ENTERTAINMENT

പ്രശസ്ത ഗായകന്‍ പങ്കജ് ഉധാസ് അന്തരിച്ചു

ഇന്ന് രാവിലെ പതിനൊന്നോടെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം

വെബ് ഡെസ്ക്

പ്രശസ്ത ഗസൽ ഗായകനും പത്മശ്രീ ജേതാവുമായ പങ്കജ് ഉധാസ് അന്തരിച്ചു. 72 വയസായിരുന്നു. ഇന്ന് രാവിലെ പതിനൊന്നോടെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി അസുഖബാധിതനായിരുന്നു. കുടുംബം ഔദ്യോഗിക പ്രസ്താവനയിലൂടെ മരണം സ്ഥിരീകരിച്ചു.

ഹിന്ദി സിനിമയ്ക്കും ഇന്ത്യന്‍ പോപ് സംഗീതത്തിനും പങ്കജ് ഉധാസ് നല്‍കിയ സംഭാവന സമാനതകളില്ലാത്തതായിരുന്നു. സംഗീതത്തിന് നല്‍കിയ സംഭാവനകള്‍ക്കായി അദ്ദേഹത്തെ 2006-ല്‍ പത്മശ്രീ ബഹുമതി നല്‍കി രാജ്യം ആദരിച്ചു.

ശ്രുതിമധുരമായ ശബ്ദവും ഹൃദ്യമായ വരികളും കൊണ്ട് പ്രേക്ഷകരെ ആകര്‍ഷിച്ച പങ്കജ് ഉധാസ് 1980കള്‍ മുതല്‍ ഇന്ത്യന്‍ ഗസല്‍ സംഗീത രംഗത്തെ ജനപ്രിയ ശബ്ദമായിരുന്നു. 1980ല്‍ ഗസല്‍ ആല്‍ബം 'ആഹതി'ലൂടെയാണ് പങ്കജ് ഉധാസ് പ്രേഷകർക്കിടയില്‍ സ്വീകാര്യനാകുന്നത്. പിന്നീട് 'മുകരാർ', 'തരന്നും', 'മെഹ്ഫില്‍' തുടങ്ങിയ ഹിറ്റുകളും സമ്മാനിച്ചു.

'നാം', 'സാജൻ', 'മൊഹ്‌റ' എന്നിവയുൾപ്പെടെ ഹിന്ദി ചിത്രങ്ങളിലൂടെ പിന്നണി ഗായകനെന്ന നിലയിൽ പങ്കജ് ഉധാസ് ബോളിവുഡിൽ തിളങ്ങി. മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ 1986ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലർ നാമിലെ 'ചിട്ടി ആയി ഹേ', എന്ന ഗാനം ഇന്ത്യയിലുടനീളം അദ്ദേഹത്തിന് വൻ ആരാധകരെ സൃഷ്ടിച്ചു.

1998ൽ പുറത്തിറങ്ങിയ പ്രവീൺ ഭട്ട് ചിത്രം 'ഏക് ഹി മഖ്‌സദി'ലെ ചാന്ദി ജൈസ രംഗ് ഹേ, അതേ വർഷം തന്നെ റിലീസായ ഫിറോസ് ഖാന്റെ ആക്ഷൻ ത്രില്ലർ 'ദയാവനി'ലെ 'ആജ് ഫിർ തുംപേ', 1991ൽ പുറത്തിറങ്ങിയ ലോറൻസ് ഡിസൂസയുടെ റൊമാന്റിക് ചിത്രം 'സാജനി'ലെ 'ജീയേ കൈസെ', അബ്ബാസ്-മുസ്താൻ്റെ 1993-ലെ റിവഞ്ച് ത്രില്ലർ 'ബാസിഗറി'ലെ 'ചുപനാ ഭി നഹി ആതാ' എന്നിവയും ശ്രദ്ധേയമായി.

'ജീയേ തോ ജീയേ കൈസേ', 'ഔര്‍ ആഹിസ്ത കിജിയേ ബാത്തേന്‍', 'നാ കജ്രേ കി ധര്‍' എന്നിവയും പങ്കജ് ഉധാസിന്റെ പ്രധാനപ്പെട്ട ജനപ്രിയ ഗാനങ്ങളില്‍ ചിലതാണ്. നിരവധി ആല്‍ബങ്ങള്‍ പുറത്തിറക്കിയ അദ്ദേഹം ലോകമെമ്പാടും സംഗീതകച്ചേരികൾ‍ അവതരിപ്പിച്ചു.

''എന്റെ കുട്ടിക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്ന് ഇന്ന് നഷ്ടമായി. ശ്രീ പങ്കജ് ഉധാസ് ജീ, ഞാന്‍ നിങ്ങളെ എന്നെന്നേക്കുമായി മിസ് ചെയ്യും. നിങ്ങള്‍ ഇല്ലെന്നറിഞ്ഞു മുതല്‍ എന്റെ ഹൃദയം വിങ്ങുന്നു. എപ്പോഴും കൂടെ ഉണ്ടായിരുന്നതിന് നന്ദി. ഓം ശാന്തി,''പങ്കജ് ഉദാസിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് സോനു നിഗം തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ കുറിച്ചു.

ഗുജറാത്തിലെ ജെത്പൂരിൽ 1951 മേയ് 17നായിരുന്നു പങ്കജ് ഉധാസിന്റെ ജനനം. ഭാര്യ: ഫരീദ ഉദാസ്. മക്കൾ: നയാബ്, രേവ.

മികച്ച പിന്നണി ഗായകനുള്ള ഫിലിംഫെയർ അവാർഡ്, ഗസലിനുള്ള കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് എന്നിവ ഉൾപ്പടെയുള്ള നിരവധി പുരസ്കാരങ്ങൾ 40 വർഷത്തിലേറെ നീണ്ട സംഗീയയാത്രയിൽ പങ്കജ് ഉധാസിനെ തേടിയെത്തി. സഹോദരങ്ങളായ നിർമൽ ഉധാസും മൻഹർ ഉധാസും ഗായകരാണ്.

ഹേമന്ത് സോറൻ്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി; ഝാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി

മുനമ്പം വഖഫ് ഭൂമിപ്രശ്നം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

മഹാരാഷ്ട്രയിൽ ഇനി മുഖ്യമന്ത്രി ആരെന്ന ചർച്ച, ചരിത്ര വിജയത്തിൽ എൻഡിഎ, ഝാർഖണ്ഡ് നിലനിർത്തി ഇന്ത്യ മുന്നണി

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

ജയിച്ചത്‌ രാഹുൽ അല്ല, ഷാഫിയും ഷാഫിയുടെ വർഗീയതയും: പത്മജ വേണു​ഗോപാൽ