ചതുരം തീയേറ്ററിൽ കാണാൻ മടിച്ചവർ ഒടിടി റിലീസിനായി കാത്തിരുന്നു, കപടസദാചാരത്തിന് മുന്നിൽ നമ്മൾ മുട്ടുകുത്തേണ്ടിവരുമെന്ന് സംവിധായകൻ സിദ്ധാർഥ് ഭരതൻ. ഇന്നിറങ്ങുന്ന ഭൂരിഭാഗം ആക്ഷൻ സിനിമകളും എ സർട്ടിഫിക്കേഷനോടെയാണ് വരുന്നതെങ്കിലും കുടുംബപ്രേക്ഷകർ മടി കൂടാതെ തീയേറ്ററുകളിൽ വന്നുകാണുന്നു. ലൈംഗികത മാത്രമാണ് ഇവിടെ പ്രശ്നമെന്നും കുറച്ചുകൂടി തുറന്ന ഇടങ്ങളിൽ ലൈംഗികതയെ അറിയാൻ ശ്രമിച്ചാൽ തീരാവുന്നതാണ് സമൂഹത്തിൽ നിലനിൽക്കുന്ന ഒട്ടുമിക്ക പ്രശ്നങ്ങളെന്നും ദ ഫോർത്തിന് നൽകിയ അഭിമുഖത്തിൽ സിദ്ധാർഥ് വ്യക്തമാക്കി.
സിദ്ധാർഥ് ഭരതന്റെ വാക്കുകൾ
ഇറോട്ടിക് സിനിമകൾ കാണുന്നതിൽ എന്താണ് തെറ്റ്? ഭൂരിഭാഗം ആക്ഷൻ സിനിമകളും എ സർട്ടിഫിക്കേഷനോടെയാണ് വരുന്നത്. ഒന്നു ചിന്തിച്ചാൽ കൺമുന്നിൽ കാണുന്ന ക്രിമിനൽ പ്രവർത്തനങ്ങളും സിനിമകളിലെ ലഹരി ഉപയോഗവും കുട്ടികളെ ബാധിക്കുന്നില്ലേ? അതെല്ലാം കുടുംബപ്രേക്ഷകർ മടി കൂടാതെ തീയേറ്ററുകളിൽ വന്നുകാണുന്നു. ഇവിടെ ലൈംഗികത മാത്രമാണ് പ്രശ്നം. അവിടെ ചുരുങ്ങുകയാണ് സമൂഹത്തിന്റെ കാഴ്ചപ്പാട്. മറയ്ക്കുള്ളിൽ നിന്നിറങ്ങി കുറച്ചുകൂടി തുറന്ന ഇടങ്ങളിൽ ലൈംഗികതയെ അറിയാൻ ശ്രമിച്ചാൽ തീരാവുന്നതാണ് സമൂഹത്തിൽ നിലനിൽക്കുന്ന ഒട്ടുമിക്ക പ്രശ്നങ്ങളും.
ഒരു വശത്ത് ചന്ദ്രനിലേക്ക് ചന്ദ്രയാനെ വിട്ടുകൊണ്ടിരിക്കുകയാണ്, അപ്പോഴാണ് ഇവിടെ ലൈംഗികതയിൽ ചിലർ വീർപ്പുമുട്ടുന്നത്. കപടസദാചാരത്തിന് മുന്നിൽ നമ്മൾ മുട്ടുകുത്തേണ്ടിവരുംസിദ്ധാർഥ് ഭരതൻ
ചതുരം തീയേറ്ററിൽ കാണാൻ മടിച്ചവർ ഒടിടി റിലീസിനായി കാത്തിരുന്നു. സ്ത്രീകൾ തീയേറ്ററിൽ വന്നുകാണേണ്ട സിനിമ ആയിരുന്നു ചതുരം. ഒടിടിയിൽ വരുന്നതിലേറെയും ഇറോട്ടിക് കണ്ടന്റുകളാണ്. വീട്ടിലിരുന്ന് വളരെ എളുപ്പത്തിൽ ആളുകൾ ഇതെല്ലാം കാണുന്നുമുണ്ട്. അതിൽ നിന്നുതന്നെ മനസിലാക്കാം, ഇതൊന്നും മനസിലാക്കാനാവാത്ത പ്രേക്ഷകരല്ല നമുക്ക് ചുറ്റുമുളളത്. പക്ഷേ ഇത്തരമൊരു സിനിമ പൊതു ഇടങ്ങളിൽ മറ്റു മനുഷ്യർക്കൊപ്പം ഇരുന്ന് കാണുക എന്നത് ഇന്നും പലർക്കും സാധ്യമാവാത്ത കാര്യമാണ്. ചതുരം കാണാനെത്തിയ സ്ത്രീകളെ അസ്വസ്ഥമാക്കിയത് സിനിമ ആയിരുന്നില്ല, ചുറ്റുമുളളവരുടെ കമന്റടി ആയിരുന്നു. എന്താണ് ഇവിടെ മാറേണ്ടതെന്ന് ചിന്തിച്ചുനോക്കൂ. ഒരു വശത്ത് ചന്ദ്രനിലേക്ക് ചന്ദ്രയാനെ വിട്ടുകൊണ്ടിരിക്കുകയാണ്, അപ്പോഴാണ് ഇവിടെ ലൈംഗികതയിൽ ചിലർ വീർപ്പുമുട്ടുന്നത്. കപടസദാചാരത്തിന് മുന്നിൽ നമ്മൾ മുട്ടുകുത്തേണ്ടിവരും.