നെറ്റ്ഫ്‌ളിക്‌സിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ സമ്മാനിച്ച വെബ് സീരീസ് സ്ക്വിഡ് ഗെയിം രണ്ടാം ഭാഗവുമായെത്തുന്നു. 2021 കോവിഡ് കാലത്തായിരുന്നു സീരിസിന്റെ ആദ്യ ഭാഗത്തിന്റെ സ്ട്രീമിങ്. മൂന്ന് വർഷങ്ങൾക്ക് ശേഷം 2024 ഡിസംബർ 26 ന് സ്‌ക്വിഡ് ഗെയിം സീസൺ 2 പ്രീമിയർ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ നെറ്റ്ഫ്ലിക്സ്. സീസൺ-2ന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് നെറ്റിഫ്ലിക്സ്. സീസൺ ഒന്നിന്റെ അവസാനത്തിൽ നിന്നാണ് പുതിയ സീസണിന്റെ ടീസർ തുടങ്ങുന്നത്. സീരിസിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിയോങ് ജി-ഹുന്നിനെ കാണിച്ചുകൊണ്ടാണ് ടീസറിന്റെ ആരംഭം. ‘ഗെയിം ഒരിക്കലും അവസാനിക്കുന്നില്ല. നിങ്ങള്‍ കളിക്കാന്‍ തയ്യാറാണോ?’ എന്ന ക്യാപ്ഷനോടെയാണ് ടീസറെത്തിയിരിക്കുന്നത്.
സീരീസിനെതിരെ കോപ്പിയടി ആരോപണവുമായി ഇന്ത്യൻ സംവിധായകൻ സോഹം ഷാ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 2009 ൽ റിലീസ് ചെയ്ത തന്റെ ഹിന്ദി ചിത്രം ലക്കിന്റെ കോപ്പിയടിയാണ് ചിത്രമെന്നായിരുന്നു സോഹം ഷായുടെ ആരോപണം. തന്റെ സിനിമയുടെ തീം കോപ്പിയടിച്ചാണ് കൊറിയൻ എഴുത്തുകാരൻ ഹ്വാങ് ഡോങ് ഹ്യൂക്ക് സ്‌ക്വിഡ് ഗെയിം സീരിസിന് തിരക്കഥ ഒരുക്കിയതെന്നാണ് സോഹം ഷായുടെ വാദം. സാമ്പത്തിക നേട്ടത്തിനായി ഒരുകൂട്ടം ആളുകൾ വെല്ലുവിളി നിറഞ്ഞ ഗെയിമുകളിൽ പങ്കെടുക്കുന്നതും ഈ ഗെയിമുകൾ പങ്കെടുക്കുന്നവരുടെ ജീവൻ എടുക്കുന്നതുമായിരുന്നു ലക്ക് എന്ന സിനിമയുടെ പ്രമേയം. ഒരോ കളിക്കാരൻ മരിക്കുമ്പോഴും ജീവിച്ചിരിക്കുന്ന മത്സരാർഥികൾക്കുള്ള സമ്മാനതുക വർധിക്കുമായിരുന്നു. ഇതേ പ്രമേയം തന്നെയാണ് സ്ക്വിഡ് ഗെയിമിന്റേതും. സഞ്ജയ് ദത്ത്, ഇമ്രാൻ ഖാൻ, ശ്രുതി ഹാസൻ, മിഥുൻ ചക്രവർത്തി തുടങ്ങിയവരായിരുന്നു ലക്കിൽ പ്രധാനവേഷത്തിലെത്തിയത്. എന്നാൽ തികച്ചും അടിസ്ഥാന രഹിതമായ ആരോപണം എന്നായിരുന്നു വിഷയത്തിൽ നെറ്റ്ഫ്ലിക്സിന്റെ പ്രതികരണം.
ചിത്രത്തിന്റെ സീസൺ 2 റിലീസിനെത്തുന്നതിനേട് അനുബന്ധിച്ച് ഒരു മിനിറ്റിൽ താഴെ മാത്രം ദൈർഘ്യമുള്ള ടീസറാണ് ഇപ്പോൾ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിരിക്കുന്നത്. ആദ്യ സീസണിൽ ലീ ജുങ് ജാ അണിഞ്ഞ അതേ 456ാം നമ്പർ ജേഴ്സി തന്നെയാണ് സീസൺ രണ്ടിലും അദ്ദേഹം ധരിച്ചിരിക്കുന്നത്. മരണക്കളിയുടെ തുടർച്ചയിൽ ഇക്കുറിയും ലീ ജുങ് ജാ ഉണ്ടാവുമെന്നതിന്റെ സൂചന നൽകുന്നതാണ് ടീസർ. 2021 സെപ്റ്റംബറിൽ റിലീസിന് ശേഷമുള്ള ആദ്യ മാസം 1.65 ബില്യണിലധികം കാഴ്ചക്കാരായിരുന്നു സ്ക്വിഡ് ഗെയിമിനെ സ്വാഗതം ചെയ്തത്.