒരു പ്രിവിലേജ് ഇന്നിറങ്ങുന്ന അത്തരം സിനിമകൾക്കു ലഭിക്കുന്നില്ലെന്നു തോന്നിയിട്ടുണ്ട്. കാരണം അന്ന് അത്തരം സിനിമകളിലെ തമാശകൾ പ്രേക്ഷകർ ഏറെ പുതുമയോടെ തീയററ്ററിൽ പോയി കാണും. ഇന്ന് തമാശകൾ ഏറെ മുൻപ് തന്നെ സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രചരിച്ച് അതിലെ തമാശയുടെ പുതുമ നഷ്ടപ്പെട്ടുപോകുന്ന അവസ്ഥയുണ്ട്. അതുകൊണ്ടുതന്നെ തീയറ്ററിലെത്തുന്ന ആളുകളെ ചിരിപ്പിക്കുകയെന്നത് പുതുതലമുറയിലെ സംവിധായകർക്ക് ഏറെ ശ്രമകരമാണ്.

സിനിമകളിലെ അരാഷ്ട്രീയവാദത്തെ ന്യായീകരിക്കാനാവില്ല

തിരക്കഥയെക്കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആളല്ല. കുറച്ചധികം ആളുകളുടെ കഷ്ടപ്പാടിന്റെ ഫലം എന്നതുകൊണ്ടും ഞാൻ അതിലെ അഭിനേതാവായതുകൊണ്ടും സിനിമയെ പ്രൊമോട്ട് ചെയ്യുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. അതേസമയം, സിനിമയുടെ പ്രത്യയശാസ്ത്രത്തോടും അതിന്റെ ആന്തരികമായ സംഭവങ്ങളോടും വളരെ വ്യത്യസ്തമായ കാഴ്ചപ്പാടുളള ആളാണ് ഞാൻ.

പി വി അൻവർ ആരോപിച്ചതുപോലെ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ നെക്സസ് നിലനിൽക്കുന്നുണ്ടെന്ന് വിചാരിക്കുന്ന സാമൂഹ്യജീവിയല്ല ഞാൻ. കോൺഗ്രസ്, സിപിഐ, സിപിഎം, മുസ്ലിം ലീഗ് ഉൾപ്പടെ ഓരോ പാർട്ടിക്കും അവരുടേതായ രാഷ്ട്രീയ നിലപാടുകളും വീക്ഷണവുമുണ്ട്. ആ നിലപാടുകളുടെ ഉള്ളിൽനിന്നാണ് അവർ പ്രവർത്തിക്കുന്നത്. അല്ലാതെ ഇവരെല്ലാം ഇവരുടെ അനുയായികളെ ഒന്നടങ്കം പറ്റിച്ചു ജീവിക്കുന്ന പ്രസ്ഥാനങ്ങളാണെന്നൊന്നു തോന്നിയിട്ടില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയക്കാരും കുഴപ്പക്കാരാണെന്ന രീതിയിൽ പറഞ്ഞുവെക്കുന്ന സിനിമകളോട് എക്കാലവും പൂർണമായ വിയോജിപ്പ് തന്നെയാണ്. ആ ആശയത്തോട് യോജിക്കാനാവില്ല.

കേരള സമൂഹം നമുക്ക് കൃത്യമായി അറിയാവുന്നതല്ലേ. കുറ്റമറ്റ രാഷ്ട്രീയ പാർട്ടികളോ മനുഷ്യരോ പ്രസ്ഥാനങ്ങളോ ഭൂമിയിൽ ഉണ്ടാവില്ല. തെറ്റുകൾ തിരുത്തി ശരികളിലേക്കെത്തിയാണ് മനുഷ്യർ മുന്നോട്ടുപോകുന്നത്. വർഗീയമായ നിലപാടുകൾ എടുക്കുന്നവരെ വർഗീയമായിത്തന്നെ കാണണം. എന്നിരുന്നാലും എല്ലാവരും മോശക്കാരാണെന്ന അഭിപ്രായമില്ല.

