തീയേറ്ററുകളിൽ വലിയ കയ്യടികളോടെ സ്വീകരിക്കപ്പെടുകയാണ് ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രേമലു. എല്ലാ തലമുറയിൽ പെട്ടവരെയും ഒരുപോലെ ആസ്വദിപ്പിച്ച ചിത്രത്തിന്റെ വിജയത്തിനുപിന്നിൽ തിരക്കഥയും താരങ്ങൾ തമ്മിലുള്ള കെമിസ്ട്രിയും വലിയ ഘടകമാണ്. ചിത്രത്തിന്റെ അനുഭവങ്ങളും വിശേഷങ്ങളുമായി താരങ്ങളായ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ് എന്നിവർ ദ ഫോർത്തിനൊപ്പം ചേരുന്നു.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ ആദിയെ മനോഹരമാക്കാൻ സഹായിച്ച ഒരു ഘടകം കോർപറേറ്റ് ജീവിതത്തിലെ എക്സ്പീരിയൻസെന്ന് നടൻ ശ്യാം മോഹൻ. അഭിനയിക്കാൻ ഒട്ടും എളുപ്പമുള്ള കഥാപാത്രമായിരുന്നില്ല ആദി. പ്രേക്ഷകരിൽനിന്ന് ഇത്ര വലിയ സ്വീകരണം ലഭിക്കുമ്പോൾ ഒരുപാട് സന്തോഷമെന്നും ശ്യാം മോഹൻ പറഞ്ഞു.
'പൊൻമുട്ട' എന്ന യൂട്യൂബ് ചാനലാണ് അഭിനയജീവിതത്തിൽ വഴിത്തിരിവായത്. ആദ്യമൊക്കെ കണ്ടന്റ് ചെയ്യുമ്പോൾ ആളുകൾ വല്ലാതെ ചീത്ത വിളിച്ചിരുന്നു. അതൊന്നും കാര്യമാക്കിയില്ല. 'ജോലി രാജിവെച്ചിട്ട് ഒമ്പത് വർഷമായി. ഈ കാലമത്രയും ക്രിയേറ്റീവ് സ്പേസിലായിരിക്കാൻ പല രീതിയിൽ ശ്രമിച്ചുവെന്നും ശ്യാംമോഹൻ പറഞ്ഞു.
സിനിമയിലെ 95 ശതമാനം സംഭാഷണങ്ങളും തിരക്കഥയിലുള്ളതാണെന്ന് അമൽ ഡേവിസിനെ അവതരിപ്പിച്ച സംഗീത് പ്രതാപ്. 'നസ്ലിനുമായുള്ള ഇമോഷണൽ രംഗത്തിൽ എല്ലാവരും കരയുമെന്നാണ് കരുതിയത്, പക്ഷേ തീയറ്ററിൽ ചിരിയായിരുന്നു. സ്റ്റോക്കിങ്, ഗേ കപ്പിൾ എന്നീ വാക്കുകളൊക്കെ കേൾക്കുമ്പോൾ ഇപ്പോൾ എല്ലാവർക്കും മനസ്സിലാകുന്നുണ്ട്. അതൊരു മാറ്റമാണ്,'' സംഗീത് കൂട്ടിച്ചേർത്തു.
മുൻപ് മുമ്പ് ചെയ്ത കഥാപാത്രങ്ങൾ നാടൻ സ്വഭാവത്തിലുള്ളതായിരുന്നുവെന്നും പ്രേമലുവിലാണ് വ്യത്യസ്തമായ കഥാപാത്രം ലഭിക്കുന്നതെന്നും അഖില ഭാർവൻ. ചിത്രത്തിലെ പ്രധാന ലൊക്കേഷനായ ഹൈദരാബാദിലെ സാഹചര്യങ്ങൾ മനസ്സിലാക്കാൻ സമയമെടുത്തു. നല്ല ഒരുപാട് സിനിമകൾ തുടർന്നും ചെയ്യണമെന്നാണ് ആഗ്രഹം. അവസരങ്ങൾ ചോദിക്കാൻ മടിയാണ്. ആളുകൾ എന്ത് വിചാരിക്കുമെന്ന് ചിന്തിക്കുമെന്നും അഖില പറഞ്ഞു.