ENTERTAINMENT

'മോഹന്‍ലാല്‍ മികച്ച നടനെന്ന് പറഞ്ഞത് മമ്മൂട്ടിയുടെ വിരോധത്തിന് കാരണം; ലാല്‍ കാരണം വീട് വിറ്റു' : ശ്രീകുമാരന്‍ തമ്പി

സംവിധായകരായിരുന്നു താരങ്ങളെ സൃഷ്ടിച്ചിരുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും നേർവിപരീതമായാണ് മലയാള സിനിമയില്‍ പ്രവർത്തിക്കുന്നതെന്ന് വിമർശനം

വെബ് ഡെസ്ക്

മലയാള സിനിമയിലെ താരാധിപത്യ വ്യവസ്ഥിതിയെ വിമർശിച്ച് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. സൂപ്പർസ്റ്റാറുകള്‍ സിനിമയെ നിയന്ത്രിക്കുന്ന രീതി കൊണ്ടുവന്നത് മമ്മൂട്ടിയും മോഹന്‍ലാലുമാണെന്ന് അദ്ദേഹം പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് സൂപ്പർതാരങ്ങള്‍ക്കെതിരെ ശ്രീകുമാരന്‍ തമ്പി ആരോപണങ്ങള്‍ ഉന്നയിച്ചത്. താരാധിപത്യത്തിന് പിന്നില്‍ മോഹന്‍ലാലും മമ്മൂട്ടിയുമാണെന്ന് മുന്‍പും അദ്ദേഹം വിമർശനമുന്നയിച്ചിട്ടുണ്ട്.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ തീയേറ്ററുകള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയപ്പോള്‍ സിനിമ നിർമിക്കുന്നത് അവസാനിപ്പിച്ചെന്ന് ശ്രീകുമാരന്‍ തമ്പി പറയുന്നു. മുന്‍പ്, കെ എസ് സേതുമാധവന്റെയും വിന്‍സെന്റിന്റെയും സിനിമ കാത്തിരുന്നവർ താരങ്ങളെ ആവശ്യപ്പെടാന്‍ തുടങ്ങിയതോടെ ആ സംവിധായകർ സിനിമയെടുക്കുന്നത് അവസാനിപ്പിച്ചു. പ്രേംനസീർ, ജയന്‍, സോമന്‍, സുകുമാരന്‍ തുടങ്ങിയ മികച്ച നടന്മാരാരും സൂപ്പർസ്റ്റാർ മേല്‍ക്കോയ്മ സൃഷ്ടിച്ചിട്ടില്ല. സംവിധായകരായിരുന്നു താരങ്ങളെ സൃഷ്ടിച്ചിരുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും നേർവിപരീതമായാണ് മലയാള സിനിമയില്‍ പ്രവർത്തിക്കുന്നതെന്നും ശ്രീകുമാരന്‍ തമ്പി വിമർശിച്ചു.

ആറ് മാസത്തിനിടെ എനിക്കൊപ്പം ഒരു പടം ചെയ്യാമെന്ന് അന്ന് മോഹന്‍ലാല്‍ വാക്ക് തന്നു. ആ വാക്ക് പാലിച്ചില്ല
ശ്രീകുമാരന്‍ തമ്പി

മമ്മൂട്ടിയും മോഹന്‍ലാലും കാരണം സിനിമാലോകത്ത് നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നെന്നും അഭിമുഖത്തില്‍ ആരോപിക്കുന്നുണ്ട്. മമ്മൂട്ടിയെ സിനിമയില്‍ പ്രധാനവേഷത്തില്‍ അവതരിപ്പിച്ചത് ശ്രീകുമാരന്‍ തമ്പിയായിരുന്നു.' മുന്നേറ്റം'എന്ന ആ ചിത്രത്തില്‍ പരിഭ്രമത്തോടെ അഭിനയിക്കാനെത്തിയ മമ്മൂട്ടിയെ അദ്ദേഹം ഓർമിക്കുന്നു. എന്നാല്‍, 'വിളിച്ചു വിളികേട്ടു'എന്ന അടുത്ത ചിത്രത്തിന്റെ ചർച്ചകള്‍ നടക്കുമ്പോള്‍ ഛായാഗ്രാഹകന്‍ ധനഞ്ജയനെ മാറ്റി ഹിറ്റ് ക്യാമറാമാനെ പരീക്ഷിക്കണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടു. മമ്മൂട്ടിക്ക് പകരം മറ്റൊരാളെ നായകനാക്കിയാല്‍ താരത്തിന് എന്തുതോന്നുമെന്ന് ചോദിച്ച ശ്രീകുമാരന്‍ തമ്പി ആ നിർദേശം നിരസിച്ചു. ഈ സംഭവത്തിന് ശേഷം മമ്മൂട്ടി ഡേറ്റ് തന്നിട്ടില്ലെന്ന് ശ്രീകുമാരന്‍ തമ്പി പറയുന്നു.