അനേകം തരത്തിലുളള മൗലികബോധവും മതവിശ്വാസവും മതരഹിത ബോധവും കാഴ്ചപ്പാടുകളുമുളള മിക്സഡ് സൊസൈറ്റിയാണ് ഇന്ത്യ. അവർക്കൊക്കെ അവരുടേതായ ഇടം നൽകുന്നുവെന്നതാണ് വിശാല അർത്ഥത്തിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ മഹത്വം. അടിത്തട്ടിലുളള രാഷ്ട്രീയപ്രവർത്തകരുമായി നിരന്തരം ഇടപെടുന്ന മനുഷ്യർക്കു മുന്നിലേക്കാണ് ഇത്തരം സിനിമകൾ എത്തുന്നത്. സിനിമകളിൽ കാണുന്നവർ മാത്രമല്ല ജനങ്ങൾക്കു പരിചയമുളള രാഷ്ട്രീയക്കാർ. അതുകൊണ്ട് ഇത്തരം സിനിമാ ആഖ്യാനങ്ങൾ ജനങ്ങൾക്ക് രാഷ്ട്രീയപാർട്ടികൾക്ക് മേലുളള വിശ്വാസ്യതയെ ഇല്ലാതാക്കുമെന്നൊന്നും അടച്ചുപറയാനാവില്ല.

ഷുക്കൂർ വക്കീൽ

ക്യാമ്പസുകളിൽ സജീവ രാഷ്ട്രീയം ഉള്ളിടത്തോളം സിനിമകളെ ഭയക്കേണ്ടതില്ല

അരാഷ്ട്രീയ സിനിമകൾ യുവാക്കളിലെ രാഷ്ട്രീയബോധത്തെ ബാധിക്കില്ലേയെന്ന് ചോദിച്ചാൽ, കോളേജ് ക്യാമ്പസുകളിൽ സജീവ രാഷ്ട്രീയമുള്ള കാലത്തോളം കാര്യമായി ഭയപ്പെടേണ്ടതില്ലെന്നാണ് മറുപടി. പ്ലസ് ടു കഴിഞ്ഞ് ക്യാമ്പസുകളിലേക്കെത്തുന്ന 17 വയസ് കഴിഞ്ഞ കുട്ടികൾക്ക് അവരുടെ രാഷ്ട്രീയ ചിന്തകളെ ബലപ്പെടുത്താൻ പോന്ന സജീവ പ്രവർത്തനങ്ങൾ കേരളത്തിലെ ഒട്ടുമിക്ക ക്യാമ്പസുകളിലും നടക്കുന്നുണ്ട്. വോട്ട് ആർക്കു ചെയ്യും എന്നതിനപ്പുറത്ത് രാഷ്ട്രത്തെ സമ്പന്ധിച്ച് യുവതയെ ബോധവത്കരിക്കുന്നതിൽ ക്യാമ്പസ് രാഷ്ട്രീയത്തിന് വലിയ പങ്കുണ്ട്. മതേതരത്വം, ജനാധിപത്യം, മനുഷ്യാവകാശങ്ങൾ, ഭരണഘടന ഇത്തരം കാര്യങ്ങളിൽ അറിവുനേടാൻ സിനിമയേക്കാൾ കുട്ടികളെ സാധീനിക്കുന്നത് ഇത്തരം ശക്തമായ രാഷ്ട്രീയ മൂല്യങ്ങളുളള സർവകലാശാലകൾ തന്നെയാണ്. അതിനുശേഷം സോഷ്യൽ മീഡിയകളാവും. അതും കഴിഞ്ഞേ സിനിമ സ്വാധീനിക്കൂയെന്നാണ് തോന്നിയിട്ടുളളത്.

