ENTERTAINMENT

വയനാടിന് വേണ്ടി കൈകോർക്കാം; ജാ​​ഗ്രതാ നിർദേശങ്ങളുമായി സിനിമാ പ്രവർത്തകർ

വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് ദുരന്തം വിതച്ച് വന്‍ ഉരുള്‍പൊട്ടലുണ്ടായത്.

ദ ഫോർത്ത് - കൊച്ചി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്നും രക്ഷാപ്രവർത്തകർക്ക് വേണ്ട സഹായം ഒരുക്കണമെന്നും ആവശ്യപ്പെട്ട്‌ സിനിമ പ്രവർത്തകർ. വയനാട് ജില്ലാ ഭരണകൂടത്തിൻ്റെ അറിയിപ്പുകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചുകൊണ്ടാണ് താരങ്ങളുടെ അഭ്യർഥന.

വയനാടിനായി പ്രാർഥന മാത്രം പോരെന്നും നമ്മൾ ഓരോരുത്തരും ഒന്നായി നിന്ന് പ്രവർത്തിക്കണമെന്നുമായിരുന്നു നടനും സംവിധായകനുമായ നാദിർഷയുടെ വാക്കുകൾ. രക്ഷാപ്രവർത്തകർക്ക് വേണ്ട സഹായം ഒരുക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണെന്നും ദുരന്തത്തെ നേരിടാൻ നമ്മെകൊണ്ട് കഴിയുന്നതൊക്കെ ചെയ്യാൻ ഓരോരുത്തരും ശ്രമിക്കണമെന്നും നടൻ ഉണ്ണി മുകുന്ദൻ കുറിച്ചു.

''വയനാട് ജില്ലയിൽ നിന്നുള്ള രക്ഷാ പ്രവർത്തകർക്കു അപകട ബാധിതരേയും കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുള്ള യാത്ര സുഖമമാക്കാൻ ഏവരും സഹകരിക്കുക. അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കുക. ഒരുമിച്ചു അതിജീവിക്കാം,'' എന്നായിരുന്നു ഷെയിൻ നിഗത്തിന്റെ പോസ്റ്റ്.

കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തിൽ സുരക്ഷയും ജാഗ്രതയും പാലിക്കാൻ ശ്രമിക്കുക, സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുകയും യാത്രകൾ പരമാവധി ഒഴിവാക്കുകയും ചെയ്യുക. തെറ്റായ വാർത്തകൾ അറിയാതെ പോലും പ്രചരിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക തുടങ്ങിയ മുൻകരുതലുകൾ നൽകിക്കൊണ്ട് മമ്മൂട്ടിയും മോഹൻലാലും മഞ്‍ജു വാര്യരും ഉൾപ്പടെയുള്ള താരങ്ങൾ നേരത്തെ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു.

''സ്വപ്നങ്ങളിൽ പോലും സങ്കൽപ്പിക്കാത്ത ദുരന്തമാണ് വയനാട്ടിലെ ചൂരൽമലയിലുണ്ടായതെന്നും ​ദുരന്തഭൂമിയിൽ നിന്നുള്ള നടുക്കുന്ന ദൃശ്യങ്ങൾ വേദനയോടെ മാത്രമേ കാണാൻ കഴിയുന്നുള്ളൂവെന്നും സംവിധായകൻ പത്മകുമാർ പ്രതികരിച്ചു. ജാതി മത വർഗ്ഗ ഭാഷാ ഭേദങ്ങളില്ലാതെ ദുരന്തഭൂമിയിൽ കയ്യും മെയ്യും മറന്നു പൊരുതുന്ന ഓരോരുത്തർക്കും ഒപ്പം നമ്മൾ ഒറ്റക്കെട്ടായി ഒരു മനസ്സായി നിൽക്കുന്നു. ജീവൻ തിരിച്ചു പിടിക്കാനാവില്ലെങ്കിലും പറ്റുന്നിടത്തോളം ജീവിതങ്ങൾ നമ്മൾ തിരിച്ചുപിടിക്കും. പ്രളയ കാലത്തെ അതിജീവിക്കാൻ ഒന്നിച്ചു നിന്നു പൊരുതിയ ആ ഐക്യകേരളം നമ്മൾക്കു മുന്നിലിതാ ഒരിക്കൽ കൂടി ഉണർന്നെഴുന്നേൽക്കുന്നു. അഭിവാദ്യങ്ങൾ അർപ്പിക്കുന്നതോടൊപ്പം ആത്മാവിൽനിന്നും ഐക്യദാർഡ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഒരുപാട് ദുരന്തങ്ങൾ കണ്ടവരും അനുഭവിച്ചവരുമാണ് നമ്മൾ മലയാളികൾ. പക്ഷെ ഏറ്റവും ഭീതിദമായ സ്വപ്നങ്ങളിൽ പോലും സങ്കൽപ്പിക്കാത്ത, സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിലെ ചൂരൽമലയിലുണ്ടായത്. മരണസംഖ്യ നൂറിലും കവിഞ്ഞിരിക്കുന്ന വാർത്തയും ദുരന്തഭൂമിയിലെ നടുക്കുന്ന ദൃശ്യങ്ങളും കരൾ നുറുങ്ങുന്ന വേദനയോടെയോ കാണാൻ കഴിയുന്നുള്ളു. നഷ്ടങ്ങൾ എല്ലാം നഷ്ടങ്ങൾ തന്നെയാണ്; നൂറുകണക്കിനു ജീവിതങ്ങൾ പോലെ തിരിച്ചു പിടിക്കാനാവാത്തതാണ്, ഒരു ജീവിതകാലം കഠിനാദ്ധ്വാനം ചെയ്തു നേടിയതെല്ലാം ഒറ്റ രാത്രി കൊണ്ട് ഒന്നുമില്ലാതായി തീർന്ന മനുഷ്യാവസ്ഥയും. എങ്കിലും സംഭവിച്ച മറ്റെല്ലാ ദുരന്തങ്ങളെയും പോലെ ഇതിനെയും അതിജീവിക്കാനുള്ള കഠിനശ്രമത്തിലാണ് നമ്മൾ ഇപ്പോഴും,'' എന്നായിരുന്നു പദ്മകുമാറിന്റെ കുറിപ്പ്.

തമിഴ് നടൻ വിജയും സോഷ്യൽ മീഡിയയിലൂടെ വയനാടിന് അനുശോചനം അറിയിച്ച് രം​ഗത്തെത്തിയിരുന്നു. സംഭവത്തിൽ അ​ഗാധമായ ദുഃഖമുണ്ടെന്നും തന്റെ പ്രാർഥനകൾ ദുഃഖിതരായ കുടുംബങ്ങൾക്ക് ഒപ്പമാണെന്നും ആവശ്യമായ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും യുദ്ധകാലാടിസ്ഥാനത്തിൽ നൽകണമെന്ന് സർക്കാർ അധികാരികളോട് അഭ്യർഥിക്കുന്നു എന്നും വിജയ് പറഞ്ഞിരുന്നു. നടന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഔദ്യോ​ഗിക എക്സ് പേജിലൂടെയായിരുന്നു പ്രതികരണം.

വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് ദുരന്തം വിതച്ച് വന്‍ ഉരുള്‍പൊട്ടലുണ്ടായത്. പുലര്‍ച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി രണ്ട് തവണയാണ് ഉരുള്‍പൊട്ടിയത്.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