നടിയും ബിജെപിയുടെ നിയുക്ത എംപിയുമായ കങ്കണ റണാവത്തിനെ മുഖത്തടിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി സംഗീത സംവിധായകനും ഗായകനുമായ വിശാല്‍ ദദ്‌ലാനി. ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു സസ്പെൻഷനിലായ കുൽവീന്ദർ കൗറിനെ പിന്തുണച്ച് കൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയത്. അക്രമത്തെ താന്‍ അംഗീകരിക്കുന്നില്ലെന്നും പക്ഷേ തനിക്ക് സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ ദേഷ്യം മനസിലാകുമെന്നും വിശാല്‍ പറയുന്നു. എന്നാല്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് നടപടിയെടുക്കുകയാണെങ്കില്‍ താന്‍ ജോലി നല്‍കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
തനിക്ക് അടിയേറ്റ സംഭവത്തില്‍ ബോളിവുഡിന്റെ മൗനത്തെക്കുറിച്ച് കങ്കണ ചോദ്യം ചെയ്തതിന് പിന്നാലെയാണ് സംഗീത സംവിധായകന്റെ പോസ്റ്റ്. ഓള്‍ ഐസ് ഓണ്‍ റഫായെന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ പോസ്റ്റ് പങ്കുവെച്ച സെലിബ്രിറ്റികളെ ഊന്നിയുള്ള പോസ്റ്റും കങ്കണ പങ്കുവെച്ചിരുന്നു.
ചണ്ഡീഗഢ് വിമാനത്താവളത്തിൽ വച്ച് കഴിഞ്ഞ ദിവസമാണ് കങ്കണയ്ക്ക് നേരെ കയ്യേറ്റം നടന്നത്. ചണ്ഡീഗഡിൽനിന്ന് ഡൽഹിയിലേക്കു പോകാൻ വിമാനത്താവളത്തിലെത്തിയ താൻ സുരക്ഷാ പരിശോധനയ്ക്കുശേഷം ബോർഡിങ് പോയിന്റിലേക്കു പോകുമ്പോൾ സിഐഎസ്എഫ് ഉദ്യോഗസ്ഥ കുൽവീന്ദർ കൗർ കർട്ടൻ ഏരിയയിൽ വെച്ച് തർക്കിക്കുകയും തല്ലുകയും ചെയ്തുവെന്നാണ് കങ്കണയുടെ ആരോപണം.
കർഷക പ്രക്ഷോഭത്തിനിടെ പഞ്ചാബിലെ സ്ത്രീകളെക്കുറിച്ച് കങ്കണ നടത്തിയ പ്രസ്താവനയാണ് കുൽവീന്ദറിനെ പ്രകോപിച്ചതെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ട്. അതേസമയം സുരക്ഷ പരിശോധനയ്ക്കിടെ മൊബൈൽ ഫോൺ ട്രേയിലേക്ക് മാറ്റാൻ കങ്കണ വിസമ്മതിച്ചതിനെത്തുടർന്നുണ്ടായ തർക്കമാണ് പരാതിക്കിടയാക്കിയെതെന്നും റിപ്പോർട്ടുണ്ട്.
കൗറിനെ സസ്‌പെൻഡ് ചെയ്ത് സി.ഐ.എസ്.എഫ് ഉത്തരവിറങ്ങിയതിന് പിന്നാലെ ഇതോടെ കൗറിനെ ആരെങ്കിലും ബന്ധപ്പെടുത്തി തരണമെന്ന ആവശ്യവുമായി വിശാൽ വീണ്ടും രംഗത്തെത്തി. കൗറിനെ ഡ്യൂട്ടിയിൽനിന്നു നീക്കംചെയ്തിട്ടുണ്ടെങ്കിൽ അവരെ കണ്ടെത്താന്‍ ആരെങ്കിലും സഹായിക്കണം. അവർക്കു താൻ നല്ലൊരു ജോലി ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.