54 -ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ തികച്ചും അപ്രതീക്ഷിതമായിരുന്നു മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിടല്‍. ഉര്‍വശിക്ക് അവാര്‍ഡ് ഉറപ്പിച്ചിരുന്നെങ്കിലും ആരും ശ്രദ്ധിക്കാതെ പോയ പേരാണ് ബീനാ ആര്‍ ചന്ദ്രനും തടവെന്ന ചിത്രവും. പരൂതൂര്‍ സ്‌കൂളിലേക്ക് പതിവ് പോലെ രാവിലെ പഠിപ്പിക്കാന്‍ പോയ ബീനയോ സഹപ്രവര്‍ത്തകരോ പോലും പ്രതീക്ഷിച്ചുമില്ല ഈ നേട്ടം. പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ സ്‌കൂളില്‍നിന്ന് നാടകവേദിയിലേക്കുള്ള ബീനയുടെ പതിവ് യാത്രയ്ക്കും മാറ്റമില്ല. പുരസ്‌കാര നേട്ടത്തിലെ സന്തോഷം വാക്കുകളിലൊതുക്കാനാകുന്നില്ലെന്നാണ് ബീനയുടെ വാക്കുകള്‍.
മോഹമുണ്ടായിരുന്നു പേടിയും
കഴിഞ്ഞ ഐഎഫ്എഫ്കെയില്‍ തടവ് കണ്ടവരെല്ലാം മികച്ച അഭിനയമാണെന്നും പുരസ്‌കാരത്തിന് സാധ്യതയുണ്ടെന്നുമൊക്കെ പറഞ്ഞെങ്കിലും ആഗ്രഹിക്കാന്‍ പേടിയായിരുന്നുവെന്ന് പറയുന്നതാണ് വാസ്തവം. കാരണം ഒരുപാട് കാലമായി ഈ മേഖലയിലുള്ളവരും കഴിവ് തെളിയിച്ചവരുടേയുമൊക്കെ ചിത്രങ്ങള്‍ മത്സരിക്കുന്നതല്ലേ? അപ്പോഴും മനസില്‍ ഒരു മോഹം സൂക്ഷിച്ചിരുന്നുവെന്നതും സത്യമാണ്. ഇപ്പോള്‍ ആ സത്യം യാഥാര്‍ഥ്യമായപ്പോള്‍ പറയാനാകാത്ത സന്തോഷമാണ്. എങ്ങനെ പ്രകടിപ്പിക്കണമെന്ന് പറയാനാകുന്നില്ല.
ബീനയെ കണ്ട് സംവിധായകന്‍ ഫാസില്‍ റസാഖ് എഴുതിയ തടവും ഗീതയും
ചെറുപ്പം മുതല്‍ നാടകവേദികളില്‍ സജീവമാണ്. ഇതിനിടയില്‍ തടവ് എന്ന ചിത്രത്തിന്റെ സംവിധായകന്റെ രണ്ട് ഷോട്ട് ഫിലിമിലും അഭിനയിച്ചിരുന്നു. അതിര്, പിറ, എന്നീ ഹ്രസ്വചിത്രങ്ങള്‍ക്ക് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. അതിനുശേഷമാണ് ഒരു തിരക്കഥയുണ്ട് വായിച്ച് നോക്കാമോ എന്ന് സംവിധായകന്‍ ഫാസില്‍ റസാഖ് എന്നോട് ചോദിക്കുന്നത്. ചേച്ചിയെ മനസില്‍ കണ്ടെഴുതിയ തിരക്കഥായണെന്നാണ് പറഞ്ഞത്. തിരക്കഥ വായിച്ചപ്പോള്‍ ശരിക്കും ആശങ്കയുണ്ടായിരുന്നു. കാരണം ഗീത എന്ന എന്റെ കഥാപാത്രമാണ് ആ സിനിമയുടെ നട്ടെല്ല്്. ചെറുതായിട്ടാണെങ്കിലും പാളിയാല്‍ എല്ലാം തീര്‍ന്നു. മാത്രമല്ല വര്‍ഷങ്ങളായി നാടകത്തിലാണ് അഭിനയിക്കുന്നത്. എന്നാല്‍ അതിന്റെയൊന്നും ഈ കഥാപാത്രത്തിനാവശ്യമില്ല താനും. നാടകത്തിലെ അഭിനയരീതിയല്ല സിനിമയുടേത്, എന്നെക്കൊണ്ട് പറ്റുമോ എന്ന ആശങ്കയുണ്ടായിരുന്നു. ഫാസില്‍ തന്ന ധൈര്യത്തിലാണ് അഭിനയിച്ചത്. പക്ഷേ നന്നായിട്ടുണ്ടെന്ന് എല്ലാവരും പറഞ്ഞപ്പോള്‍ സന്തോഷമായി.
ഗീതയ്ക്ക് വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍
ചിത്രീകരണത്തിന് മുന്‍പ് തന്നെ ഞങ്ങള്‍ക്ക് വേണ്ടി ഫാസില്‍ ഒരു റിഹേഴ്സല്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. എത്രത്തോളം അഭിനയിക്കണം എങ്ങനെ അഭിനയിക്കണം എന്നൊക്കെ പറഞ്ഞു തന്നു. ആ ക്യാമ്പിലൂടെയാണ് ഗീത രൂപപ്പെട്ടുവന്നത്. കണ്‍ട്രോള്‍ഡ് ആക്ടിങ് ആണ് പിന്തുടര്‍ന്നത്. പിന്നെ സ്വന്തമായി കുറച്ച് ഹോം വര്‍ക്കൊക്കെ നടത്തി. അങ്ങനെ ഗീതയായി. പിന്നെ ഞങ്ങളുടെ നാടായ പരുതൂരിലും പട്ടാമ്പിയിലുമായിട്ടായിരുന്നു ചിത്രീകരണം. അതൊക്കെ ഒരുപാട് സഹായിച്ചു.
നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ അഭിനയിക്കും
തടവായിരുന്നു ആദ്യ ചിത്രം, സുദേവന്റെ ക്രൈം നമ്പറില്‍ ചെറിയൊരു വേഷം ചെയ്തിരുന്നു. പാലക്കാട് ജില്ലാ പഞ്ചായത്തിന് വേണ്ടി എം ജി ശശി സംവിധാനം ചെയ്ത അഭിമാനിനിയിലും അഭിനയിച്ചിട്ടുണ്ട്. വലിയ മോഹങ്ങളില്ല, നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ സിനിമയില്‍ അഭിനയിക്കണം എന്നുണ്ട്. നാടകം തന്നെയാണ് ജീവിതം.
ഒറ്റഞാവല്‍ മരത്തിലെ മുത്തശി
മാധവിക്കുട്ടിയുടെ വേനലിന്റെ ഒഴിവ് എന്ന കഥയെ അടിസ്ഥാനമാക്കി ഒരുക്കിയ ഒറ്റഞാവല്‍ മരം എന്ന നാടകമാണ് ഇന്ന് വേദിയില്‍ അവതരിപ്പിക്കുന്നത്. പരൂതൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് വേദി. അമ്മു എന്ന കഥാപാത്രത്തിന്റെ മുത്തശിയുടെ വേഷമാണ്.