അരാഷ്ട്രീയ ക്യാമ്പസുകൾ കുട്ടികളെ മതാന്ധരാക്കും

എനിക്ക് സമൂഹത്തെക്കുറിച്ച് കാഴ്ചപ്പാടുണ്ടാക്കിത്തന്നത് വിദ്യാർത്ഥിസംഘടനാ പ്രവർത്തനങ്ങളാണ്. മനുഷ്യരോട് എങ്ങനെ ഇടപഴകണം, എങ്ങനെ കാര്യങ്ങൾ അവതരിപ്പിക്കണം, എന്ത് വായിക്കണം, എന്ത് വായിക്കാൻ പാടില്ല, എങ്ങനെ പ്രസംഗിക്കണം തുടങ്ങി എല്ലാം പഠിച്ചത് അതിൽനിന്നാണ്. എനിക്ക് മാത്രമല്ല, എന്റെ തലമുറയിലെ നിരവധി ആളുകൾക്കും അങ്ങനെ തന്നെ. ഏതെങ്കിലും തരത്തിൽ ക്രിയേറ്റീവായ ഇടത്തായിരിക്കണം കുട്ടികൾ വളരേണ്ടത്. ഒന്നുകിൽ കല, അല്ലെങ്കിൽ രാഷ്ട്രീയം. ഇതു രണ്ടുമില്ലാത്ത ക്യാമ്പസുകൾ ഏതെങ്കിലും മതത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നവ ആയിരിക്കും.

അന്യമതസ്ഥരോട് വെറുപ്പുണ്ടാവുക, മറ്റു മതവിശ്വാസങ്ങൾ മോശമാണെന്ന് ചിത്രീകരിക്കുക പോലുളള പ്രവർത്തനങ്ങൾ വഴി അവിടെനിന്നു പഠിച്ചിറങ്ങുന്ന കുട്ടികൾ മതാന്ധതയിൽ പെട്ടുപോകും. ഇത്തരം പഠനം രാഷ്ട്രനിർമാണത്തിന് അപകടമുണ്ടാക്കുന്നതാണ്. എല്ലാവരും തുല്യാരാണെന്നും എല്ലാ മനുഷ്യർക്കും തുല്യ അവകാശങ്ങളാണെന്നും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന സമൂഹത്തിൽ അതു കുട്ടികളിലേക്കു കൂടി എത്തിക്കാനുളള കൃത്യമായ വഴി ക്യാമ്പസുകളിൽ സജീവ രാഷ്ട്രീയ പ്രവർത്തനങ്ങൾ നടക്കുകയെന്നതു തന്നെയാണ്.

അരാഷ്ട്രീയമായ ക്യാമ്പസുകൾ ഒരുകാലത്തും ഗുണം ചെയ്യില്ലെന്ന് മാത്രമല്ല, അവർ കുട്ടികളെ മതാന്ധരും വർഗീയവാദികളുമാക്കിത്തീർക്കും. അവർക്ക് ഒരിക്കലും യുക്തിയോടെ കാര്യങ്ങളെ കാണാൻ കഴിയില്ല. കുട്ടികളിൽ ശാസ്ത്രീയ അവബോധമുണ്ടാക്കിയെടുക്കലാണ് ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചെയ്യേണ്ടത്. പക്ഷേ നിർഭാഗ്യവശാൽ നമ്മുടെ നാട്ടിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ ചെയ്യുന്നത് മതവിദ്യാഭ്യാസം വർധിപ്പിക്കലാണ്. അതുകൊണ്ടാണ് പ്രാർത്ഥന ചൊല്ലി സ്കൂളുകളിൽ ഓരോ ദിവസവും ആരംഭിക്കുന്നത്. പ്രാർത്ഥന കൊണ്ട് ലോകത്ത് ഇതുവരെ എന്തെങ്കിലും സംഭവിച്ചിട്ടുളളതായി ഒരാൾക്കും അടയാളപ്പെടുത്താനാവില്ല.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി