ENTERTAINMENT

എം ടിയുടെ കരുണൻ; അടിയൊഴുക്കുകൾ മുതൽ നൻപകൽ വരെ, പുരസ്കാര വഴിയിലെ മമ്മൂട്ടി കഥാപാത്രങ്ങൾ

മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി നേടിയത് ആറുതവണ

എന്റർടെയ്ൻമെന്റ് ഡെസ്ക്

ആറു തവണ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മമ്മൂട്ടിക്ക്, ആദ്യമായി മികച്ച നടനുള്ള അവാർഡ് ലഭിക്കുന്നത് 1984 ൽ. എം ടി വാസുദേവൻ നായരുടെ രചനയിൽ ഐ വി ശശി സംവിധാനം ചെയ്ത അടിയൊഴുക്കുകൾ ആയിരുന്നു ചിത്രം. ചിത്രത്തിലെ കരുണൻ എന്ന കഥാപാത്രത്തിന്റെ സങ്കീർണതകളെ തൻമയത്തത്തോടെ അവതരിപ്പിച്ചതിനായി പുരസ്കാരം. മോഹൻലാൽ, സീമ, കുതിരവട്ടം പപ്പു തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന താരങ്ങൾ

1989 ൽ എം ടി യുടെ തന്നെ രചനയിൽ ഹരിഹരന്റെ സംവിധാനത്തിൽ ഒരു വടക്കൻ വീരഗാഥ, ലോഹിതദാസിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത മഹായാനം, ലോഹിതദാസിന്റെ തന്നെ തിരക്കഥയിൽ ഐ വി ശശി ചിത്രം മൃഗയ... മികച്ച നടനുള്ള മത്സരം ചന്തുവും (വടക്കൻ വീരഗാഥ) ചന്ദ്രനും (മഹായാനം) വാറുണ്ണിയും ( മൃഗയ) തമ്മിലായിരുന്നു. ഒരേവർഷം വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനായിരുന്നു അക്കുറി പുരസ്കാരം മമ്മൂട്ടിയെ തേടിയെത്തിയത്.

1993 ലാണ് മൂന്നാമത്തെ പുരസ്കാരം . അടൂർ ഗോപാലകൃഷ്ണന്റെ വിധേയൻ, ടി വി ചന്ദ്രന്റെ പൊന്തൻമാട, ലോഹിതദാസിന്റെ തിരക്കഥയിൽ കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത വാത്സല്യം എന്നീ ചിത്രങ്ങളാണ് അവാർഡിനായി പരിഗണിക്കപ്പെട്ടത്. വിധേയനിലെ ഭാസ്കര പട്ടേലരും പൊന്തൻമാടയിലെ മാടയും വാത്സല്യത്തിലെ മേലേടത്ത് രാഘവൻ നായരും പ്രേക്ഷകരെ വിസ്മയിപ്പിച്ചതിനായിരുന്നു പുരസ്കാരം

2004 ൽ ബ്ലസിയുടെ കാഴ്ചയിലെ മാധവനെന്ന കഥാപാത്രത്തിന്റെ നിഷ്കളങ്കതയും നിസഹായവസ്ഥയും പ്രതിഫലിപ്പിച്ച് നാലാമത്തെ പുരസ്കാരം

മമ്മൂട്ടിയുടെ പ്രകടനം ചലച്ചിത്ര അഭിനയ ചരിത്രത്തിലെ അത്യപൂർവവും വിസ്മയകരവുമായ ഭാവാവിഷ്കാര മികവ്
ഗൗതം ഘോഷ്, ജൂറി ചെയർമാൻ

2009 ൽ രഞ്ജിത്തിന്റെ പാലേരി മാണിക്യമെന്ന ഒറ്റചിത്രത്തിൽ തന്നെ മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജിയായും ഖാലിദായും ഹരിദാസായും പകർന്നാടിയാണ് മമ്മൂട്ടി ആ വർഷത്തെ മികച്ച നടനായത്

ഇക്കുറിയാകട്ടെ താരതമ്യം പോലും സാധ്യമാകാത്ത നൻപകൽ നേരത്ത് മയക്കം. ചലച്ചിത്ര അഭിനയ ചരിത്രത്തിലെ അത്യപൂർവവും വിസ്മയകരവുമായ ഭാവാവിഷ്കാര മികവെന്നാണ് ജൂറി മമ്മൂട്ടിയുടെ പ്രകടനത്തെ വിലയിരുത്തിയത്.

1981 ൽ അഹിംസ എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള പുരസ്കാരം നേടിയ മമ്മൂട്ടി, യാത്ര, നിറക്കൂട്ട് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രത്യേക പരാമർശത്തിനും അർഹനായിട്ടുണ്ട്.

മമ്മൂട്ടി തന്നെ പലകുറി പറഞ്ഞ പോലെ , ഓരോ തവണയും തേച്ചുമിനുക്കിയാൽ കൂടുതൽ തിളക്കത്തോടെ വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന നടനാണ് മമ്മൂട്ടി, എഴുപത്തി മൂന്നാം വയസിലും റോഷാക്കിലും നൻപകലിലും പുഴുവിലും പകർന്നാടിയ പോലെ, ഇനിയുള്ള കാലവും മമ്മൂട്ടി നടനെന്ന നിലയിൽ പ്രേക്ഷകരെ വിസ്മയിപ്പിക്കും, പുരസ്കാരങ്ങളും തേടിയെത്തും

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