സെറ്റിൽ മോശമായി പെരുമാറിയതിന്റെ പേരിൽ യുവതാരങ്ങളായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും വീണ്ടും വിലക്ക്. സെറ്റിൽ പ്രശ്നമുണ്ടാക്കുന്ന താരങ്ങളെ ഇനിയും സഹിക്കാനാകില്ലെന്ന് നിർമാതാക്കൾ. താരസംഘടനയായ അമ്മ കൂടി പങ്കെടുത്ത യോഗത്തിലാണ് ഫെഫ്കയുടെ തീരുമാനം. മയക്കുമരുന്ന് ഉപയോഗിക്കുന്ന താരങ്ങളുമായി സഹരിക്കേണ്ടെന്നും യോഗത്തിൽ ധാരണയായി. നഷ്ടപരിഹാരം ബുദ്ധിമുട്ടുണ്ടാക്കുന്ന താരങ്ങളിൽ നിന്ന് ഈടാക്കുമെന്നും ഫെഫ്ക വ്യക്തമാക്കി . നിർമാതാക്കളുടെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് യോഗത്തിൽ പങ്കെടുത്ത അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവും പറഞ്ഞു.
നിർമാതാവ് സോഫിയ പോളിന്റെ ആർഡിഎക്സ് എന്ന ചിത്രത്തിന്റെ സെറ്റിൽ പ്രശ്നമുണ്ടാക്കിയതിനാണ് ഷെയ്ൻ നിഗത്തെ വിലക്കിയത്. ഷെയ്ൻ നിഗം നായകനാകുന്ന കുർബാനി ചിത്രത്തിന്റെ ഡബ്ബിങും പൂർത്തിയാക്കിയിട്ടില്ല
ശ്രീനാഥ് ഭാസി ഏതൊക്കെ സിനിമകൾക്ക് വേണ്ടി കരാർ ഒപ്പിടുന്നു എന്ന് അദ്ദേഹത്തിന് തന്നെ അറിയില്ലെന്നും നിർമാതാക്കൾ കുറ്റപ്പെടുത്തുന്നു. ശ്രീനാഥ് ഒരു സെറ്റിലും സമയത്തിന് എത്താറില്ലെന്നും ഫെഫ്ക ഭാരവാഹികൾ പറഞ്ഞു
പെരുമാറ്റ ദൂഷ്യത്തിന്റെ പേരിൽ മുൻപും ഇരുവരും വിലക്ക് നേരിട്ടിടുണ്ട്. ഉല്ലാസം , വെയിൽ എന്നീ ചിത്രങ്ങളുടെ സെറ്റിൽ പ്രശ്നമുണ്ടാക്കിയതിനും സമയത്ത് ചിത്രീകരണം പൂർത്തിയാക്കാത്തതിനും, സംവിധായകന്റെയോ നിർമാതാവിന്റെയോ അനുവാദമില്ലാതെ ചിത്രത്തിനായി സെറ്റ് ചെയ്തിരുന്ന ലുക്ക് മാറ്റിയതിനുമായിരുന്നു ഷെയ്ൻ നേരത്തെ വിലക്ക് നേരിട്ടത്. തുടർന്ന് അമ്മ അടക്കമുള്ള സംഘടനകൾ ചർച്ച നടത്തിയാണ് പ്രശ്നങ്ങൾ പരിഹരിച്ചത്
ഓൺലൈൻ ചാനൽ അവതാരകയോട് മോശമായി പെരുമാറിയതിന്റെ പേരിലായിരുന്നു ശ്രീനാഥ് ഭാസിക്ക് നടപടി നേരിടേണ്ടി വന്നത്. അവതാരകയുടെ പരാതിയിൽ മരട് പോലീസ് കേസെടുത്തിരുന്നു. എന്നാൽ പിന്നീട് അവതാരകയോട് മാപ്പ് പറഞ്ഞ് പ്രശ്നം പരിഹരിച്ചതിനെ തുടർന്നാണ് അന്ന് വിലക്ക് പിൻവലിച്ചത്