മമ്മൂട്ടിയും ശ്രീകുമാരന്‍ തമ്പിയും

മോഹന്‍ലാലിനെതിരെയും രൂക്ഷ വിമർശനമാണ് അഭിമുഖത്തില്‍ ഉന്നയിക്കുന്നത്. വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ചിരുന്ന മോഹന്‍ലാലിനെ നായകനായി ആദ്യം പരിഗണിച്ചത് 1982ല്‍ ശ്രീകുമാരന്‍ തമ്പിയുടെ 'എനിക്കും ഒരു ദിവസം' എന്ന സിനിമയിലായിരുന്നു. എന്നാല്‍, സിനിമ പരാജയപ്പെട്ടു. പിന്നീട്, പ്രേംനസീർ, മധു, മോഹന്‍ലാല്‍ എന്നിവരെ നായകന്മാരാക്കി ആധിപത്യം എന്ന സിനിമയെടുക്കാന്‍ ചർച്ചകള്‍ തുടങ്ങി. എന്നാല്‍, വിതരണക്കാർ മോഹന്‍ലാലിനെ മാറ്റി മമ്മൂട്ടിയെ നായകനാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും താനത് നിരസിച്ചു. മോഹന്‍ലാലിനൊപ്പമുള്ള മൂന്നാമത്തെ ചിത്രം യുവജനോത്സവം ഹിറ്റ് പട്ടികയിലിടം പിടിച്ചു. ആറ് മാസത്തിനിടെ തനിക്കൊപ്പം ഒരു പടം ചെയ്യാമെന്ന് അന്ന് മോഹന്‍ലാല്‍ വാക്ക് തന്നു. അത് വിശ്വസിച്ച് വീടുവിറ്റ് താനൊരു സിനിമ വിതരണ കമ്പനിക്ക് തുടക്കമിട്ടു. ഇന്ന് 17കോടി രൂപ വില വരുമായിരുന്ന വീട് വെറും 11 ലക്ഷം രൂപയ്ക്കാണ് വിറ്റത്. എന്നാല്‍, മോഹന്‍ലാല്‍‌ വാക്ക് പാലിച്ചില്ല. പിന്നീട് സിനിമയ്ക്ക് ഡേറ്റ് തന്നില്ല.

മോഹന്‍ലാല്‍ മികച്ച നടനാണെന്ന് പറഞ്ഞതാണ് മമ്മൂട്ടിക്ക് തന്നോടുള്ള വിരോധത്തിന് കാരണം
ശ്രീകുമാരന്‍ തമ്പി
മോഹന്‍ലാലിനൊപ്പം ശ്രീകുമാരന്‍ തമ്പി

മോഹന്‍ലാല്‍ മികച്ച നടനാണെന്ന് പറഞ്ഞതാണ് മമ്മൂട്ടിക്ക് തന്നോടുള്ള വിരോധത്തിന് കാരണമെന്നും ശ്രീകുമാരന്‍ തമ്പി ആരോപിക്കുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളായ 'ഒരു വടക്കന്‍ വീരഗാഥ','കിരീടം'എന്നിവ പരിഗണനയ്ക്കെത്തിയ സമയത്ത് ദേശീയ ചലച്ചിത്ര അവാര്‍ഡിന്റെ ജൂറിയില്‍ ശ്രീകുമാരന്‍ തമ്പിയുണ്ടായിരുന്നു. നാല് കമ്മിറ്റികളില്‍ തന്റേതുള്‍പ്പെടെ മൂന്നെണ്ണം മോഹന്‍ലാലിനെ പിന്തുണച്ചു. കെ ജി ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള സമിതി മാത്രമാണ് മമ്മൂട്ടിയെ പിന്തുണച്ചത്. ജോർജ്, മമ്മൂട്ടിക്ക് വാക്ക് കൊടുത്തിരുന്നത് പോലെയായിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ചലച്ചിത്രപ്രവർത്തകരുമായി നല്ല ബന്ധമുണ്ടായിരുന്ന ജോർജ് ഒരു പാർട്ടി നടത്തുകയും പിറ്റേന്ന് ജൂറി അംഗങ്ങള്‍ പലരും നിലപാട് മാറ്റുകയും ചെയ്തു. മമ്മൂട്ടിക്ക് 11ഉം മോഹന്‍ലാലിന് അഞ്ച് വോട്ടുകളുമാണ് അന്ന് ലഭിച്ചത്. മോഹന്‍ലാലിന് പ്രത്യേക ജൂറി അവാര്‍ഡ് നല്‍കണമെന്ന് താന്‍ ആവശ്യപ്പെട്ടു. മമ്മൂട്ടിയോട് വിരോധമോ മോഹന്‍ലാലിനോട് പ്രത്യേക മമതയോ അല്ലായിരുന്നു അതിന് കാരണം. ശ്രീകുമാരന്‍ തമ്പി പറയുന്നു.

മൂന്നാം തവണയും ജൂറി അംഗമായപ്പോളായിരുന്നു മോഹന്‍ലാലിന്‍റെ 'ഭരതം' പരിഗണനയ്ക്കെത്തിയത്. സൗമിത്ര ചാറ്റർജിയും മോഹന്‍ലാലും തമ്മിലായിരുന്നു മത്സരം.അടൂര്‍ ഗോപാലകൃഷ്ണനായിരുന്നു അന്ന് ജൂറി ചെയര്‍മാന്‍. അദ്ദേഹം മമ്മൂട്ടിയെ പിന്തുണക്കുന്ന ആളായിരുന്നു. അന്നും താന്‍ ലാലിനെയാണ് പിന്തുണച്ചത്. മോഹന്‍ലാലിനെ മികച്ച നടനായി തിരഞ്ഞെടുത്തു. ഇത് മമ്മൂട്ടിക്ക് തന്നോടുള്ള വിരോധം വര്‍ധിപ്പിച്ചു. പക്ഷെ തന്റെ വീട് നഷ്ടപ്പെടാന്‍ കാരണം മോഹന്‍ലാലാണ്. പ്രതികാരം ചെയ്യാനായിരുന്നെങ്കില്‍ ആ അവാർഡ് മോഹന്‍ലാലിന് ലഭിക്കില്ലായിരുന്നുവെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി