തെന്നിന്ത്യൻ സിനിമകളിലെ ഗ്ലാമർ താരമായിരുന്ന സിൽക് സ്മിതയുടെ ജീവിതം വീണ്ടും വെള്ളിത്തിരയിൽ എത്തുന്നു. 'സിൽക്ക് സ്മിത, ദ അൺടോൾഡ് സ്റ്റോറി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഇന്ത്യൻ വംശജയും ഓസ്‌ട്രേലിയൻ പൗരയുമായ ചന്ദ്രിക രവിയാണ് സിൽക്ക് സ്മിതയായി എത്തുന്നത്. ജയറാം ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സോഷ്യൽ മീഡിയയിൽ വൈറലായ സിൽക്കിന്റെ ചിത്രങ്ങളിൽ ഒന്ന് റീ ക്രിയേറ്റ് ചെയ്താണ് ചിത്രത്തിന്റെ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. സിൽക്ക് സ്മിതയയുടെ 63-ാം ജന്മവാർഷികത്തിലാണ് സിനിമയുടെ പ്രഖ്യാപനം.
2018-ൽ പുറത്തിറങ്ങിയ 'ഇരുട്ടു അരയിൽ മുരട്ടു കുത്ത്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ചന്ദ്രിക രവി സിനിമയിൽ എത്തുന്നത്. 2019 ൽ ചിത്രത്തിന്റെ തെലുങ്ക് റീമേക്കിലും താരം അഭിനയിച്ചു. നേരത്തെ സിൽക്ക് സ്മിതയുടെ ജീവിതം അടിസ്ഥാനമാക്കി വിദ്യാബാലൻ നായികയായ 'ഡേർട്ടി പിക്ച്ചർ' എന്ന ചിത്രം റിലീസ് ചെയ്തിരുന്നു.
എന്നാൽ ചിത്രത്തിൽ സിൽക്കിന്റെ ജീവിതത്തിൽ സംഭവിച്ച യഥാർഥ കാര്യങ്ങൾ പലതും പറഞ്ഞിരുന്നില്ലെന്ന് നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നു. തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച സിൽക്ക് സ്മിതയെ 1996 സെപ്തംബറിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
1980 ൽ വണ്ടിച്ചക്കരം എന്ന ചിത്രത്തിൽ കാബറേ നർത്തകിയായി അഭിനയിച്ചതോടെയാണ് താരം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. എന്നാൽ പിന്നീട് അങ്ങോട്ടുള്ള കരിയറിൽ സിൽക്ക് സ്മിത ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. തനിക്ക് ക്യാരക്ടർ റോളുകൾ ചെയ്യാൻ അതിയായ ആഗ്രഹം ഉണ്ടെന്ന് സിൽക്ക് സ്മിത പലപ്പോഴും തുറന്നുപറഞ്ഞിരുന്നു.