ക്രിസ്മസിന് തീയേറ്ററുകളിൽ ഏറ്റുമുട്ടാനൊരുങ്ങി ഷാരൂഖ് ഖാൻ ചിത്രം 'ഡങ്കി'യും പ്രഭാസിന്റെ പാൻ ഇന്ത്യൻ ചിത്രം 'സലാറും'. നേരത്തെ സെപ്തംബർ 28ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചിരുന്നു. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇരു ചിത്രങ്ങളും ഡിസംബർ 22ന് തീയേറ്ററുകളിൽ എത്തും. ഡങ്കി ക്രിസ്മസിന് റിലീസ് ചെയ്യുമെന്ന് ഷാരൂഖ് ഖാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
റിലീസ് വാർത്ത സ്ഥിരീകരിച്ചുകൊണ്ട്, ട്രേഡ് അനലിസ്റ്റായ തരൺ ആദർശ് സമൂഹ മാധ്യമങ്ങളിൽ വിവരം പങ്കുവച്ചിരുന്നു.
"അതെ, സത്യമാണ്... ഈ ക്രിസ്‌മസിന് SRK Vs പ്രഭാസ്, ഡങ്കി Vs സലാർ... #സലാർ ഈ ക്രിസ്‌മസിന് (22 ഡിസംബർ 2023ന്) എത്തുമെന്ന് പ്രദർശകർ മെയിൽ വഴി അറിയിച്ചിട്ടുണ്ട്.... നിർമ്മാതാക്കളായ #ഹോംബാലെ ഫിലിംസിന്റെ ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച നടക്കും( 29 സെപ്തംബർ 2023)"
റിലീസ് വൈകുന്നത് സംബന്ധിച്ച് നിരവധി പ്രതികരണങ്ങളാണ് പ്രചരിക്കുന്നത്, ഈ വർഷം ചിത്രം റിലീസ് ചെയ്തേക്കില്ല എന്ന റിപ്പോർട്ടുകൾ വരെ പ്രചരിച്ചിരുന്നു. വിഎഫ്‌എക്‌സ് വർക്കുകൾ കാരണമാണ് സെപ്റ്റംബറിൽ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചത്. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് സലാർ, അതിന്റെ മുഖ്യ കാരണം പ്രശാന്ത് നീൽ തന്നെയാണ്. കെജിഎഫ് പോലെ ബ്രഹ്‍മാണ്ഡ ചിത്രമൊരുക്കിയ പ്രശാന്ത് നീൽ പ്രഭാസുമായി ഒന്നിക്കുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് റിലീസിനൊരുങ്ങുന്നത്. രണ്ട് ഭാഗങ്ങളുള്ള ചിത്രത്തിന്റെ ആദ്യഭാഗം, 'സലാർ പാർട്ട് വൺ; സീസ് ഫയർ' എന്നാണ് പേരിട്ടിരിക്കുന്നത്. പൃഥ്വിരാജും ചിത്രത്തിൽ ഒരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ആദിപുരുഷ് ആണ് ഇതിനു മുൻപിറങ്ങിയ പ്രഭാസ് ചിത്രം. കെജിഎഫും കാന്താരയുമുൾപ്പടെ നിർമ്മിച്ച ഹോംബാലെ ഫിലിംസ് ആണ് പാൻ ഇന്ത്യൻ തലത്തിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമ്മാണം.
പികെ, ത്രീ ഇഡിയറ്റ്സ്, മുന്നാഭായി എംബിബിഎസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളൊരുക്കിയ ബോളിവുഡിലെ എക്കാലത്തെയും മികച്ച സംവിധായകൻ രാജ്‌കുമാർ ഹിറാനിയും ഷാരൂഖാനും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ഡങ്കി. തപ്‌സി പന്നുവാണ് നായിക. വിക്കി കൗശലും ചിത്രത്തിൽ ഒരു മുഖ്യ വേഷം ചെയ്യുന്നുണ്ട്.
രാജ്‌കുമാർ ഹിറാനിയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ അഭിനയിക്കുന്നു എന്ന സവിശേഷത ഉള്ളതിനാൽ വലിയ പ്രതീക്ഷയിലാണ് ഷാരൂഖ് ഖാൻ ആരാധകർ. ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ റിലീസായ 'ജവാൻ' ബോക്‌സ് ഓഫീസിൽ റെക്കോർഡ് നേട്ടം കൊയ്യുകയാണ്, പഠാനു പുറകെ 1000 കോടി എന്ന നേട്ടം കൈവരിച്ചാണ് ജവാന്റെ മുന്നേറ്റം. തുടർച്ചയായി രണ്ടു ചിത്രങ്ങൾ ആയിരം കോടി ക്ലബിലെത്തുന്ന ഏക താരമെന്ന നേട്ടവും ഷാരൂഖ് സ്വന്തമാക്കിയിരുന്നു.
ഷാരൂഖ് ഖാനെ സംബന്ധിച്ചടത്തോളം ഈ ഏറ്റുമുട്ടൽ നിർണ്ണായകമാണ്. കാരണം, ഇതിനു മുൻപ് പ്രശാന്ത് നീലിന്റെ കെജിഎഫുമായി ഏറ്റുമുട്ടിയ ഷാരൂഖ് ഖാൻ ചിത്രം 'സീറോ' വൻ പരാജയമായിരുന്നു. 2018ൽ പുറത്തിറങ്ങിയ കെജിഎഫ് വിവിധ റെക്കോഡുകൾ തകർത്ത് വലിയ വിജയം കരസ്ഥമാക്കുകയും ചെയ്തിരുന്നു. അതുകൊണ്ട്, ഒരു വട്ടം കൂടി ഇരുവരുടെയും സിനിമകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ ആര് വിജയിക്കും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.
തമിഴിൽ നിന്ന് ധനുഷിന്റെ 'ക്യാപ്റ്റൻ മില്ലറും', മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ ആദ്യ സംവിധാന ചിത്രം 'ബറോസും' ക്രിസ്മസ് റിലീസിനൊരുകുന്ന ചിത്രങ്ങളാണ്.