ENTERTAINMENT

'ഹിറ്റുണ്ടാക്കിയാലും ഞാന്‍ ആരാണെന്ന് അറിയില്ല'; ഗായിക പുഷ്പാവതി

വിസിബിലിറ്റിയ്ക്ക് ചേരുവകളുണ്ട്. അവിയല്‍ ഉണ്ടാക്കുന്നത് പോലെ. ഞാന്‍ ചിലപ്പോള്‍ അതിലെ കയ്പ്പക്കയായിരിക്കും

കെ ആർ ധന്യ

ഇരുപത്തിരണ്ട് വര്‍ഷം മുമ്പ് ഒരു ഹിറ്റ് ഗാനം പാടി സിനിമാ പിന്നണിഗാന രംഗത്തേക്ക് എത്തിയതാണ് പുഷ്പാവതി പൊയ്പ്പാടത്ത്‌. പിന്നീട് രണ്ട് പതിറ്റാണ്ടിനിടെ പാടിയത് 20 സിനിമാഗാനങ്ങള്‍. അതില്‍ത്തന്നെ 'ചെമ്പാവ് പുന്നെല്ലിന്‍ ചോറ്', ഹാലാകെ മാറുന്നേ' തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍. പക്ഷേ സിനിമാഗാനാസ്വാദകര്‍ക്ക് ഇന്നും അറിയില്ല പുഷ്പാവതിയെന്ന പേര്, ദിവസം ഒരു നേരമെങ്കിലും തങ്ങള്‍ മൂളുന്ന ഈ ഹിറ്റ് ഗാനങ്ങള്‍ പാടിയത് പുഷപാവതിയാമെന്നും അറിയില്ല. അതിന്റെ കാരണം പുഷ്പാവതി തന്നെ പറയുന്നു. 'ഒരു പാട്ട് പാടി ഹിറ്റാകുന്ന കുട്ടി വരെ നാളെ ചാനല്‍ ഷോകളില്‍ ജഡ്ജിങ് പാനലില്‍ എത്തും. പക്ഷെ ഞാനെത്തില്ല. എന്റെ പാട്ട് ഹിറ്റാകും. പക്ഷെ അത് പാടിയത് ഞാനാണെന്ന് പോലും പലര്‍ക്കും അറിയില്ല. എല്ലാത്തിലും വര്‍ക്ക് ചെയ്യുന്നത് ജാതിയാണ്''.

2002-ല്‍ 'നമ്മള്‍' എന്ന സിനിമയിലെ 'കാത്ത് കാത്തൊരു മഴയത്ത്' എന്ന പാട്ട് പാടിയാണ് പുഷ്പാവതി പിന്നണി ഗായികയാവുന്നത്. പിന്നീട് 20 പാട്ടുകള്‍ മലയാള സിനിമയില്‍ പാടി. 'ചെമ്പാവ് പുന്നെല്ലിന്‍ ചോറ്' എന്ന പാട്ട് വലിയ ഹിറ്റ് സമ്മാനിച്ചു. ഈ വര്‍ഷം പുറത്തിറങ്ങിയ സുലൈഖ മന്‍സിലിലെ 'ഹാലേ' എന്ന പാട്ടും ഹിറ്റായിരുന്നു. എന്നാല്‍ എത്ര പാട്ട് ഹിറ്റായാലും തനിക്ക് പലയിടത്തുനിന്നും വേര്‍തിരിവും മാറ്റിനിര്‍ത്തലും നേരിടേണ്ടി വന്നിട്ടുണ്ടെന്ന്‌ പുഷ്പാവതി 'ദി ഫോര്‍ത്തിന്' നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

' ചെമ്പാവ് ഹിറ്റായതിന് ശേഷം പോലും ഞാന്‍ ഒരിക്കലും ചാനല്‍ ഷോകളിലേക്കോ അവാര്‍ഡ് ഫങ്‌ഷനുകളിലേക്കോ എത്തിയില്ല. ഒരു ഗായിക എന്ന നിലയില്‍ എന്നെ ആകെ അവാര്‍ഡ് ഫങ്‌ഷന് വിളിച്ചത് വനിതയാണ്. അവര്‍ എന്നെക്കൊണ്ട് പാട്ടുംപാടിച്ചു. സൗത്ത് ഇന്ത്യയിലെ മികച്ച ഗായിക എന്ന പുരസ്‌ക്കാരം കമലഹാസന്റെ കയ്യില്‍ നിന്ന് ഏറ്റുവാങ്ങി. അത്തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ അവസാന റൗണ്ട് വരെ എന്റെ പേര് ഉണ്ടായിരുന്നു.'

'സിനിമാ പാട്ടിന്റെ ലോകത്ത് സൗഹൃദക്കൂട്ടായ്മകളാണ്. പക്ഷേ അതില്‍ നിന്നെല്ലാം ഞാന്‍ പുറത്താണ്. ചാനലുകള്‍ വിളിക്കാത്തതും ഇത്തരം സൗഹൃദക്കൂട്ടായ്മകളില്‍ നിന്ന് പുറത്ത് പോവുന്നതുമെല്ലാം ഒരു കാരണം കൊണ്ടായിരിക്കും. അതിന്റെ അടിസ്ഥാനം ജാതിയാണ്. വിസിബിലിറ്റിയ്ക്ക് ചേരുവകളുണ്ട്. അവിയല്‍ ഉണ്ടാക്കുന്നത് പോലെ. ഞാന്‍ ചിലപ്പോള്‍ അതിലെ കയ്പ്പക്കയായിരിക്കും.' -പുഷ്പാവതി തുടര്‍ന്നു.

ചെമ്പൈ സംഗീത കോളേജില്‍ ഏഴ് വര്‍ഷം കര്‍ണാടക സംഗീതം അഭ്യസിച്ചുകൊണ്ടാണ് സംഗീത ലോകത്തേക്ക് പുഷ്പാവതി കടക്കുന്നത്. 'വലിയ മാര്‍ക്ക് വാങ്ങി പാസ്സായിട്ടും എനിക്കന്ന് ആരും ജോലി തന്നില്ല. അവസാനം ട്രാക്കും കോറസ്സും പാടിയായിരുന്നു അന്നന്നത്തെ കാര്യങ്ങള്‍ നടത്തിയതും വണ്ടി വാങ്ങിയതുമെല്ലാം.' വര്‍ഷങ്ങളോളം അഭ്യസിച്ചിട്ടും കര്‍ണാടക സംഗീതത്തില്‍ തുടരാന്‍ തനിക്കിപ്പോള്‍ സാധിക്കുന്നില്ലെന്നും പുഷ്പാവതി പറയുന്നു. 'ബാബറി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം പണിയുമെന്ന വാര്‍ത്തകള്‍ വരുമ്പോള്‍ ഇവിടെയിരുന്ന് രാമസ്തുതി പാടാന്‍ എനിക്ക് പറ്റാറില്ല. ചിലപ്പോള്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ട കൃതിയായിരിക്കും. എന്നാല്‍ സമൂഹത്തില്‍ ഇന്ന് നടക്കുന്ന കാര്യങ്ങള്‍ അത് പാടാന്‍ എന്നെ സമ്മതിക്കുന്നില്ല. അക്കാര്യത്തില്‍ മനസിനകത്ത് വലിയ ആന്തരിക സംഘര്‍ഷം നടക്കാറുണ്ട്.' പുഷ്പാവതി പറയുന്നു.

പുഷ്പാവതിയുമായുള്ള അഭിമുഖം കാണാം

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി